|    Apr 23 Mon, 2018 3:03 pm
FLASH NEWS

സ്‌നേഹദൂത്

Published : 13th February 2016 | Posted By: swapna en

കമല സുറയ്യ


 

kamala-das

ഇന്ത്യക്കാരെന്ന നിലയ്ക്ക് നാം സാമ്യതകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. ഇത്രയും കാലം അന്തരത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്.    പാകിസ്താന്റെ നേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും കല്ലെറിയുന്നതു നിര്‍ത്തിയാല്‍ ആ രാജ്യനിവാസികള്‍ക്കും അവിടത്തെ ഭരണകൂടത്തിനും ഇന്ത്യയോടുള്ള സമീപനം മാറും. തങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു എന്ന പാഴ്ചിന്തയില്‍ നിന്ന് പാകിസ്താന്‍ മോചനംനേടും. ഒരേ മണ്ണില്‍ ജനിച്ച കുടുംബാംഗങ്ങളാണ് ഇന്ത്യക്കാരും പാകിസ്താന്‍കാരും. സ്വതന്ത്ര ഭാരതത്തിന് ഒരു ശത്രു വേണമെന്ന് തീരുമാനിച്ചത് ബ്രിട്ടീഷുകാരായിരുന്നു. അവരുടെ തന്ത്രത്തിന് നമ്മുടെ നേതാക്കള്‍ വഴങ്ങിയെന്നത് ഓര്‍ക്കുമ്പോള്‍ മനസ്സ് പ്രക്ഷുബ്ധമാകുന്നു. പാകിസ്താന്‍ ഭാവിയില്‍ നമ്മുടെ ശത്രുവാകുമെന്ന് നാം വിശ്വസിച്ചു തുടങ്ങി. ബ്രിട്ടീഷ് തന്ത്രം വിജയിച്ചു.


a-blatant-example-of-how-corruption-is-destroying-the-indian-economy
ഭീകരപ്രസ്ഥാനം പാകിസ്താനില്‍ മാത്രമല്ല കൊടികുത്തിവാഴുന്നത്. തൊഴിലില്ലായ്മ എന്ന പ്രശ്‌നം അലട്ടുന്ന ഏതു രാജ്യത്തും രണ്ടു നേരത്തെ കഞ്ഞിക്ക് വേണ്ടി യുവാക്കള്‍ ഭീകരരായി ശമ്പളം മേടിക്കുവാന്‍ തയ്യാറാവുന്നു. ആരും ഭീകരനായി ജനിക്കുന്നില്ല. രണ്ടായിരം രൂപ തൊഴിലില്ലാ വേതനം സര്‍ക്കാറിന് കൊടുക്കുവാന്‍ കഴിഞ്ഞാല്‍ ഭീകര പ്രസ്ഥാനത്തിലേക്ക് ആരും ആകര്‍ഷിക്കപ്പെടുകയില്ല. നാം മുന്‍ഗണന കൊടുക്കുന്ന വിഷയങ്ങള്‍ സംസ്‌കാരം, ടൂറിസം മുതലായവയാണ്. അരിയുടെ വില താഴ്ത്തി കിലോവിന് മൂന്ന് രൂപയാക്കുന്നതും തൊഴിലില്ലായ്മ വേതനം നല്‍കുന്നതും പ്രാധാന്യം അര്‍ഹിക്കുന്ന അജണ്ടകളാണ്.
ലക്ഷങ്ങള്‍ ചിലവഴിച്ച് ഉത്തരേന്ത്യക്കാരായ ഗായകരേയും നര്‍ത്തകികളേയും ഗ്രൂപ്പുകള്‍ സമേതം നിരന്തരം കൊണ്ടുവന്ന് അരങ്ങില്‍ കയറ്റുന്നത് അത്യന്താപേക്ഷിതമാണോ? സംസ്‌ക്കാരം മനസ്സില്‍ നടക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയയാണ്. രണ്ട് നേരം എല്ലാ വീട്ടിലും അടുപ്പു കത്തുന്നു എന്നറിയുമ്പോള്‍ നമ്മുടെ അകത്ത് നടക്കാവുന്ന ആനന്ദോത്സവമാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌ക്കാരികോത്സവം. യുവജനോത്സവങ്ങള്‍ വൈരത്തേയും പകയേയും വളര്‍ത്തുന്നു. സംസ്‌കാരമെന്ന് ലേബല്‍ പതിച്ച് ഇറങ്ങുന്ന ആഘോഷങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന്റെ അവധി പ്രഖ്യാപിക്കുക. ഭരണകൂടം കരുണാമയമാവേണ്ടിയിരിക്കുന്നു. അണുബോംബാക്രമണത്തെപ്പറ്റി ചിന്തിച്ച് രക്തസമ്മര്‍ദ്ദം വരുത്തുന്നതിന് പകരം അന്യോന്യം നോക്കുന്ന കാഴ്ചപ്പാടിന് ഉടനടി മാറ്റം വരുത്തുക. ശത്രുവെന്ന് തെറ്റിദ്ധരിച്ചവര്‍ മിത്രങ്ങളാണെന്ന് മനസ്സിലാക്കുക.
നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കുക. അവരുടെ കരുത്തുകളെ അംഗീകരിക്കുക. അയല്‍ക്കാരാണ് യഥാര്‍ത്ഥ ബന്ധുക്കള്‍. വാണിജ്യപരമായ കൂട്ടായ്മകള്‍ സൃഷ്ടിക്കുക. സുശക്തമായ ഒരു കിഴക്കന്‍ ബ്ലോക്ക് സൃഷ്ടിച്ചെടുക്കുവാന്‍ പരമാവധി ശ്രമിക്കുക.

paki-people
അഹിംസ എന്ന മന്ത്രം പല്ലില്ലാത്ത സിംഹം മാത്രമായിരിക്കുന്ന കാലത്തിന്റെ ഗതിക്ക് അനുസരിച്ച് നാം അകത്തും പുറത്തും മാറേണ്ടിയിരക്കുന്നു. അവിശ്വാസത്തേയും അസഹിഷ്ണുതയെയും രാഷ്ട്രീയം പ്രോത്സാഹിപ്പിച്ചുവന്നു. വോട്ടിന് രാഷ്ട്രീയം ഏറ്റവും ഉയര്‍ന്ന വില കല്‍പിച്ചു. ഇനി നമുക്ക് ധനികരെ ആരാധിക്കേണ്ട, അധികാരത്തിന് വിലപേശേണ്ടതില്ല. മാനസികമായും ആത്മീയമായും പരാജയങ്ങള്‍ നേരിടുവാന്‍ കെല്‍പ്പുള്ളവര്‍ തെരഞ്ഞെടുപ്പിന് നില്‍കട്ടെ. പരാജയം ആത്മാഭിമാനത്തോട് കൂടി ഏറ്റുവാങ്ങുന്നവരാവട്ടെ നമ്മുടെ സ്ഥാനാര്‍ത്ഥികള്‍.
പെട്ടെന്നുള്ള ഒരു തിരഞ്ഞെടുപ്പ് വിജയമല്ല നമുക്ക് ഇന്നാവശ്യം. രാഷ്ട്രീയത്തിലും സമചിത്തത പാലിക്കുകയാണ് നമ്മുടെ കടമ. മതവിദ്വേഷത്തിന്റെ കോട്ടകള്‍ തകര്‍ത്തു. നമ്മുടെ അനന്തരാവകാശികള്‍ക്കു ശാന്തിയുടെ അന്തരീക്ഷം നിര്‍മ്മിക്കാനാണ് നാം ശ്രമിക്കേണ്ടത്. കൃസ്ത്യനായാലും മുസ്‌ലിമായാലും ഹിന്ദുവായാലും മതത്തില്‍ വിശ്വസിക്കാത്തവനായാലും മനുഷ്യന്‍ സമാധാനത്തോടെ രാജ്യത്ത് ജീവിക്കണം. രക്തത്തിന് മുറവിളികൂട്ടുന്നവര്‍ക്ക് നാം ആ പഴയ ദൈവസന്ദേശം കൊടുക്കുക; സ്‌നേഹം ദൈവമാണ്.

(ഖുര്‍ആന്‍ കത്തിക്കുകയോ എന്ന ശീര്‍ഷകത്തില്‍ സാഹിത്യ അക്കാദമി ഹാളില്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss