|    Jan 16 Mon, 2017 4:42 pm

സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ മാറ്റണമെന്നു സിഡബ്ല്യുസി

Published : 29th October 2015 | Posted By: SMR

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുളള സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉടന്‍ മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് സിഡബ്ല്യുസി ഇടക്കാല ഉത്തരവ് നല്‍കി. ഈ മാസം ആദ്യവാരം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അത്‌ലറ്റിക് താരം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍, ലഭ്യമായ പ്രാരംഭവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്ഷേമ സമിതിയുടെ ഉത്തരവ്.
സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ബാലക്ഷേമസമിതി കുട്ടികളുടെ പരാതികളും പരിഭവങ്ങളും നേരില്‍ കേട്ടിരുന്നു. ഏഴു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന 32 വിദ്യാര്‍ഥികളാണ് രണ്ടു കെട്ടിടങ്ങളിലായി താമസിച്ച് പരിശീലനം നേടുന്നത്. ഇതിനോടകം വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് സമിതിക്ക് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ ബാലക്ഷേമസമിതി, ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി. ഹോസ്റ്റല്‍ അന്തേവാസികള്‍ സമീപവാസികളല്ലാത്തതിനാല്‍ തന്നെ പൊതുജനങ്ങളുടെ മേല്‍നോട്ടമോ പ്രാദേശിക സമൂഹത്തിന്റെ ഇടപെടലുകളോ ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ടാവുന്നില്ലെന്നും അതിനാല്‍ ഹോസ്റ്റലിലെ ദയനീയമായ ഭൗതിക സാഹചര്യങ്ങളും അന്തേവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും സമിതി നിരീക്ഷിച്ചു. പക്വതയും പരിചയവുമുള്ള ഒരു വാര്‍ഡനെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെങ്കില്‍ ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമെന്നും സമിതി വിലയിരുത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുതിയൊരു വാര്‍ഡനെ ഒരു മാസത്തിനകം ഹോസ്റ്റലില്‍ നിയമിക്കണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നവംബര്‍ ആറിന് ഉച്ചയ്ക്കു രണ്ടിന് വിശദമായ ഹിയറിങിനായി സമിതി മുമ്പാകെ നേരിട്ട് ഹാജരാവണം. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്‌പോട്‌സ് ഹോസ്റ്റലുകള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍, നടത്തിപ്പുമായി ബന്ധപ്പട്ടുളള മാര്‍ഗരേഖ, അനുവദിക്കപ്പെട്ട സ്റ്റാഫ്, കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച സര്‍ക്കാരിന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഉത്തരവുകള്‍, രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ നവംബര്‍ ആറിന് ബാലക്ഷേമസമിതി മുമ്പാകെ ഹാജരാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയിലും പുല്‍പ്പള്ളിയിലും പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലും ഏതെങ്കിലും തരത്തിലുളള അവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന കാര്യവും സിഡബ്ല്യുസി പരിശോധിക്കും.
മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കണം. സംസ്ഥാനത്ത് ഈ വിഭാഗത്തിലുളള സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ കോപ്പികള്‍ നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ നടന്ന സിറ്റിങില്‍ ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെംബര്‍മാരായ ഡോ. പി ലക്ഷ്മണന്‍, ടി ബി സുരേഷ്, അഡ്വ. എന്‍ ജി ബാലസുബ്രഹ്മണ്യന്‍, ഡോ. സി ബെറ്റി ജോസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക