|    Jan 17 Tue, 2017 6:33 pm
FLASH NEWS

സ്‌പെയിനില്‍ ആന്റി ക്ലൈമാക്‌സ്

Published : 10th May 2016 | Posted By: mi.ptk

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ ആവേശകരമായ ക്ലൈമാക്‌സിലേക്ക്. സീസണില്‍ ഒരു മല്‍സരം മാത്രം ബാക്കിനില്‍ക്കേ കിരീടത്തിനായി രംഗത്തുള്ളത് ഇനി രണ്ട് ടീമുകള്‍. നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയും ബദ്ധവൈരികളും മുന്‍ ജേതാക്കളുമായ റയല്‍ മാഡ്രിഡുമാണ് സ്പാനിഷ് ലീഗ് കിരീടത്തിനായി ഇനി രംഗത്തുള്ളത്. ഇരു ടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. കിരീടത്തിനായി രംഗത്തുണ്ടായിരുന്ന മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ ചാംപ്യന്‍പട്ടം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 37ാം റൗണ്ട് മല്‍സരങ്ങളില്‍ ബാഴ്‌സലോണ 5-0ന് എസ്പാന്യോളിനെ തരിപ്പണമാക്കിയപ്പോള്‍ റയല്‍ 3-2ന് വലന്‍സിയയെ മറികടക്കുകയായിരുന്നു. എന്നാല്‍, ലെവന്റെയാണ് 2-1ന് അത്‌ലറ്റികോയെ അട്ടിമറിച്ചത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് 2-1ന് റയോ വല്ലെക്കാനോയെയും ഗ്രാനഡ 4-1ന് സെവിയ്യയെയും സെല്‍റ്റാവിഗോ 1-0ന് മാലഗയെയും ഡിപോര്‍ട്ടീവോ 2-0ന് വിയ്യാറയലിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഗെറ്റാഫെ-സ്‌പോര്‍ട്ടിങ് ഗിജോണ്‍ (1-1), ലാസ് പാല്‍മസ്-അത്‌ലറ്റിക് ബില്‍ബാവോ (0-0), ഐബര്‍-ബെറ്റിസ് (1-1) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

വീണ്ടും എംഎന്‍എസ് ത്രയം

ലയണല്‍ മെസ്സി-നെയ്മര്‍-ലൂയിസ് സുവാറസ് ത്രയത്തിന്റെ തകര്‍പ്പന്‍ പ്രകടനമാണ് എസ്പാന്യോളിനെതിരേ ഹോംഗ്രൗണ്ടില്‍ ബാഴ്‌സലോണയ്ക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്. ബാഴ്‌സയ്ക്കു വേണ്ടി സുവാറസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ മെസ്സിയും നെയ്മറും ഓരോ തവണ ലക്ഷ്യം കാണുകയായിരുന്നു. റഫീഞ്ഞയാണ് ബാഴ്‌സയുടെ മറ്റൊരു സ്‌കോറര്‍. എട്ടാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സിയാണ് ബാഴ്‌സയ്ക്കു വേണ്ടി ആദ്യം ലക്ഷ്യംകണ്ടത്. പിന്നീട് സുവാറസിന്റെ ഈഴമായിരുന്നു. 52ാം മിനിറ്റില്‍ മെസ്സിയും 61ാം മിനിറ്റില്‍ നെയ്മറുമാണ് സുവാറസിന്റെ ഗോള്‍ നേട്ടത്തില്‍ ചുക്കാന്‍ പിടിച്ചത്. ഇതോടെ സ്പാനിഷ് ലീഗ് സീസണില്‍ സുവാറസിന്റെ ഗോള്‍ നേട്ടം 37 ആയി ഉയരുകയും ചെയ്തു. 74ാം മിനിറ്റില്‍ റഫീഞ്ഞ ബാഴ്‌സയുടെ നാലാം ഗോള്‍ നേടി. 83ാം മിനിറ്റില്‍ നെയ്മര്‍ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ ഗോളിന് വഴിയൊരുക്കിയത് സുവാറസായിരുന്നു.

വലന്‍സിയ വെല്ലുവിളി മറികടന്ന് റയല്‍

ഹോംഗ്രൗണ്ടില്‍ റയലിന് സെവിയ്യയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിട്ടത്. ഇരു ടീമും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ മല്‍സരം ആവേശകരമായി. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് വലന്‍സിയയുടെ വെല്ലുവിളി അതിജീവിക്കാന്‍ റയലിനെ സഹായിച്ചത്. കളിയുടെ 26, 59 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോ റയലിനു വേണ്ടി നിറയൊഴിച്ചത്. കരീം ബെന്‍സെമയാണ് (42ാം മിനിറ്റ്) റയലിന്റെ മറ്റൊരു സ്‌കോറര്‍. വലന്‍സിയക്കു വേണ്ടി റോഡ്രിഗോ മൊറേനോയും (55ാം മിനിറ്റ്) ആന്ദ്രെ ഗോമസും (81) ഓരോ തവണ സ്‌കോര്‍ ചെയ്തു. സമനില ഗോളിനായി പൊരുതിയ വലന്‍സിയക്ക് 85ാം മിനിറ്റില്‍ മൊറേനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തിരിച്ചടിയാവുകയായിരുന്നു.

അവസരം പാഴാക്കി

അത്‌ലറ്റികോലീഗ് കിരീടത്തിനായി ബാഴ്‌സയ്ക്കു പിറകിലുണ്ടായിരുന്ന അത്‌ലറ്റികോ ഇന്നലത്തെ തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എവേ മല്‍സരത്തില്‍ ലെവന്റെ ശക്തമായ മല്‍സരം കാഴ്ചവച്ചപ്പോള്‍ അത്‌ലറ്റികോ കീഴടങ്ങുകയായിരുന്നു. ഇതോടെ സീസണില്‍ അത്‌ലറ്റികോയുടെ കിരീട പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. സീസണില്‍ ശേഷിക്കുന്ന ഒരു മല്‍സരത്തില്‍ ജയിച്ചാലും അത്‌ലറ്റികോയ്ക്ക് കിരീടം നേടാനാവില്ല. നിലവില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 85 പോയിന്റോടെയാണ് അത്‌ലറ്റികോ മൂന്നാം സ്ഥാനത്തുള്ളത്. രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ മുന്നിലെത്തയതിനു ശേഷമാണ് അത്‌ലറ്റികോ പരാജയം ഏറ്റുവാങ്ങിയത്. വിക്ടര്‍ (30ാം മിനിറ്റ്), ഗുസപ്പെ റോസ്സി (90) എന്നിവരാണ് ലെവന്റെയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.

കിരീടപ്പോര് ഇങ്ങനെ

ഈ വരുന്ന ഞായറാഴ്ച സ്പാനിഷ് ലീഗിലെ ചാംപ്യന്‍മാര് ആരാണെന്ന് അറിയാനാവും. കിരീടത്തിനായി ഇനി ബാഴ്‌സയും റയലും മാത്രമാണ് രംഗത്തുള്ളതിനാല്‍ ഈ രണ്ട് ടീമുകളുടെ മല്‍സരഫലമാണ് ചാംപ്യന്‍മാരെ തീരുമാനിക്കുക. നിലവില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 88 പോയിന്റുമായി ബാഴ്‌സയാണ് തലപ്പത്ത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് പിറകിലായി റയല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഞായറാഴ്ച നടക്കുന്ന ലീഗ് സീസണിലെ അവസാന മല്‍സരത്തില്‍ ബാഴ്‌സ ഗ്രാനഡയെയും റയല്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെയും എതിരിടും. ഗ്രാനഡയ്‌ക്കെതിരേ ജയിച്ചാല്‍ കണക്കിന്റെ കളി നോക്കാതെ തന്നെ ബാഴ്‌സ കിരീടം നിലനിര്‍ത്തും. തോല്‍ക്കുകയോ സമനിലയില്‍ കുരുങ്ങുകയോ ചെയ്താല്‍ റയലിന്റെ മല്‍സരഫലം ചാംപ്യന്‍മാരെ തീരുമാനിക്കും. റയലിന്റെ കിരീട പ്രതീക്ഷ ഇങ്ങനെയാണ്. ഗ്രാനഡയ്‌ക്കെതിരേ ബാഴ്‌സ തോല്‍ക്കുകയോ സമനിലയില്‍ കുരുങ്ങകയോ ചെയ്താല്‍ ഡിപോര്‍ട്ടീവോയ്‌ക്കെതിരേ വെന്നിക്കൊടി നാട്ടാനായല്‍ റയലിന് ജേതാക്കളാവനാവും. റയല്‍ സമനില വഴങ്ങുകയും ബാഴ്‌സ തോല്‍ക്കുകയും ചെയ്താല്‍ ഇരു ടീമിനും 88 പോയിന്റ് വീതമാവും. അങ്ങനെയെങ്കില്‍ ഗോള്‍ ശരാശരിയാവും ജേതാക്കളെ തീരുമാനിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക