|    May 24 Wed, 2017 2:23 am
FLASH NEWS

സൗദിയില്‍ നിത്വാഖാത് മുസാനിദ് ആരംഭിച്ചു

Published : 20th October 2016 | Posted By: SMR

റിയാദ്: സൗദിയില്‍ നിത്വാഖാത് നിയമപ്രകാരം ചുവപ്പിലും മറ്റു താഴ്ന്ന ഗണത്തിലും ഉള്‍പ്പെട്ട കമ്പനികള്‍ക്കു നിര്‍ത്തിവച്ച മന്ത്രാലയ സേവനങ്ങള്‍ ലഭിക്കുന്നതിനു നിശ്ചിത തുകയടച്ച് പച്ച വിഭാഗത്തിലേക്കു മാറാന്‍ അവസരം നല്‍കുന്ന പദ്ധതി ഇന്നലെ പ്രാബല്യത്തിലായി.
നിത്വാഖാത് മുസാനിദ് എന്നാണു പദ്ധതിയുടെ പേര്. നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും സ്വദേശി ജീവനക്കാരായ ഓരോരുത്തരുടെ പേരിലും അവരുടെ വേതനത്തിന് ആനുപാതികമായ തുക മന്ത്രാലയത്തിനു നല്‍കി ഈ പദ്ധതിയിലൂടെ സേവനം നേടാനാവും.
നിത്വാഖാത് നിയമം പാലിക്കാന്‍ എത്ര സ്വദേശി ജീവനക്കാരുടെ കുറവുണ്ടെന്ന് കണക്കാക്കി ഓരോ സ്വദേശിയുടെയും പകരം ചുരുങ്ങിയത് ഒരു മാസം 3,600 റിയാലാണു നല്‍കേണ്ടത്.
100 ജീവനക്കാരുള്ള ഒരു കമ്പനിയില്‍ 40 ശതമാനം സ്വദേശികളെയാണു നിയമിക്കേണ്ടത്. എന്നാല്‍ 10 ശതമാനം മാത്രം സ്വദേശികളെ നിയമിച്ച് ബാക്കി ഒഴിഞ്ഞുകിടന്നാല്‍ വിസ അനുവദിക്കല്‍ പോലുള്ള സേവനങ്ങള്‍ തടസ്സപ്പെടും. ഈ സാഹചര്യത്തില്‍ ആവശ്യമായത്ര സ്വദേശികളെ പുതുതായി നിയമിക്കുകയോ അല്ലെങ്കില്‍ പുതിയ പദ്ധതിയനുസരിച്ച് സ്വദേശികളുടെ എണ്ണത്തിന് ആനുപാതിക തുക മന്ത്രാലയത്തില്‍ അടയ്ക്കുകയോ ചെയ്യുന്നതിലൂടെ വിസ സേവനം അനുവദിക്കപ്പെടുമെന്ന് ഡോ. അഹ്മദ് ഖതാന്‍ വിശദീകരിച്ചു. ചുവപ്പ്, മഞ്ഞ വിഭാഗങ്ങളില്‍ പെടുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതേ നിലയില്‍ നിത്വാഖാത് പ്രകാരം സ്വദേശികളെ നിയമിക്കപ്പെടേണ്ടതിന് ആനുപാതിക തുക നല്‍കി പച്ച, എക്‌സലന്റ് വിഭാഗങ്ങളിലേക്കു മാറാന്‍ സാധിക്കും.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന സ്വദേശികളുടെ തൊഴില്‍ പരിശീലന പദ്ധതിയിലേക്കാണ് ഈ തുക മാറ്റിവയ്ക്കുക. സ്വദേശി ഉദ്യോഗാര്‍ഥികള്‍ തീരെ ആകര്‍ഷിക്കപ്പെടാത്ത തൊഴില്‍മേഖലകള്‍ അടിസ്ഥാനമാക്കി രാജ്യത്തു പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിത്വാഖാത് മുസാനിദ് പദ്ധതി ഏറെ സഹായകമാണെന്നാണു വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day