|    Feb 23 Fri, 2018 10:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഴിമതി: അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം

Published : 24th January 2017 | Posted By: fsq

 

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഫെബ്രുവരി നാലിന് ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു.  സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 11ന് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ ചുമതല വിജിലന്‍സ് ഡിവൈഎസ്പിക്ക് കൈമാറി. എന്നാല്‍, പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി ഏഴുമാസം പിന്നിട്ടിട്ടും അന്വേഷണ റിപോര്‍ട്ട് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ഹരജിയുമായി പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചു.  അഴിമതി സംബന്ധിച്ച് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെയും അഞ്ജുവിന്റെയും വിശദമായ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെ അന്വേഷണ ചുമതല വഹിച്ച ഡിവൈഎസ്പിയെ വിജിലന്‍സില്‍ നിന്നു  മാറ്റി. അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് ഡിവൈഎസ്പി വിജിലന്‍സില്‍ തിരിച്ചെത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. 15 വര്‍ഷത്തിനിടെ 150 കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സെന്റര്‍, സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മാണത്തിലെ ക്രമക്കേട്, സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ 25 കോടിയുടെ അഴിമതി,  ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തിലെ അഴിമതി, ഇ മെയില്‍ ചോര്‍ത്തല്‍ തുടങ്ങിയവയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss