|    Jan 19 Thu, 2017 6:46 pm
FLASH NEWS

സ്‌പോണ്‍സറെ തേടി വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഫുട്‌ബോള്‍ താരങ്ങള്‍

Published : 8th July 2016 | Posted By: SMR

കൊച്ചി: കുറഞ്ഞകാലംകൊണ്ട് നിരവധി വനിതാ ദേശീയതാരങ്ങളെ വാര്‍ത്തെടുത്ത മേവള്ളൂര്‍ വനിത സ്‌പോര്‍ട്‌സ് അക്കാദമി പരാധീനതകളുടെ നടുവില്‍. പരിശീലനത്തിനായി സ്വന്തമായി ഗ്രൗണ്ടോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെ അഞ്ചുവര്‍ഷംകൊണ്ട് അക്കാദമി നേടിയെടുത്തത് അസൂയാവഹമായ നേട്ടങ്ങളാണ്.
രണ്ടുവര്‍ഷം മുമ്പ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) അക്കാദമി ഏറ്റെടുത്തെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇവിടത്തെ കുട്ടികള്‍ ഭക്ഷണത്തിനും മറ്റുമായി സ്‌പോണ്‍സറെ തേടുകയാണ്. 30 കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ സായി നല്‍കുന്നുണ്ടെങ്കിലും ഭക്ഷണത്തിനും മറ്റു ചെലവുകള്‍ക്കും കൈയില്‍നിന്നു പണം മുടക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ഫുട്‌ബോളിനും ഹോക്കിക്കുമാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
സായി ഡയറക്ടറായിരുന്ന ജിജി തോംസന്റെ നിര്‍ദേശപ്രകാരം ഇവിടെ ഫുട്‌ബോളിന്റെ ചെറുരൂപമായ ഫുട്‌സാലിലും പരിശീലനം നല്‍കുന്നുണ്ട്. കര്‍ണാടക സായിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടക്കുന്ന ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് പോവാനുള്ള ഒരുക്കത്തിലാണ് അക്കാദമിയിലെ കുട്ടികള്‍. ഇതിനു പിന്നാലെ അമേരിക്കയിലോ ബ്രസീലിലോ ഫുട്‌സാലിന്റെ പരിശീലനത്തിനു പോവാനും അക്കാദമിക്ക് പദ്ധതിയുണ്ടെന്ന് പരിശീലകന്‍ ജോമോന്‍ ജേക്കബ് പറഞ്ഞു. ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ സായി വഹിക്കും. മറ്റ് ചെലവുക ള്‍ക്കായിട്ടാണ് സ്‌പോണ്‍സറെ തേടുന്നത്.
കായികമന്ത്രിക്ക് ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേവള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂളിലെ കായികാധ്യാപകനാണ് ജോമോന്‍. അക്കാദമിക്ക് സ്വന്തമായി ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ ട്രെയിനി ല്‍ കൊച്ചിയിലോ കോട്ടയത്തോ എത്തിയാണ് പരിശീലനം. ഇതിനുള്ള തുകയില്‍ ഭൂരിഭാഗവും ജോമോനാണ് ഇപ്പോള്‍ വഹിക്കുന്നത്.
മേവള്ളൂരിന് സമീപത്തെ കോളനിയിലെ സാധാരണക്കാരായ കുടുംബത്തിലെ പെണ്‍കുട്ടികളാണ് അക്കാദമിയില്‍ ഭൂരിഭാഗവും. ഇപ്പോള്‍ ഒഡീഷയില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിലുള്ള അഞ്ചു താരങ്ങള്‍ അക്കാദമിയില്‍നിന്നുള്ളവരാണ്. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ മികച്ച ജൂനിയര്‍ വനിതാതാരത്തിനുള്ള അവാര്‍ഡ് അക്കാദമിയിലെ അഞ്ജനാ ബാബുവിനായിരുന്നു.
രണ്ട് സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുകളും ഒരു ജൂനിയര്‍ ചാംപ്യന്‍ഷിപ്പും കരസ്ഥമാക്കാന്‍ അക്കാദമിയിലെ കുട്ടികള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക