|    Apr 26 Thu, 2018 7:44 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സ്‌നേഹാതുരമായി… തൊട്ടുരിയാടിയ പോലെ

Published : 15th February 2016 | Posted By: SMR

slug-vettum-thiruthum‘ഇങ്ങനെ ഇനി ഒരാളില്ല’ എന്ന് സി രാധാകൃഷ്ണന്‍. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ സിപിഐ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. അതു നല്ലതിനായിരിക്കും എന്നാണ് ഞാനും ഒഎന്‍വിയും കരുതിയത്. പിന്നീടാണ് സ്വാതന്ത്ര്യത്തിനു ചങ്ങല വീഴുന്നു എന്നു തിരിച്ചറിഞ്ഞത്. അന്ന് അതിനെ എതിര്‍ക്കുകയോ അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. നിഷ്‌ക്രിയമായ കാലമായിരുന്നു അതെന്ന് കവി പുതുശ്ശേരി രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ മായാതെ നിലനില്‍ക്കും. ഒരു ദീപ്തസ്മരണയായി എന്നും അദ്ദേഹം മലയാളികള്‍ക്കിടയിലുണ്ടാവുമെന്നും എം ടി വാസുദേവന്‍ നായര്‍. ഒഎന്‍വിയുടെ ‘ചോറൂണ്’ എന്ന പ്രസിദ്ധമായ കവിത ഞാന്‍ എത്ര തവണ വായിച്ചിട്ടുണ്ട് എന്നു പറയാന്‍ കഴിയില്ല. വായിക്കുന്തോറും ഇഷ്ടം തോന്നുന്ന കവിതയാണതെന്ന് കവി അക്കിത്തം. അവസാന നാളുകളിലും അദ്ദേഹം തീച്ചൂടുള്ള അക്ഷരങ്ങള്‍കൊണ്ടു കവിതയെഴുതി, വേദനിക്കുന്നവര്‍ക്കു വേണ്ടി വാദിച്ചു എന്ന് കവി സച്ചിദാനന്ദന്‍. വാക്കില്‍ വിരിഞ്ഞ വസന്തത്തിന്റെ ഓര്‍മയാണ് മലയാളികള്‍ക്ക് ഒഎന്‍വി കുറുപ്പെന്ന് മാതൃഭൂമി എഡിറ്റോറിയല്‍….. എനിക്കേറ്റവും ഇഷ്ടപ്പെട്ട ‘ആകാശവും എന്റെ മനസ്സും’ എന്ന വലിയ കവിതയെഴുതിയ ആളെന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി… മലയാള ഭാഷയ്ക്കു വേണ്ടി, സംസ്‌കാരത്തിനു വേണ്ടി, മലയാളത്തനിമയ്ക്കു വേണ്ടി ഒഎന്‍വി എന്നും നിലകൊണ്ടുവെന്ന് സുഗതകുമാരി.. അവസാന കാലം വരെ പിഞ്ചുകരങ്ങളെ വാല്‍സല്യത്തോടെ അക്ഷരലോകത്തേക്കു പിച്ചവയ്പിച്ചുകൊണ്ടേയിരുന്നു ഒഎന്‍വിയെന്ന് ‘മലയാള മനോരമ… കേട്ടുപഴകിയ പാട്ടല്ല നാട്ടുപരിചയത്തിന്റെ പുത്തന്‍ പദാവലിയാണ് ഒഎന്‍വിക്ക് കവിതയും ഗാനവുമെന്ന് പി കെ ഗോപി.
ഇങ്ങനെ… നൂറുനൂറായിരം മരണാനന്തര വചനങ്ങള്‍… യഥാര്‍ഥത്തില്‍ മലയാളത്തിന്റെ നടുമുറ്റം കണ്ണീര്‍ക്കടലാവുമ്പോള്‍ ഒഎന്‍വി ‘ജീവിതയാത്രയില്‍ തനിക്കൊപ്പം’ നടന്നവരെ ജീവിച്ചിരിക്കെ ഓര്‍ത്തത് എങ്ങനെ…
‘ഹൃദയം കണ്ണുനീരിന്റെ നിറകുടമാവുകയും പൊടുന്നനെ കുടംതുറന്ന് പൊട്ടിച്ചിരിയുടെ നീര്‍മുത്തുകള്‍ ചീറ്റിവരുകയും ചെയ്യുന്ന അനുഭവമാണ് ബഷീര്‍ സാഹിത്യമെന്ന്…. ഗര്‍ജിച്ചത് പരാജയങ്ങളെ പരാജയപ്പെടുത്തുന്ന വിപ്ലവത്തിന്റെ ആത്മവീര്യമാണെന്നും നിലവിളിച്ചത് നിര്‍മലവും നിസ്സഹായവുമായ നിസ്വജന്മമാണെന്നും കേശവദേവിന്റെ എഴുത്തുലോകത്തെക്കുറിച്ച് എസ് കെ പൊറ്റക്കാട്. ആ കഥകളും നോവലുകളുമെല്ലാം മനുഷ്യമനസ്സുകളിലൂടെ നടന്നുപോയ സൂക്ഷ്മദൃക്കായ ഒരു സഞ്ചാരിയുടെ മധുരോദാരമായ ഗീതങ്ങളെന്ന്…. ഉറൂബിന്റെ ദര്‍ശനത്തില്‍ ഒരു വലിയ പ്രകാശപടലമായത് ഗാന്ധിജിയുടെ സ്‌നേഹോദിത ചിന്തകള്‍ തന്നെയായിരുന്നെന്നും…. മനസിലെന്നും ഗ്രാമത്തിന്റെ അഴകും വിശുദ്ധിയും കാത്തുസൂക്ഷിച്ച കവിയെന്ന് വൈലോപ്പിള്ളിയെപ്പറ്റി…. ഇടത്തരക്കാരുടെയും അതിലും താണവരുടെയും വിഷാദങ്ങള്‍ക്കും വിഹ്വലതകള്‍ക്കും രൂപം നല്‍കാന്‍ ചങ്ങമ്പുഴ, കവിതയിലൂടെ തുടങ്ങിയപ്പോള്‍ മലയാള കവിത സ്വന്തം മണ്ണിന്റെ വേരുകള്‍ കണ്ടെത്തിയെന്നും… സിനിമാഗാനമെന്ന മാധ്യമത്തിലൂടെ അപൂര്‍വസുന്ദരമായ വീണാവാദനമാണ് വയലാര്‍ രാമവര്‍മ നടത്തിയതെന്ന്…. തന്റെ കൃതികളിലൂടെ അനശ്വരതയില്‍ ഒരിടം നേടാനാവുമെന്ന ‘മട്ടും മാതിരി’യുമൊന്നുമില്ലാതെയാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ശ്രദ്ധേയമായ നോവലുകളും നാടകങ്ങളും മറ്റും എഴുതിയതെന്നും…… സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ അന്തരിച്ചപ്പോള്‍, ചിറകുകളില്‍ സംഗീതമുള്ള ആ കളഹംസം പറന്നുപോയി എന്നും ഒഎന്‍വി സ്മരിച്ചു. ‘പി കുഞ്ഞിരാമന്‍ നായരുടെ കവിത തന്‍ ആധാരശ്രുതി അറിയാവുന്ന ആര്‍ക്കും കഴിയും, മിന്നല്‍വടിയും കൈയിലേന്തി വരുന്ന തുലാവര്‍ഷമേഘത്തെപ്പോലെ ‘പി’ ഏതോ ചക്രവാളത്തില്‍ നിന്നു പാടുന്നുണ്ടാവാമെന്നും…
ഒഎന്‍വിയെക്കുറിച്ചെഴുതാന്‍ ഈ ‘വെട്ടും തിരുത്തും’ പ്രാപ്തമല്ല.. കാരണം, ദീര്‍ഘനാളത്തെ പരിചയത്തിനിടയില്‍ തനിക്കു തന്ന ഒരു ഉപദേശം മാത്രം എഴുതി ഞാന്‍ ഈ പകര്‍പ്പെഴുത്തിന് അടിവരയിടും.
എന്റെ രണ്ടു നാടകങ്ങള്‍ക്ക് മഹാനായ ഈ കവി പാട്ടുകളെഴുതി.. കൊച്ചിന്‍ മേഖല തിയേറ്റേഴ്‌സ് അവതരിപ്പിച്ച ‘തമ്പുരാന്‍ വണ്ടി’ക്കും വടകര വരദയുടെ ‘പഞ്ചഭൂതങ്ങള്‍ അഞ്ചല്ല….’ നാടകത്തിനും… നാടകലോകത്തിന്റെ നന്ദികേടുകള്‍ ഒരിക്കല്‍ ‘ഇന്ദീവര’ത്തിലിരുന്ന് ഞാന്‍ വിവരിച്ചപ്പോള്‍ തോളില്‍ തലോടി ഒഎന്‍വി പറഞ്ഞു:
‘ഒരിക്കലും സമിതിയുടെ തണലില്‍ നാടകം എഴുതാന്‍ പോവരുത്, കാശു കിട്ടില്ല. എഴുത്തു കഴിഞ്ഞാല്‍ അപമാനിച്ചു വിടുകേം ചെയ്യും…
സത്യമായിരുന്നു അത്.. ഇന്നും ഞാന്‍ ആ സദുപദേശം ശിരസാ വഹിക്കുന്നു. ഒരിറ്റു കണ്ണുനീര്‍ മാത്രം ആ മഹാ സ്‌നേഹത്തിനു മുന്നില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss