|    Jan 24 Tue, 2017 4:56 pm
FLASH NEWS

സൗജന്യ വിതരണത്തിനുള്ള നൂറുകണക്കിന് മാവിന്‍ തൈകള്‍ കരിഞ്ഞുണങ്ങുന്നു

Published : 4th July 2016 | Posted By: SMR

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ കൃഷിഭവനില്‍ സൗജന്യ വിതരണത്തിനു കൊണ്ടുവന്ന നൂറുകണക്കിനു മാവിന്‍ തൈകള്‍ കരിഞ്ഞുണങ്ങുന്നു. വിവരം ജനങ്ങളെ അറിയിക്കാത്തതും വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയതുമാണ് തൈ വാങ്ങാന്‍ ഉപയോക്താക്കള്‍ എത്താതിരുന്നതിനു കാരണമെന്ന് ആരോപണം.
രണ്ട് ആഴ്ച മുമ്പാണ് പുന്നയൂര്‍ കൃഷിഭവനില്‍ ബംഗനംപള്ളി ഇനത്തിലുള്ള 3,000 മാവിന്‍ തൈകള്‍ എത്തിയത്. എന്നാല്‍ ഈ വിവരം അറിയിക്കാന്‍ കൃഷിവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൃഷിഭവന് സമീപത്തു തന്നെയുള്ള പഞ്ചായത്ത് ഓഫിസിലെത്തുന്നവര്‍ മുറ്റത്ത് മാവിന്‍ തൈകള്‍ കൂട്ടിയിട്ടത് കണ്ട് അന്വേഷിക്കുമ്പോഴാണ് വിവരം അറിയുന്നത്. അതുകൊണ്ടുതന്നെ പഞ്ചായത്തുമായി ബന്ധപ്പെടുന്നവര്‍ക്കും അവരുടെ വേണ്ടപ്പെട്ടവര്‍ക്കും മാത്രമെ തൈ കിട്ടിയുള്ളൂ.
വിവരം കേട്ടറിഞ്ഞ് ഗുണഭോക്താക്കള്‍ എത്തുമ്പോഴേക്കും തൈകളെല്ലാം ഇല കൊഴിഞ്ഞ് കരിഞ്ഞ നിലയിലായിരുന്നു. വേണ്ട രീതിയില്‍ എടുത്തു വയ്ക്കാത്തതാണ് വര്‍ഷക്കാലമായിട്ടു പോലും തൈകള്‍ കേടുവരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുനൂറോളം മാവിന്‍ തൈകള്‍ അടുത്ത വീട്ടിലെ വളപ്പില്‍ പലയിടത്തായി മാറ്റിവച്ചു. നികുതി രശീതി, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകളാണ് കൃഷിഭവന്‍ അധികൃതര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്.
ഇതിനാല്‍ പലര്‍ക്കും രേഖകളുമായെത്തി തൈകള്‍ വാങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വഴിയെ പോകുന്നവരോടും തൈ കൊണ്ടു പോയ്‌ക്കൊള്ളാനാണ് കൃഷിഭവന്‍ അധികൃതര്‍ പറയുന്നത്. മാവിന്‍തൈ വിതരണം അറിഞ്ഞില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ചില അംഗങ്ങള്‍ സ്വന്തം ചെലവില്‍് മാവിന്‍ തൈകള്‍ അവരുടെ വാര്‍ഡില്‍ എത്തിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക