|    Dec 12 Tue, 2017 11:48 am
Home   >  Todays Paper  >  Page 5  >  

സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ കോളജുകള്‍ക്ക് അനുമതി

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ലംഘിച്ച് സ്വന്തംനിലയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയ കേരള സര്‍വകലാശാലയുടെ നടപടി വിവാദമാവുന്നു. സര്‍വകലാശാലയുടെ നടപടി വന്‍തോതില്‍ അഴിമതിക്കു കളമൊരുക്കുമെന്ന ആക്ഷേപം ശക്തമാണ്.
കേരള സര്‍വകലാശാല സി ന്‍ഡിക്കേറ്റ് യോഗമാണ് സ്‌പോട്ട് അഡ്മിഷന്‍ അതത് കോളജ് മാനേജ്‌മെന്റുകള്‍ക്ക് നേരിട്ടു നടത്താമെന്നു തീരുമാനമെടുത്തത്. സര്‍ക്കാര്‍ കോളജുകളിലെ സ്‌പോട്ട് അഡ്മിഷനുകളില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുണ്ടെന്നു സര്‍ക്കാ ര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണു കഴിഞ്ഞവര്‍ഷം മുതല്‍ സര്‍ക്കാര്‍ കോളജിലെ സ്‌പോട്ട് അഡ്മിഷന്‍ സര്‍വകലാശാല നേരിട്ട് നടത്തിയാല്‍ മതിയെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനു പിന്നാലെയാണു സര്‍ക്കാ ര്‍ കോളജുകളുടെ മാത്രമല്ല, സ്വാശ്രയ കോളജുകളിലെയും എയ്ഡഡ് കോളജുകളിലെയും സ്‌പോട്ട് അഡ്മിഷന്‍ സര്‍വകലാശാല നേരിട്ട് നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജിയെത്തിയത്. ഇതു പരിഗണിച്ച കോടതി സര്‍ക്കാര്‍ കോളജുകള്‍ക്കൊപ്പം എയ്ഡഡ് കോളജുകളുടെയും സ്വാശ്രയ കോളജുകളുടെയും സ്‌പോട്ട് അഡ്മിഷന്‍ സര്‍വകലാശാല തന്നെ നടത്തിയാല്‍ മതിയെന്ന് ഉത്തരവിറക്കി.
കഴിഞ്ഞവര്‍ഷം പിജി പ്രവേശനത്തിനു സര്‍വകലാശാലയുടെ നേതൃത്വത്തിലായിരുന്നു റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തിയത്. എന്നാല്‍, ഈവര്‍ഷം സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി മാനേജ്‌മെന്റുകള്‍ക്ക് കോളജില്‍ തന്നെ സ്‌പോട്ട് അഡ്മിഷന്‍ നടത്താമെന്ന സര്‍വകലാശാലയുടെ നി ര്‍ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണു വിലയിരുത്തല്‍. കേരള സര്‍വകലാശാലയുടെ കീഴിലുള്ള പല എയ്ഡഡ് കോളജുകളിലും 50,000 മുതല്‍ ഒരുലക്ഷം രൂപവരെ പ്രവേശനത്തിനായി വാങ്ങുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണു സര്‍വകലാശാലയുടെ വിവാദ ഉത്തരവ്. സര്‍വകലാശാലയ്ക്കു കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 7,000ത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തി കോളജില്‍ത്തന്നെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അതില്‍നിന്നായിരിക്കും വിദ്യാര്‍ഥി പ്രവേശനം നടത്തുക.
പ്രവേശനകാര്യത്തില്‍ സര്‍ക്കാരിന്റെയോ സര്‍വകലാശാലയുടെയോ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ ഇതില്‍ ബാഹ്യ ഇടപെടലുകളുണ്ടാവുമെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, വിവാദ തീരുമാനത്തെക്കുറിച്ച് സര്‍വകലാശാല ഇതുവരെയായും ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക