|    Jan 22 Sun, 2017 3:16 am
FLASH NEWS

സൗദിയില്‍ കുടുങ്ങിയ മൂന്ന് മലയാളികള്‍ നാട്ടിലെത്തി

Published : 24th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ജോലി നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ തൊഴിലാളികളില്‍ മൂന്ന് മലയാളി തൊഴിലാളികള്‍ നാട്ടിലെത്തി. കോഴിക്കോട് കല്ലായി സ്വദേശി ഷെബീര്‍, മലപ്പുറം കാരിക്കുഴി മുഹമ്മദ്, കണ്ണൂര്‍ സ്വദേശി ഷിജോ മാത്യൂ എന്നിവരാണ് തൊഴിലും പണവും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നു പുറപ്പെട്ട്  ഇന്നലെ രാവിലെ 9.40ന് നെടുമ്പാശ്ശേരിയില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണു മൂവരും എത്തിയത്. സൗദി സര്‍ക്കാരിന്റെ ചെലവില്‍ എത്തിയ മൂവര്‍ സംഘം നോര്‍ക്ക വഴി ചെലവിനായി നല്‍കിയ 2000 രൂപ ധനസഹായത്തിലാണു നാട്ടിലേക്കു തിരിച്ചത്.
ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന റോജ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന ഇവര്‍ക്കു കഴിഞ്ഞ ജനുവരി മുതലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുണ്ടെന്നും ഇത് ഇന്ത്യന്‍ എംബസി വാങ്ങിത്തരാമെന്ന ഉറപ്പിലാണു നാട്ടിലേക്കു തിരിച്ചതെന്നും ഇവര്‍ പറഞ്ഞു. റോജ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മാത്രം 414 ഓളം തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തങ്ങുന്നുണ്ട്. ജൂലൈ 24 മുതല്‍ ഭക്ഷണംപോലും ലഭിക്കാത്ത അവസ്ഥയാണു നിലവിലുള്ളത്. ഏഴുവര്‍ഷം മുതല്‍ 25വര്‍ഷം വരെ ജോലിചെയ്തിട്ടുള്ള തൊഴിലാളികളാണ് എല്ലാം നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയിരിക്കുന്നത്.
സൗദിയിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടെങ്കിലും തൊഴില്‍ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുവാന്‍ ഇതുവരെ കഴിഞ്ഞില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ തീരുന്ന മുറയ്ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്ന് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ല. തൊഴിലാളികളുടെ കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാത്ത അവസ്ഥയാണു നിലവിലുള്ളതെന്നും നാട്ടിലെത്തിയ തൊഴിലാളികള്‍ പറയുന്നു. സങ്കടങ്ങള്‍ പറത്തിട്ടും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ആദ്യം ഇന്ത്യന്‍ എംബസി ഇടപ്പെട്ടില്ല. പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമായ പ്പോള്‍ മാത്രമാണ് ഇടപ്പെട്ടത്.
മലയാളി സംഘടനകള്‍ അടക്കം നിരവധി സംഘടനകളുടെ സഹായമാണു പ്രധാനമായും ലഭിച്ചത്. ഇതിനെത്തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണു തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയ മലയാളികള്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാവുന്നതിനു പദ്ധതികള്‍ നടപ്പാക്കണമെന്നും നാട്ടിലെത്തിയവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക