|    Apr 23 Sun, 2017 9:18 pm
FLASH NEWS

സൗത്ത് ജങ്ഷനില്‍ മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാന്റ് ഒരുങ്ങി

Published : 24th October 2016 | Posted By: SMR

ചാലക്കുടി: ചാലക്കുടിയില്‍ കലാഭവന്‍ മണിക്കായുള്ള ആദ്യത്തെ സ്മാരകം ഉയര്‍ന്നു. അകാലത്തില്‍ പൊലിഞ്ഞ മണിയുടെ സ്മരണാര്‍ത്ഥം ചാലക്കുടിയില്‍ സ്മാരകം നിര്‍മിക്കുമെന്ന ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം പ്രസംഗത്തില്‍ മാത്രമായി ഒതുങ്ങുമ്പോഴാണ് സൗത്ത് ജങ്ഷനില്‍ ഫ്‌ളൈ ഓവറിന് താഴെ ഓട്ടോറിക്ഷ തൊഴിലാളികള്‍ മണിക്കായി സ്മാരകം ഉയര്‍ത്തിയിരിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായി ജീവിതം ആരംഭിച്ച് മിമിക്രിയിലൂടെ സിനിമ ലോകത്തെത്തി ദക്ഷിണേന്ത്യേന്‍ സിനിമയുടെ അഭിഭാജ്യഘടകമായി മാറിയ ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിക്ക്  സൗത്ത് ജങ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് മണിച്ചേട്ടന്റെ ഓട്ടോസ്റ്റാന്റ് എന്ന പേരില്‍ സ്മാരകം ഉയര്‍ത്തിയിരിക്കുന്നത്. മണി ജീവിച്ചിരുന്ന കാലത്ത് മണിയുടെ ആരാധകരായ ഓട്ടോറിക്ഷ ജീവനക്കാര്‍ ഓട്ടോറിക്ഷകള്‍ക്ക് ചാലക്കുടിക്കാരന്‍ ചങ്ങാതി, മണികൂടാരം, മണികിലുക്കം എന്നൊക്കെയുള്ള പേരുകളിട്ടിരുന്നു. മണിയുടെ വിയോഗത്തിന് ശേഷവും ഈ പേരുകളിലുള്ള ഓട്ടോറിക്ഷകള്‍ ഇപ്പോഴും ഇവിടെയുണ്ട്. എന്നാല്‍ മണിയടെ പേരിലുള്ള ഓട്ടോ സ്റ്റാന്റ് ചാലക്കുടിയില്‍ ഇതാദ്യത്തേതാണ്. ഇവിടെയുള്ള നൂറ്റമ്പതോളം ഓട്ടോറിക്ഷ തൊഴിലാളികള്‍ വിവിധ രാഷ്ട്രീയ യൂനിയനുകളിലെ അംഗങ്ങളാണ്.  എന്നാല്‍ ഓട്ടോസ്റ്റാന്റിന് പേര് നല്‍കുന്ന കാര്യത്തില്‍ ഇവര്‍ രാഷ്ട്രീയമടക്കമുള്ള അതിര്‍വരമ്പുകളെല്ലാം മാറ്റിവച്ചു. അതോടെ ഈ ഓട്ടോ സ്റ്റാന്റിന് ഇവര്‍ മണച്ചേട്ടന്റെ ഓട്ടോ സ്റ്റാന്റ് എന്ന പേര്‍ നല്‍കി. അങ്ങനെ സൗത്ത് ജംങ്ഷനിലെ ഫ്‌ളൈ-ഓവറിനടിയിലുള്ള മണിച്ചേട്ടന്റെ ഓട്ടോ സ്റ്റാന്റ് പ്രിയതാരം കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ആദ്യത്തെ സ്മാരകമായി. ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായാണ് പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം നിര്‍മല കോളജ് റോഡിലെ ഓട്ടോ സ്റ്റാന്റ് ഫ്‌ളൈഓവറിന് താഴേക്ക് നഗരസഭ മാറ്റി സ്ഥാപിച്ചത്. നഗരസഭ അനുവദിച്ച് നല്‍കിയ ഈ സ്റ്റാന്റിനാണ് മണിയുടെ പേര് നല്‍കിയിരിക്കുന്നത്. മാത്രമല്ല പരിസരമാകെ വൃത്തിയാക്കി മനോഹരമായ ചെടിതോട്ടവും ഓട്ടോ തൊഴിലാളികള്‍ ഒരുക്കുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day