|    Jan 18 Wed, 2017 7:23 am
FLASH NEWS

സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും: മുഖ്യമന്ത്രി

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2016 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പുറമേ തൊഴിലുറപ്പ് കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 300 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക്തലങ്ങളില്‍ 75 ഫെയറുകളും മാവേലി സ്‌റ്റോര്‍ ഇല്ലാത്ത 34 പഞ്ചായത്തുകളില്‍ മിനിഫെയറുകളും ഉള്‍പ്പെടെ നിരവധി പ്രത്യേക ഫെയറുകള്‍ ആരംഭിക്കുന്നുണ്ട്. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും പ്രത്യേക ഓണക്കിറ്റ് നല്‍കും. എപിഎല്‍ കാര്‍ഡുകാര്‍ക്ക് നിലവില്‍ ലഭിക്കുന്ന എട്ടുകിലോ അരിക്ക് പുറമേ, ഓണക്കാലത്ത് രണ്ടുകിലോ അരി കൂടി നല്‍കും. സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായി അഞ്ചുകിലോ അരി നല്‍കും. വിഷപച്ചക്കറി ഒഴിവാക്കാന്‍ സംസ്ഥാനത്ത് വ്യാപകമായി പച്ചക്കറി കൃഷി നടത്തി ഓണക്കാലത്തെ വിപണി ഇടപെടലിന് ഉപയോഗിക്കുകയാണ്.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. പ്രൈസ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും.
വിപണി ഇടപെടലിനായി ബജറ്റില്‍ 150 കോടിയാണ് നീക്കിവച്ചത്. ഇതില്‍ 81 കോടി 42 ലക്ഷം രൂപ നല്‍കിയത് സപ്ലൈകോയ്ക്കാണ്. മുടങ്ങിക്കിടന്ന റംസാന്‍ ഫെയറുകള്‍ പുനരാരംഭിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
മാവേലി സ്‌റ്റോര്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. റേഷന്‍കടകള്‍ നവീകരിച്ച് പലചരക്ക് സാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ വായ്പാസൗകര്യവും ഒരുക്കും. നെല്ല് സംഭരണ കുടിശ്ശികയായ 170 കോടി രൂപയും സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തിട്ടുണ്ട്. ചടങ്ങില്‍ മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നിര്‍വഹിച്ചു.
അതെസമയം ഓണക്കാലങ്ങളിലുള്‍പ്പെടെ ഓഫിസുകളില്‍ വിവിധ കച്ചവടക്കാര്‍ കയറിയിറങ്ങി നടത്തുന്ന കച്ചവടം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിസമയത്തുള്ള ഓണാഘോഷങ്ങളില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണം. ജോലി സമയത്ത് പൂക്കളമിടേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക