|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയില്‍ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം രണ്ടു വര്‍ഷത്തിനകം 30 ലക്ഷമാകും

Published : 27th March 2018 | Posted By: AAK

ദമ്മാം: സൗദി അറേബ്യയിലെ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം 2020ല്‍ 30 ലക്ഷമായി ഉയരുമെന്ന് റിപോര്‍ട്ട്. കാര്‍ വില്‍പ്പനയിലും മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ്, കാര്‍ ലീസിങ്, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങി നിരവധി മേഖലയില്‍ ഇത് വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രമുഖ ബഹുരാഷ്ട്ര ഓഡിറ്റിങ് സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപേര്‍സ് നടത്തിയ പഠന റിപോര്‍ട്ടില്‍ പറയുന്നു. 2017 സപ്തംബറിലാണ് സൗദി അറേബ്യന്‍ ഭരണകൂടം 2018 ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആയിരക്കണക്കിന് വനിതകളാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുന്നതിനും ടാക്‌സി സേവനത്തിന് സന്നദ്ധരായും രംഗത്ത് വന്നത്. വരും വര്‍ഷങ്ങളില്‍ മോട്ടോര്‍ വാഹന വ്യവസായ രംഗത്തും റോഡ് ഗതാഗത മേഖലയിലും വന്‍ കുതിച്ചു ചാട്ടത്തിന് തീരുമാനം വഴിവെക്കുമെന്ന് വിലയിരുത്തുന്നു. നിരവധി സ്വകാര്യ നിക്ഷേപകര്‍ക്കും അവസരങ്ങള്‍ ലഭിക്കും. രാജ്യത്തിന്റെ വിഷന്‍ 2030ന്റെ ഭാഗമായി സൗദി പൗരന്മാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ പുതിയ റോഡുകളുടെ നിര്‍മാണത്തിനായി മൂലധന നിക്ഷേപവും ഇന്‍ഷൂറന്‍സ് പ്രീമിയങ്ങളുടെ വരുമാനവും വര്‍ധിപ്പിക്കുന്നതാണ് തീരുമാനം. കാര്‍ വില്‍പ്പനയും ലീസിങും യഥാക്രമം 2025 വരെ 9ഉം 4ഉം ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2017-2020 കാലയളവില്‍ മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് വര്‍ഷത്തില്‍ 9 ശതമാനം വളര്‍ച്ച നേടുമെന്നും കരുതുന്നു.

വനിതാ ഡ്രൈവര്‍മാരെ പിന്തുണയ്ക്കാന്‍ ആവശ്യമായ ഡ്രൈവിങ് സ്‌കൂളുകള്‍, ലൈസന്‍സ് വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും രാജ്യമൊട്ടാകെ ഒരുക്കേണ്ടതുണ്ട്. ഇതിലൂടെ പുതിയ നിരവധി തൊഴിലവസരങ്ങളാണ് സൗദി വനിതകളെ കാത്തിരിക്കുന്നത്.  നാളിതുവരെ വാഹനമോടിക്കാന്‍ വിലക്കുണ്ടായിരുന്ന രാജ്യത്ത് വിപ്ലവകരമെന്ന് വിശേഷിപ്പിച്ച തീരുമാനം മൂന്ന് മാസത്തിനകം നടപ്പിലാകുമ്പോള്‍ ഏത് വെല്ലുവിളികളും നേരിടാനുള്ള തയ്യാറെടുപ്പിലാണ് ദശലക്ഷക്കണക്കിന് വരുന്ന രാജ്യത്തെ സ്ത്രീ സമൂഹം. രാജ്യത്ത് സ്ത്രീ-പുരുഷ വിവേചനമില്ലെന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രഖ്യാപനത്തോടൊപ്പം തങ്ങള്‍ക്കായി അനുവദിച്ചു കിട്ടുന്ന പുതു സ്വാതന്ത്ര്യവും അവസരങ്ങളും പ്രയോജനപ്പെടുത്താനുള്ള ആകാംക്ഷയും താല്‍പര്യവും പ്രകടിപ്പിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ ആവേശകരമായ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss