|    Apr 23 Mon, 2018 3:41 am
FLASH NEWS

സ്‌നേഹത്തിന്റെ കല്‍ക്കണ്ടം

Published : 29th March 2016 | Posted By: sdq

Sukhamayirikkatte-Movie

ഉബൈദ് തൃക്കളയൂര്‍

യുവതലമുറ വഴിതെറ്റുന്നതും പെണ്‍കുട്ടികളും രക്ഷിതാക്കളും കണ്ണീരുകുടിക്കുന്നതും നിത്യസംഭവമാണ്. പുത്തന്‍ സാങ്കേതികവിദ്യയിലെ അപകടങ്ങളാണ് പലപ്പോഴും വില്ലന്‍. ഇത് ഓര്‍മപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം സിനിമയാണ്. ഇതിനുള്ള ശ്രമമാണ് ‘സുഖമായിരിക്കട്ടെ’. വെറും ഒരു ഉപദേശ സിനിമയുടെ വേഷം കെട്ടാതെ കെട്ടുറപ്പുള്ള കഥയും അതിനൊത്ത അഭിനയവും കാഴ്ചവച്ച് ശക്തമായ ഒരു ആവിഷ്‌കാരമായി പ്രേക്ഷകന്റെ മനസ്സുനിറയ്ക്കുന്നു ഈ സിനിമ. രാവുണ്ണി മാസ്റ്ററുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും ജീവിത സാക്ഷ്യങ്ങള്‍ പ്രേക്ഷകന് സ്വന്തം വീട്ടിലെ അനുഭവമായി മാറുന്നിടത്താണ് ഈ സിനിമയുടെ വ്യതിരിക്തതയും വിജയവും.
നവ സംവിധായകനായ റെജി പ്രഭാകരന് നല്ല സിനിമയുടെ സംവിധായകന്‍ എന്ന പേര് നേടിക്കൊടുക്കാന്‍ ഈ ഒരു സിനിമ മതി. സംവിധായകന്റേതു തന്നെയാണ് കഥ. ടി എ റസാഖിന്റെ കൈപുണ്യം കഥയ്ക്ക് കൂടുതല്‍ ശക്തിയും സൗന്ദര്യവും പകര്‍ന്നിരിക്കുന്നു.

ഒരച്ഛന്‍ പകരുന്ന പാഠങ്ങള്‍
‘ഇത് ഒരു കഥയല്ല; ഒരു ജീവിതമാണ്. ഒരച്ഛന്‍ മകള്‍ക്കു നല്‍കിയ ജീവിത പാഠം…’ സിനിമാ പോസ്റ്ററിലെ ടാഗിനെ അന്വര്‍ഥമാക്കുന്നു രാവുണ്ണിമാഷ് മകള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍. എല്ലാ അച്ഛന്‍മാരും പെണ്‍മക്കള്‍ക്കു നല്‍കുന്ന ജീവിതപാഠങ്ങളാണവ. പെണ്‍മക്കള്‍ക്കു മാത്രമല്ല; ആണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മറക്കാന്‍ പറ്റാത്ത ജീവിതപാഠങ്ങളാണ് രാവുണ്ണി മാഷ് നല്‍കുന്നത്. സമൂഹത്തെ മൊത്തത്തില്‍ പലതും പഠിപ്പിക്കുകയും ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ട്, സിദ്ദീഖിന്റെ രാവുണ്ണി മാസ്റ്റര്‍. സിദ്ദീഖ് ഈ ചിത്രത്തില്‍ അഭിനയിക്കുകയില്ല; ജീവിക്കുകയാണെന്നു തന്നെ പറയാം. വില്ലന്‍വേഷവും ഹാസ്യവേഷവും മെയ്‌വഴക്കത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ആ നടന്റെ ഏറ്റവും ശക്തമായ കഥാപാത്രമാണ് രാവുണ്ണി മാസ്റ്റര്‍.
സ്‌കൂളില്‍ എല്ലാ ദിവസവും രാവുണ്ണി മാസ്റ്റര്‍ നേരത്തേ എത്തും. അദ്ദേഹത്തിന്റെ ബാഗില്‍ പൊതിച്ചോറും അറിവിനോടൊപ്പം കുട്ടികള്‍ക്ക് നല്‍കാനുള്ള കല്‍ക്കണ്ടക്കഷണങ്ങള്‍ നിറച്ച ഡപ്പിയുമുണ്ടാവും. ഉത്തരം പറഞ്ഞവന് ആ വകയിലും തെറ്റിപ്പോയവന് തെറ്റിയ വകയിലും അദ്ദേഹം സ്‌നേഹത്തിന്റെ കല്‍ക്കണ്ടം നല്‍കും. ഉച്ചപ്പട്ടിണിക്കാരായ കുട്ടികളെ കണ്ടെത്തി തന്റെ ബാഗില്‍ അവര്‍ക്കുവേണ്ടിയും നിത്യവും അന്നം കരുതുവാന്‍ അദ്ദേഹം മറന്നില്ല. രാവുണ്ണി മാസ്റ്റര്‍ കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെ പാഠങ്ങളും പഠിപ്പിച്ചു.
മകള്‍ ശ്രീലക്ഷ്മി നഴ്‌സറി സ്‌കൂള്‍ കുരുന്നായിരിക്കെയാണ് മാസ്റ്ററുടെ സഹധര്‍മിണിയുടെ നിര്യാണം. പുനര്‍വിവാഹത്തെപ്പറ്റി ആലോചിക്കാതെ മകള്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. വീട്ടില്‍ അച്ഛനും മകളും മാത്രമായി വര്‍ഷങ്ങള്‍ കടന്നുപോയി. മകള്‍ വാശിക്കാരിയാണ്. പലപ്പോഴും അവളുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ അദ്ദേഹത്തിനായില്ല. വീട്ടില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറിനു പുറമെ, സ്മാര്‍ട്ട് ഫോണും അദ്ദേഹം അവള്‍ക്ക് വാങ്ങിക്കൊടുത്തു.
മകള്‍ വളര്‍ന്നു. ചാറ്റിങും ഫോണ്‍ കിന്നാരവും അതിരുകടക്കുന്നത് മനസ്സിലായപ്പോള്‍ നേരായ വഴിയിലൂടെ മോളുടെ ഇഷ്ടം സാധിച്ചുകൊടുക്കാന്‍ മാസ്റ്റര്‍ ശ്രമിച്ചതാണ്. പക്ഷേ, ഐടി പ്രഫഷനലായ അവളുടെ ആ ചാറ്റിങ് സുഹൃത്തിന് മാതാപിതാക്കളുമായി ആലോചിച്ചുകൊണ്ടുള്ള ഒരു വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. അവനെ പിരിയാന്‍ അവള്‍ക്കും താല്‍പര്യമില്ല. അച്ഛന്റെ ഉപദേശങ്ങളിലെ സ്‌നേഹവും കരുതലും ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് സാധിക്കാതെ പോയി. ഒരു ദിവസം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ രാവുണ്ണി മാസ്റ്റര്‍ ഒരു കുറിപ്പ് കാണുന്നു: ‘എന്നെ സ്‌നേഹിക്കുന്നവരുടെ അടുത്തേക്ക് ഞാന്‍ പോകുന്നു.’
നാട്ടിലെ മുഴുവന്‍ കുട്ടികളെയും സ്വന്തം കുട്ടികളായി സ്‌നേഹിച്ച രാവുണ്ണിമാസ്റ്ററുടെ ജീവിതം അതോടെ ഒരു നെരിപ്പോടായി മാറി. വീട്ടുമുറ്റത്ത് മകളുടെ വിവാഹപ്പന്തലൊരുങ്ങുന്നത് സ്വപ്‌നം കണ്ടിരുന്ന മാഷ്, തന്റെ അയല്‍വാസിയും ദരിദ്രനും മുസ്‌ലിമുമായ ഉറ്റ സുഹൃത്തിന്റെ മകളുടെ വിവാഹപ്പന്തലൊരുക്കി സായൂജ്യമടയുന്നു. ശ്രീലക്ഷ്മിയുടെ സമപ്രായക്കാരിയും സഹപാഠിയുമായ അവളെ മാസ്റ്റര്‍ സ്വന്തം മകളായി കാണുന്നു.
ഭഗവതിയുടെ പട്ടും വളയും ചിലമ്പും സൂക്ഷിക്കുന്ന രാവുണ്ണി മാസ്റ്ററുടെ വീട്ടുമുറ്റത്ത് മുസ്‌ലിം സുഹൃത്തിന്റെ മകള്‍ക്കുവേണ്ടി വിവാഹപ്പന്തലുയരുമ്പോള്‍, അതില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിക്കുകയാണ് ചിലര്‍. അതിനവരെ പ്രേരിപ്പിക്കുന്നതോ, അതേ സമുദായക്കാരന്‍ തന്നെ. ഇതില്‍ പലരും വീണുപോകുന്നുണ്ട്. എങ്കിലും പലരും ഒറ്റപ്പെടുത്തിയെങ്കിലും നാട്ടിലെ പുരോഗമന മനസ്ഥിതിക്കാരനായ മുസ്‌ലിം പണ്ഡിതനെപ്പോലുള്ളവരുടെ സഹകരണത്തോടെ വിവാഹം ഭംഗിയാക്കാന്‍ മാസ്റ്റര്‍ക്ക് സാധിച്ചു. തന്നെ വിട്ടേച്ചുപോയ മകള്‍ക്കു പകരം തന്റെ ശിഷ്യയെ മാസ്റ്റര്‍ മകളായി വരിക്കുമ്പോള്‍ ‘മാഷച്ഛാ’ എന്നു വിളിച്ച് ശീലിച്ച അവള്‍ക്ക് രാവുണ്ണി മാസ്റ്റര്‍ അച്ഛന്‍ തന്നെയായി മാറുകയാണ്.
മിക്ക സിനിമകളിലും മുസ്‌ലിം കഥാപാത്രങ്ങള്‍ വില്ലനോ കോമാളിയോ ബോംബുവയ്ക്കുന്ന തീവ്രവാദിയോ ആയാണ് അവതരിപ്പിക്കപ്പെടാറ്. എന്നാല്‍, ഈ സിനിമയില്‍ വിനീതിന്റെ ഒരു മുസ്‌ലിം കഥാപാത്രമുണ്ട്. ഒരു യഥാര്‍ഥ മുസ്‌ലിമിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിത്വമായാണ് വിനീത് ഇതില്‍ വേഷമിടുന്നത്. ഇസ്‌ലാമിക് ഹിസ്റ്ററിയും അറബിയും പഠിപ്പിക്കുന്ന അബ്ദുമാഷ്. ചെറുപ്രായത്തില്‍ അനാഥനായപ്പോള്‍ നിത്യവും രാവുണ്ണി മാസ്റ്റര്‍ നല്‍കിയ സ്‌നേഹത്തിന്റെ പൊതിച്ചോറുണ്ട് വളര്‍ന്ന് ഉന്നതവിദ്യാഭ്യാസം നേടിയ മാസ്റ്ററുടെ പ്രിയശിഷ്യന്‍. രാവുണ്ണി മാസ്റ്ററുടെ മുസ്‌ലിം സുഹൃത്തിന്റെ മകളെ ഒരു തരിമ്പും സ്ത്രീധനം മോഹിക്കാതെ ജീവിതസഖിയായി അബ്ദുമാഷ് സ്വീകരിക്കാന്‍ തയ്യാറാവുന്നു.
മാധ്യമങ്ങളോട് സംവദിക്കുന്ന രംഗത്ത് ഈശ്വരനെ സംബന്ധിച്ച് വിനീത് പറയുന്നത് ഇങ്ങനെ: ‘ഈശ്വരന്‍ അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മിറ്റിയുമൊന്നുമല്ല. കത്തിജ്വലിക്കുന്ന സൂര്യനെ കണ്ടിട്ടില്ലേ? ഒഴുകുന്ന പുഴയും ചവിട്ടിനില്‍ക്കുന്ന ഭൂമിയും നമ്മള്‍ കണ്ടിട്ടില്ലേ? ശ്വസിക്കുന്ന വായുവിനെ നമ്മള്‍ അറിഞ്ഞിട്ടില്ലേ? അങ്ങനെ ഏതെല്ലാം രൂപത്തിലാണ് ഈശ്വരന്‍ നമുക്കുമുന്നില്‍ വരുന്നത്! അതൊന്നും നമുക്ക് മനസ്സിലാവാഞ്ഞിട്ടാണ്. എല്ലാവര്‍ക്കും മനസ്സിലാവുമെങ്കില്‍ ഈ ലോകം ഇങ്ങനെയൊന്നും ആവില്ലായിരുന്നു.’
രാവുണ്ണിമാസ്റ്ററുടെ മകളായി മുക്ത അഭിനയിക്കുന്നു. മാസ്റ്ററുടെ മുസല്‍മാനായ കൂട്ടുകാരനായി മാമുക്കോയയും മകളായി അര്‍ച്ചന കവിയും വേഷമിടുന്നു. ഒഎന്‍വി കുറുപ്പും റഫീഖ് അഹ്മദുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.
വെറുപ്പും വിദ്വേഷവുമല്ല; സ്‌നേഹവും സഹകരണവുമാണ് മനുഷ്യമനസ്സിന് സന്തോഷം നല്‍കുന്നതെന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു. അപരന്റെ വേദനയില്‍ നൊമ്പരപ്പെട്ടും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിച്ചും രാവുണ്ണി മാസ്റ്റര്‍ നമുക്കു മുന്നിലുണ്ട്.  

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss