സൗദിയിലെ യൂട്യൂബ് സെലിബ്രിറ്റി ഖത്തറിലേക്കു മാറി
Published : 23rd December 2015 | Posted By: SMR
ദോഹ: സൗദി അറേബ്യയില്‍ നിന്നുള്ള അമേരിക്കന്‍ യൂട്യൂബ് സെലിബ്രിറ്റി ജോഷ്വ വാന്‍ ആല്സ്റ്റിന് ഖത്തറിലേക്കു താമസം മാറി. അബൂ മുതബ് അല്അംരിക്കി എന്ന പേരില്‍ അറിയപ്പെടുന്ന വാന്‍ ആല്സ്റ്റിന് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സഹായിക്കുന്നതിനാണ് ഇവിടെയെത്തിയത്. അമേരിക്കന്‍ പിതാവിനും തുര്‍ക്കി മാതാവിനും ജനിച്ച വാന്‍ ആല്സ്റ്റീന് അറേബ്യന്‍ ഗള്‍ഫിലുടനീളം ആരാധകരുണ്ട്. പരമ്പരാഗത അറബ് വസ്ത്രം ധരിക്കുകയും സൗദി ശൈലിയില്‍ നന്നായി അറബ് സംസാരിക്കുകയും ചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ മേഖലയില്‍ വന്‍ജനപ്രീതി പിടിച്ചു പറ്റിയിരുന്നു. 25കാരനായ ഈ അമേരിക്കന്‍ മുസ്ലിമിന് അറബി മാതൃഭാഷയായിരുന്നില്ല.
നോര്‍ത്ത് ടെക്സസ് യൂണിവേഴ്സിറ്റിയിലെ പഠന കാലത്ത് സൗദി കൂട്ടുകാരുമായി ചേര്‍ന്നാണ് വാന്‍ ആല്സ്റ്റീന് അറബി പഠിച്ചു തുടങ്ങിയത്.
ഇസ്ലാമിനെ നന്നായി മനസ്സിലാക്കുന്നതിന് പാശ്ചാത്യരെ വെല്ലുവിളിച്ച് കൊണ്ട് 2011ല്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ആദ്യമായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
സൗദി വിദ്യാര്‍ഥികളുമായി കൂട്ടുകൂടിയുള്ള വാന്‍ ആല്സ്റ്റീന്റെ ജീവിതം ചിത്രീകരിക്കുന്ന വീഡിയോ അറബ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് സൗദിയില്‍ വൈറലായി.
സൗദി വിദ്യാഭ്യാസ മന്ത്രാലയം പുതിയൊരു ടിവി ചാനല്‍ തുടങ്ങുന്നതിനുള്ള ചുമതല 2013ല്‍ ഏല്‍പ്പിച്ചതോടെയാണ് വാന്‍ ആല്സ്റ്റീന്റെ ജീവിതം അപ്പാടെ മാറിമറിയുന്നത്. പ്രസിദ്ധമായ സൗദി ടിവി സീരിയലിലൂടെ തന്റെ അഭിനയ ജീവിതത്തിനു തുടക്കമിട്ടതും അക്കാലത്താണ്.
ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷം ഫോളോവേഴ്സും അദ്ദേഹത്തിനുണ്ട്. പുതിയൊരു ടിവി പ്രോഗ്രാം നിര്‍മിക്കാനുള്ള ലക്ഷ്യവുമായാണ് താന്‍ ദോഹയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തരി സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പരിപാടിയാണ് ഉദ്ദേശിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.