|    Jan 17 Tue, 2017 4:38 pm
FLASH NEWS

സ്‌നേഹത്തിന്റെ നിയമങ്ങള്‍

Published : 17th April 2016 | Posted By: sdq

triveni

ത്രിവേണി
ഒരു പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്ത അടുത്തിടെ സോഷ്യല്‍മീഡിയയിലടക്കം വലിയ ചര്‍ച്ചയായി. വിവാഹത്തിന് ഒരുങ്ങിയിറങ്ങിയ പെണ്‍കുട്ടി അന്യമതത്തില്‍പ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയതും അയാളെ വിവാഹം ചെയ്തതുമായിരുന്നു വിഷയം.
ഈ പെണ്‍കുട്ടിയുടെ വിഷയം ഹൈക്കോടതിയിലുമെത്തിയിരുന്നു. പെണ്‍കുട്ടിയെ തടഞ്ഞുവച്ചിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പിതാവാണ് ഹേബിയസ് കോര്‍പസ് ഹരജിയുമായി കോടതിയിലെത്തിയത്. പോലിസില്‍ പരാതിപ്പെട്ടിട്ട് നടപടിയുണ്ടായില്ലെന്നാണ് പിതാവിന്റെ ആരോപണം.
2016 മാര്‍ച്ച് 19, 1.30നാണ് പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തേണ്ടിയിരുന്നത്. ഇതിനു തൊട്ടുമുമ്പാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പണവും ആഭരണങ്ങളും നഷ്ടമായെന്നും പിതാവിന്റെ പരാതിയിലുണ്ട്. പെണ്‍കുട്ടിയെ കാമുകന്‍ തടഞ്ഞുവച്ചിരിക്കയാണെന്നാണ് വാദം.  എന്നാല്‍, കോടതി ഇടപെടലിലൂടെ പെണ്‍കുട്ടിയും കാമുകനും ഹൈക്കോടതിയില്‍ നേരിട്ടെത്തി. തന്നെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വമേധയാ കാമുകനൊപ്പം പോയതാണെന്നും തലശ്ശേരി അമ്പലത്തില്‍ വച്ച് തങ്ങള്‍ വിവാഹിതരായെന്നും പെണ്‍കുട്ടി അറിയിച്ചു.
വീട്ടില്‍ വിവാഹത്തിനുള്ള ആഘോഷം തകര്‍ക്കുമ്പോള്‍ കൂട്ടുകാരോടൊത്ത് ഫോട്ടോയെടുക്കാനെന്ന വ്യാജേന പെണ്‍കുട്ടി കാമുകനൊപ്പം പോയതായിരുന്നു. കോടതിയിലെത്തിയ പെണ്‍കുട്ടിയോട് കുടുംബാംഗങ്ങള്‍ക്ക് സംസാരിക്കണമെന്ന ആവശ്യം അനുവദിച്ചതോടെ പിതാവും മാതാവുമൊക്കെ പെണ്‍കുട്ടിയുമായി സംസാരിച്ചു. ഇതോടെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോവാമെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍, തന്റെ പ്രണയം വീട്ടുകാര്‍ അംഗീകരിക്കണമെന്ന നിബന്ധനയോടെയാണ് പെണ്‍കുട്ടി പോയത്. കൂടാതെ പെണ്‍കുട്ടിയെ ഉപദ്രവിക്കാനോ വഴക്കുപറയാനോ പാടില്ലെന്ന നിബന്ധന മാതാപിതാക്കളും അംഗീകരിച്ചു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ മകളെ അവര്‍ വീണ്ടും കോടതിയില്‍ ഹാജരാക്കി. കാമുകനുമായുള്ള വിവാഹം നടത്തിത്തരാമെന്നു മാതാപിതാക്കള്‍ സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ പഠനം തുടരാന്‍ വേണ്ടി മാതാപിതാക്കള്‍ക്കൊപ്പം പോവുകയാണെന്നും പെണ്‍കുട്ടി അറിയിച്ചു. കൂടാതെ കാമുകനുമായി സംസാരിക്കുന്നതിന് മാതാപിതാക്കള്‍ തടസ്സം നില്‍ക്കരുതെന്നും നിര്‍ദേശം വച്ചു. അങ്ങനെ മകളുടെ എല്ലാ നിബന്ധനകളും അംഗീകരിച്ച് അവളെയും കൂട്ടിയാണ് ആ മാതാപിതാക്കള്‍ വീട്ടിലേക്കു മടങ്ങിയത്.
കോഴിക്കോട്ടുകാരിയായ ഒരു പെണ്‍കുട്ടിയുടെ മാത്രം കഥയല്ലിത്. ഇത്തരത്തില്‍ നിരവധി ഹേബിയസ് കോര്‍പസ് ഹരജികളാണ് ഓരോ ദിവസവും കേരള ഹൈക്കോടതിയിലെത്തുന്നത്. കോടതി വരാന്തകളില്‍ വന്നുനിന്ന് മാതാപിതാക്കള്‍ നിലവിളിക്കുമ്പോള്‍ ഇന്നലെ കണ്ടുമുട്ടിയ കാമുകനാണ് തനിക്ക് ഏറെ വിലപ്പെട്ടതെന്നു പറഞ്ഞ് പോവുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഒട്ടും കുറവല്ല. കോടതികള്‍ക്ക് മാതാപിതാക്കളുടെ വേദനയോ മറ്റു സാഹചര്യങ്ങളോ പരിഗണിക്കാനാവില്ല. കോടതിക്ക് നിയമമാണ് പ്രധാനം.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും  സംബന്ധിച്ചിടത്തോളം അവര്‍ക്കിഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ അവകാശം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയായവര്‍ വിവാഹാവശ്യവുമായി എത്തിയാല്‍ കോടതിക്ക് അത് അനുവദിക്കാതിരിക്കാനാവില്ല. എന്നാല്‍, ഇത്തരത്തില്‍ നിയമം നോക്കി സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നവരെ ഏത് അവകാശത്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക? മാതാപിതാക്കള്‍ സ്വപ്‌നവും ജീവിതവും നല്‍കി വളര്‍ത്തി വലുതാക്കുന്ന മക്കള്‍ കേവലം 18 വയസ്സ് തികഞ്ഞുവെന്ന കാരണത്താല്‍ മാത്രം മാതാപിതാക്കളെ തള്ളിപ്പറയുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാനാവുക? വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ വീട്ടില്‍ നിന്ന് ഇറങ്ങിപോയ ആ പെണ്‍കുട്ടിയെ തിരികെ വിളിക്കാന്‍ മാത്രം വിശാലമായ ഒരു മനസ്സ് മാതാപിതാക്കള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ഉണ്ടാവുമോ?
ഓരോ മാതാവും പിതാവും മക്കളെ വളര്‍ത്തി വലുതാക്കുന്നതിനുവേണ്ടി സഹിക്കുന്ന ത്യാഗത്തിന്റെ വിലയൊന്നും ഇത്തരം എടുത്തുചാട്ടക്കാര്‍ക്ക് പ്രധാനമാവണമെന്നില്ല. സ്വന്തം ജീവിതമാണ് വലുത്. അതുകൊണ്ട് സ്വയം തീരുമാനമെടുക്കണമെന്നാണ് യുവതയുടെ ചിന്ത.
എന്നാല്‍, മാതാപിതാക്കള്‍ മക്കള്‍ക്കു വേണ്ടി മറന്ന സ്വന്തം ജീവിതത്തിന് ആരു പകരം നല്‍കും? പ്രത്യേകിച്ച് മാതാവിന്റെ ത്യാഗത്തിന്? അവരുടെ ഭക്ഷണവും ഉറക്കവും ആരോഗ്യവുമെല്ലാം മക്കള്‍ക്കു വേണ്ടി എത്ര തവണ ഉപേക്ഷിച്ചിട്ടുണ്ട്? ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാറ്റിവച്ച് മക്കളെന്ന സ്വപ്‌നവുമായി ജീവിക്കുന്നവര്‍ക്കു മുന്നില്‍ എനിക്ക് പ്രായപൂര്‍ത്തിയായി അതിനാല്‍ ഞാന്‍ സ്വയം തീരുമാനമെടുക്കുമെന്നു പറയാന്‍ മടിയില്ലാത്തവരായി മാറിയ പുതിയ തലമുറയെ ആരാണ് തിരുത്തുക? ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 112 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക