സ്പൈസ് റൂട്ട് ടൂറിസം രണ്ടാംഘട്ടം ഡല്‍ഹിയില്‍: 31 രാജ്യങ്ങള്‍ സമ്മേളിക്കും
Published : 30th September 2016 | Posted By: SMR
കൊച്ചി: ചിരപുരാതനമായ സുഗന്ധവ്യഞ്ജന പാതയിലൂടെ കേരളവുമായി നടത്തിവന്നിരുന്ന വ്യാപാരത്തെക്കുറിച്ചുള്ള വിജ്ഞാന വിനിമയത്തിനായി 31 രാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ ഡല്‍ഹിയില്‍ സമ്മേളിക്കും.
മുസിരിസ് പൈതൃക പദ്ധതിക്കുവേണ്ടിയാണ് യോഗം നടത്തുന്നതെന്ന് പദ്ധതിയുടെ ഉപജ്ഞാതാക്കളിലൊരാളായ ബെന്നി കുര്യാക്കോസ് കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ അറിയിച്ചു. ഈ വ്യാപാരവഴിയെക്കുറിച്ചുള്ള ഭൂപടങ്ങള്‍, വിവരണങ്ങള്‍, പെയിന്റിങുകള്‍, കരകൗശലവസ്തുക്കള്‍ എന്നിവ യൂറോപ്പിലെയും ഏഷ്യയിലെയും രാഷ്ട്രങ്ങളിലുണ്ടെന്നും ഇവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുസിരിസ് പദ്ധതിക്കുവേണ്ടി കൈമാറേണ്ടതുണ്ടെന്നും കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്വന്ഷന് സെന്ററില്‍ നടത്തിയ സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ രൂപത്തിലുള്ള വിജ്ഞാന വിനിമയത്തിന് ഇതിനോടകം ലോകത്തിലെ മൂന്ന് പ്രമുഖ സര്‍വകലാശാലകളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ബെന്നി വ്യക്തമാക്കി.
ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ പൈതൃക സംരക്ഷണ പദ്ധതിയെന്ന നിലയില്‍ മുസിരിസ് പദ്ധതി ആരാധനാലയങ്ങള്‍, പുരാതന വ്യാപാരകേന്ദ്രങ്ങള്‍, ഇതര കെട്ടിടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണം, മ്യൂസിയം നിര്‍മാണം, സാമൂഹികജീവിതത്തിന്റെയും ഉപജീവനത്തിന്റെയും സുസ്ഥിരത എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതിപ്രദേശത്ത് മാരിടൈം മ്യൂസിയം നിര്‍മിക്കും. വിനോദസഞ്ചാരികളുടെ സഞ്ചാരപാതയിലെ ഒഴിച്ചുകൂടാനാവാത്ത ഇനമായി ഇത് മാറുമെന്നും ബെന്നി ചൂണ്ടിക്കാട്ടി. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തില്‍ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന ഈ തുറമുഖത്തെക്കുറിച്ച് ഗ്രീക്ക്, റോമന്‍ പുരാരേഖകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജൂത, ക്രിസ്ത്യന്‍, ഇസ്ലാം മതങ്ങളുടെ ആദ്യകേന്ദ്രം കൂടിയായിരുന്നു ഇത്. അടുത്ത വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിടുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.