|    Dec 10 Mon, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘സ്‌പെക്ട്രം’ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി 15നു നിര്‍വഹിക്കും

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പദ്ധതിയായ ‘സ്‌പെക്ട്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 15നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. നാലു ജില്ലകളില്‍ നടപ്പാക്കിവരുന്ന ‘ശരണബാല്യം’ പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി ചടങ്ങില്‍ നടത്തുമെന്ന് ആരോഗ്യ-സാമൂഹികനീതി-വനിത-ശിശുവികസന മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15ന് വൈകീട്ട് ആറിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. നാഡീവികസനത്തിലെ അപര്യാപ്തതമൂലം ചെറുപ്രായത്തില്‍ തന്നെ സാമൂഹിക കാര്യങ്ങളിലും സംസാരത്തിലും പെരുമാറ്റത്തിലുമുള്ള പൊരുത്തക്കേട് പ്രകടമാക്കുന്ന അവസ്ഥയാണ് ഓട്ടിസം. സര്‍ക്കാര്‍ മേഖലയില്‍ ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒന്നുംതന്നെ നിലവിലില്ലാത്ത സാഹചര്യത്തിലാണ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ ‘സ്‌പെക്ട്രം’ എന്ന പ്രത്യേക പദ്ധതി തയ്യാറാക്കിയത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നടപ്പാക്കിവരുന്ന ‘ശരണബാല്യം’ പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തും. തൊഴില്‍വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലിസ്, വനംവകുപ്പ്, ചൈല്‍ഡ്‌ലൈന്‍ എന്നിവയുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവ പ്രതിരോധിക്കാനാണ് വനിതാ-ശിശുവികസന വകുപ്പ് ‘ശരണബാല്യം’ എന്ന കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്.
പത്തനംതിട്ട ജില്ലയിലാണ് ഈ പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ റെസ്‌ക്യൂ ഓഫിസര്‍മാരെ നിയോഗിച്ചാണ് പദ്ധതി നടപ്പാക്കിവരുന്നത്. പദ്ധതിയുടെ ഭാഗമായി 65 കുട്ടികളെ റെസ്‌ക്യൂ ചെയ്യുകയുണ്ടായി. ഇതില്‍ 37 കുട്ടികള്‍ ഇതരസംസ്ഥാനക്കാരായിരുന്നു. പദ്ധതിയുടെ വന്‍ വിജയത്തെ തുടര്‍ന്നാണ് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ചലച്ചിത്രതാരവും നര്‍ത്തകിയുമായ നവ്യ നായര്‍ തയ്യാറാക്കിയ ഭാരതിയാര്‍ കവിതയെ ആസ്പദമാക്കിയുള്ള ‘ചിന്നം ചിറുകിളിയേ’ എന്ന നൃത്താവിഷ്‌കാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss