|    Jan 23 Mon, 2017 4:09 pm

സ്‌ക്രാംജെറ്റ് എന്‍ജിന്‍ വിക്ഷേപണം വിജയകരം

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റോക്കറ്റ് വിക്ഷേപണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാന്‍ സഹായിക്കുന്ന പുതിയ റോക്കറ്റ് എന്‍ജിന്‍ ഐഎസ്ആര്‍ഒ വിജയകരമായി പരീക്ഷിച്ചു. സൂപ്പര്‍സോണിക് കംപ്യൂഷന്‍ റാംജെറ്റ് അഥവാ സ്‌ക്രാംജെറ്റ് എന്നു വിളിക്കപ്പെടുന്ന പുതിയ റോക്കറ്റ് എന്‍ജിന്‍ ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ രാവിലെ ആറോടെയാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കിരണ്‍ കുമാര്‍ പറഞ്ഞു.
അന്തരീക്ഷവായു ആഗിരണം ചെയ്ത് ഓക്‌സിജന്‍ ഇന്ധനജ്വലനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ റോക്കറ്റാണ് പുതിയ എന്‍ജിനില്‍ ഉപയോഗിച്ചത്. ഈ സാങ്കേതികവിദ്യ കൈവശമുള്ള മൂന്നാമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. സാധാരണഗതിയില്‍ ഇന്ധനവും ജ്വലനസഹായിയും ഉപയോഗിച്ചാണ് എന്‍ജിന്‍ വിക്ഷേപണത്തിനു തയ്യാറാക്കുക. പരീക്ഷണത്തിന്റെ ഭാഗമായി എന്‍ജിനുകള്‍ 55 സെക്കന്‍ഡ് ജ്വലിപ്പിച്ചു. റോക്കറ്റ് വിക്ഷേപിച്ച് 11 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയപ്പോഴാണ് രണ്ടു സ്‌ക്രാംജെറ്റ് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ചത്.
അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് ജ്വലനം നടത്തുന്ന സാങ്കേതികവിദ്യ എന്‍ജിനുകളില്‍ ഉപയോഗിക്കുന്നതോടെ റോക്കറ്റിന്റെ മൊത്തം ഭാരം ഗണ്യമായി കുറയ്ക്കുകയും എന്‍ജിന്റെ കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. 70 കിലോമീറ്റര്‍ ഉയരത്തിലെത്തി അഞ്ചു സെക്കന്‍ഡിനകം റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കും. ശബ്ദത്തേക്കാള്‍ ആറു മടങ്ങ് വേഗതയുള്ളതാണ് വിക്ഷേപണ വാഹനം. ആര്‍എച്ച് ശ്രേണിയിലുള്ള രണ്ടു റോക്കറ്റുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് പുതിയ റോക്കറ്റിന്റെ രൂപകല്‍പന. നിലവില്‍ റോക്കറ്റുകളില്‍ ഇന്ധനവും ഓക്‌സൈഡും പ്രത്യേക അറകളിലാണ് സൂക്ഷിക്കുന്നത്.  ഭാരത്തില്‍ 80 ശതമാനവും ഈ ഓക്‌സൈഡുകളാണ്. സ്‌ക്രാംജെറ്റിന്റെ വിജയത്തോടെ റോക്കറ്റിന്റെ ഭാരം കുറയും. കൂടുതല്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിക്കാന്‍ കഴിയും. യുഎസ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഈ സാങ്കേതികവിദ്യയുള്ളത്.
മുമ്പ് പരീക്ഷിച്ച ആര്‍എല്‍വി പോലെ ബഹിരാകാശ വിക്ഷേപണങ്ങള്‍ ചെലവു കുറച്ച് നടത്താന്‍ സഹായിക്കുന്നതാണ് പുതിയ റോക്കറ്റ് എന്‍ജിനും. ജൂലൈ 28ന് നടത്താനിരുന്ന എന്‍ജിന്‍ പരീക്ഷണം, കാണാതായ വ്യോമസേനാ വിമാനം കണ്ടെത്തുന്നതിനായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക