|    May 27 Sat, 2017 8:17 am
FLASH NEWS

സൗദിയില്‍ നിന്നും പതിനൊന്നംഗ സംഘം: സൗദി വനിതകള്‍ക്ക് ഇസ്‌ലാമിക വസ്ത്രവും മെഹ്‌റവും നിര്‍ബന്ധം

Published : 7th August 2016 | Posted By: SMR

ജിദ്ദ: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന സൗദി വനിതാ താരങ്ങള്‍ മല്‍സരവേളയില്‍ ശരീഅത്ത് നിയമം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതു നിര്‍ബന്ധമാക്കി. രക്തബന്ധമുള്ള പുരുഷന്‍ (മെഹ്‌റം) കൂടെയുണ്ടാവണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്‌പോര്‍ട്‌സ് നിര്‍ദേശിച്ചു. തങ്ങളുടെ താരങ്ങളെ സാധാരണ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് സൗദി ഒളിംപിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസിഡന്റും സൗദി ഒളിംപിക് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബിന്‍ മസ്ഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് 11 അത്‌ലറ്റുകളടങ്ങുന്ന സൗദി ഒളിംപിക് പ്രതിനിധിസംഘത്തെ നയിക്കുന്നത്. ഇവരില്‍ നാലു താരങ്ങള്‍ വനിതകളാണ്. സൗദിയില്‍നിന്ന് ഇത്രയും വനിതകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് ഇതാദ്യം.
അത്‌ലറ്റിക്‌സ്, ഷൂട്ടിങ്, ജൂഡോ, ഭാരോദ്വഹനം, ഫെന്‍സിങ് എന്നിവയില്‍ സൗദി താരങ്ങള്‍ മാറ്റുരയ്ക്കും. എല്ലാ രാജ്യത്തുനിന്നും ചുരുങ്ങിയത് ഒരു വനിതയെങ്കിലും പങ്കെടുക്കണമെന്ന് ഏതാനും വര്‍ഷം മുമ്പാണ് നിര്‍ബന്ധമാക്കിയത്.
2010ലെ സിംഗപ്പൂര്‍ യൂത്ത് ഒളിംപിക്‌സില്‍ വെങ്കലം നേടിയ സൗദി സ്പ്രിന്റര്‍ ദല്‍മ മല്‍ഹാസ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗള്‍ഫ് വനിതയാണ്. 2012 ലണ്ടന്‍ ഒളിംപിക് സംഘത്തിലും സൗദിയില്‍നിന്ന് സ്ത്രീസാന്നിധ്യമുണ്ടായിരുന്നു. ഇക്കുറി നാല് വനിതകളും മെഡല്‍ പ്രതീക്ഷയിലാണ്. മാരത്തണ്‍ താരം സാറ അത്തറാണ് ഇവരില്‍ മുന്നില്‍. ലുബ്‌ന അല്‍ ഉമൈര്‍ (ഫെന്‍സിങ്), അബു അല്‍ജദൈല്‍ (100 മീ.), വുജൂദ് ഫഹ്മി (ജൂഡോ) എന്നിവരാണ് മറ്റു വനിതകള്‍. 52 കിലോഗ്രാം ഇനത്തില്‍ മല്‍സരിക്കുന്ന ഫഹ്മി, മാര്‍ച്ചില്‍ അമേരിക്കയില്‍ അരങ്ങേറിയ ശീതകാല ഒളിംപിക്‌സിലെ ഒന്നാംസ്ഥാനക്കാരിയാണ്.
വ്യക്തമായ മുന്നൊരുക്കവും കാഴ്ചപ്പാടുമായാണ് ഇത്തവണ പങ്കെടുക്കുന്നതെന്ന് സൗദി ഒളിംപിക് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസാം അല്‍ ഖുറൈഷി അറിയിച്ചു. കായികസംഘടനകള്‍ക്ക് സാങ്കേതികവും ഭരണപരവുമായ പിന്തുണ ലഭ്യമാക്കിയിട്ടുണ്ട്. മെഡലുകള്‍ നേടി ഒളിംപിക് പോഡിയത്തില്‍ സൗദി പതാക പാറിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. താരി അല്‍ ഉമരി, മുഖ്‌ലിദ് അല്‍ ഉതൈബി (5000 മീ.), അബ്ദുല്ല അബൂബക്കര്‍ (100, 200 മീ.), സുല്‍ത്താന്‍ ദാവൂദി (ഡിസ്‌കസ് ത്രോ), അത്‌ലഹ് അല്‍ എന്‍സി (ഷൂട്ടിങ് 100 മീ.), സുലൈമാന്‍ ഹമ്മദ് (ജൂഡോ), മുഹ്‌സിന്‍ അല്‍ ദഹൈബ് (ഭാരോദ്വഹനം) എന്നിവരാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന പുരുഷതാരങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day