|    Dec 17 Mon, 2018 7:01 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയില്‍ മൂന്നു വര്‍ഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം മറവു ചെയ്തു

Published : 17th November 2018 | Posted By: AAK

ദമ്മാം: മൂന്നു വര്‍ഷത്തോളം സൗദിയിലെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ച മലയാളിയുടെ മൃതദേഹം ഇന്നലെ ദമ്മാമില്‍ മറവു ചെയ്തു. കാസര്‍കോട് ജില്ലയിലെ നീര്‍ച്ചാല്‍ സ്വദേശി കന്നിയാപ്പാടി വീട്ടില്‍ കുഞ്ഞു മുഹമ്മദ് മകന്‍ ഹസൈനാരി(57)ന്റെ മൃതദേഹമാണ് തിരിച്ചറിയാന്‍ കഴിയാത്തതിന്റെ പേരില്‍ വര്‍ഷങ്ങളോളം മറവു ചെയ്യാതെ സൂക്ഷിക്കേണ്ടിവന്നത്. പാസ്‌പോര്‍ട്ടിലും ഇഖാമയിലും മറ്റും രേഖകളിലും കോയമൂച്ചി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് മൃതദേഹം ഇത്രയും കാലം മറവു ചെയ്യാന്‍ താമസിച്ചത്. കോയമൂച്ചി, കടവന്‍പയിക്കാട്ട്, പുവാട്ട് പറമ്പ, പറപ്പൂര്‍, കോഴിക്കോട് എന്നാണ് പാസ്പോര്‍ട്ടിലുണ്ടായിരുന്ന വിവരം. എന്നാല്‍ ഈ പേരും വിലാസവും വ്യാജമായിരുന്നു.

കോബാറില്‍ സൂപര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന ഇയാള്‍ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ നാലിനാണ് കോബാര്‍ അല്‍ ഫഹ്രി ആശുപത്രിയില്‍ മരണപ്പെടുന്നത്. മൃതദേഹം സൗദിയില്‍ മറവു ചെയ്യുന്നതിനോ നാട്ടിലേക്കയക്കുന്നതിനോ വേണ്ടി സ്പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോര്‍ട്ടിലെ വിവരം വ്യാജമാണെന്ന് ബോധ്യമായത്. മൃതദേഹം മറവു ചെയ്യാന്‍ വൈകുന്നതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്പോണ്‍സറുടെ കംപ്യൂട്ടര്‍ സേവനം തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തിരുന്നു. മാസങ്ങളായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വരുന്നതിനാല്‍ ജീവനക്കാര്‍ക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നറിയിച്ച് ആശുപത്രി അധികൃതര്‍ പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇന്ത്യക്കാരനായതിനാല്‍ മൃതദേഹം മറവു ചെയ്യാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങളോളം ഖതീഫ് മോര്‍ച്ചറിയില്‍ തുടരുന്ന കോയമൂച്ചി എന്ന പേരിലുള്ള മൃതദേഹത്തെ കുറിച്ച് പല തവണ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ ജൂലായില്‍ സൗദിയിലും നാട്ടിലും വാര്‍ത്ത നല്‍കി. ഏറെ കാലമായി സൗദി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മലയാളിയുടെ മൃതദേഹത്തെ കുറിച്ച് പടം സഹിതം സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി വാര്‍ത്ത പ്രചചരിച്ചിതോടെ വിവരം ശ്രദ്ധയില്‍ പെട്ട സഹോദരന്‍ അബൂബക്കറാണ് മരിച്ചത് തന്റെ സഹോദരന്‍ ഹസൈനാരിന്റെതാണെന്ന് നാസ് വക്കത്തെ അറിയിച്ചത്. 22 വര്‍ഷം മുമ്പു സൗദിയിലെത്തിയ ഹസൈനാര്‍ 10 വര്‍ഷത്തിലധികമായി നാട്ടില്‍ പോയി വന്നിട്ട്. അവിവാഹിതനാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss