|    Nov 15 Thu, 2018 11:08 pm
FLASH NEWS

സ്‌റ്റേഡിയം-പുതിയറ റോഡിന് പുതിയ രൂപവും ഭാവവും

Published : 25th August 2016 | Posted By: SMR

കോഴിക്കോട്: നഗരത്തിലെ യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ പുതിയ രൂപവും ഭാവവുമായി പുതിയറ-സ്റ്റേഡിയം ജങ്ഷന്‍ റോഡ് പ്രവൃത്തി അവസാന ലാപ്പിലേക്ക്. കോഴിക്കോട് നഗരത്തിന്റെ ശാപമായ യാത്രാകുരുക്കഴിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആറു റോഡുകളാണ് നവീകരിക്കാന്‍ പ്രത്യേക പദ്ധതികൊണ്ടുവന്നത്. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് പുതിയറ റോഡ്.
എസ് കെ പൊറ്റക്കാട് റോഡ്, സഭാ സ്‌കൂള്‍ റോഡ് എന്നിങ്ങനെ മൂന്നു പേരുകളില്‍ അറിയപ്പെടുന്ന സ്റ്റേഡിയം ജങ്ഷനില്‍ നിന്ന് മിനി ബൈപ്പാസില്‍ പുതിയറ ജങ്ഷന്‍ വരെയുള്ള റോഡ് രണ്ടു വര്‍ഷക്കാലം ഇതു വഴിയുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു. റോഡിന്റെ ഇരുവശത്തേയും വീടുകള്‍, ഓഫിസുകള്‍, മദ്‌റസകള്‍, ഷോപ്പിങ് സെന്ററുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് റോഡില്‍ നിന്നും ഉയര്‍ന്ന പൊടി തിന്നുകഴിയേണ്ട ഗതികേടിലായിരുന്നു.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്ത് നടത്തിവരുന്ന നവീകരണ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായി. ഇരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് ഫൂട്പാത്ത് ഉണ്ട്. റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പിറകെ തന്നെ ക്യാബിളുകാരും, വാട്ടര്‍ അതോറിറ്റി വിഭാഗവും കുഴികള്‍ കുത്താനെത്തുന്ന സ്ഥിരം പരിപാടി ഈ പുതിയറ റോഡില്‍ ഉണ്ടാവില്ല. പതിനഞ്ചു വര്‍ഷക്കാലത്തേക്ക് അറ്റകുറ്റപണി വേണ്ടി വരില്ല. എന്ന് കരാറില്‍ തന്നെ ഉറപ്പാക്കിയതാണ്.
അഴുക്കുചാലും കാബിള്‍ ചാലും ഒരുമിച്ച് നിര്‍മിച്ചിട്ടുള്ള നഗരപാതാവികസന പദ്ധതി പ്രകാരമുള്ള ഏക റോഡ് കൂടിയാണിത്. ഇന്നലെ അത്യാധുനിക യന്ത്രങ്ങളോടുകൂടിയ റോഡ് പ്രവൃത്തി സജീവമാക്കി. എന്നാല്‍ വര്‍ഷങ്ങളായി സഭാ സ്‌കൂളിന് സമീപത്തെ ജല വകുപ്പിന്റെ സ്ഥിരം പൈപ്പ് പൊട്ടല്‍ പോയന്റില്‍ അറ്റകുറ്റ പണി ആവശ്യമായി വന്നു. അത് കാരണം അവിടത്തെ ജോലി ഇന്നത്തേക്ക് മാറ്റി. പുതിയ സ്റ്റാന്റില്‍ നിന്നു പുറപ്പെടുന്ന ദീര്‍ഘദൂര ബസ്സുകളും മറ്റു സ്വകാര്യ വാഹനങ്ങളും എല്ലാം ഇതുവഴിയാണ് ബൈപ്പാസില്‍ പ്രവേശിക്കാറ്.
എന്നാല്‍ മാവൂര്‍ റോഡില്‍ പ്രവേശിക്കാതെ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് സുഖകരമായി യാത്ര ചെയ്യണമെങ്കില്‍ പുതിയറ പാലം വീതി കൂട്ടിയേ മതിയാകൂ. പുതിയറ-കുതിരവട്ടം-ദേശപോഷിണി വഴി ബസ് റൂട്ടുകള്‍ ആരംഭിക്കാനും പുതിയറയില്‍ കനോലികനാലിന് മുകളില്‍ വലിയ പാലം തീര്‍ക്കണം. ഏതായാലും ഇതുവഴിയുള്ള യാത്രക്കാരുടെ കഷ്ടകാലം തീര്‍ന്നുവെന്ന് ആശ്വസിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss