|    Jul 24 Mon, 2017 6:00 pm
FLASH NEWS

സ്‌കോള്‍ കേരള: മലപ്പുറത്തെ അപേക്ഷ തിരുവനന്തപുരത്തേക്കു മാറ്റുന്നു

Published : 8th October 2016 | Posted By: Abbasali tf

മലപ്പുറം: സ്‌കോള്‍ കേരള (ഓപണ്‍ സ്‌കൂള്‍) മലബാര്‍ മേഖലാ കേന്ദ്രം അടച്ചുപൂട്ടുന്നതിന്റെ ആദ്യപടിയെന്നോണം കേന്ദ്രം വഴി ഹയര്‍സെക്കന്‍ഡറി പഠനത്തിനു മലപ്പുറത്തുനിന്നു അപേക്ഷിച്ചവരുടെ രേഖകള്‍ തിരുവനന്തപുരം ആസ്ഥാന കേന്ദ്രത്തിലേക്കു മാറ്റുന്നു. വെള്ളിയാഴ്്ച്ച അര്‍ധരാത്രിയോടെ ജില്ലയില്‍ നിന്നുള്ള അപേക്ഷകള്‍ വാഹനം കിട്ടുന്ന മുറയ്്്ക്ക് സൂക്ഷ്്മപരിശോധനയ്്്ക്കായി തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോവുമെന്ന് മേഖലാ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇതിനായി അപേക്ഷള്‍ ഇന്നലെ വൈകീട്ടോടെതന്നെ തരംതിച്ച് കെട്ടുകളാക്കി. അപേക്ഷകള്‍ മാറ്റുന്നത് വിദ്യാര്‍ഥി സംഘടനകള്‍ തടയുമെന്ന് ഭയന്നാണു കൊണ്ടുപോവല്‍ വൈകിയതെന്നാണു സൂചന. അപേക്ഷകള്‍ വ്യാഴാഴ്ച്ച തിരുവനന്തപുരത്തേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് മേഖലാ കേന്ദ്രത്തിലേക്ക് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചിരുന്നു. ജില്ലയില്‍ നിന്നു ഈ അധ്യയന വര്‍ഷം 25,813 കുട്ടികളാണ് ഓപണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാ കേന്ദ്രം വഴി അപേക്ഷിച്ചിരുന്നത്. ഈ അപേക്ഷകളാണു മാറ്റുന്നത്. മേഖലാ കേന്ദ്രത്തില്‍ നിന്നു അപേക്ഷകള്‍ പരിശോധിച്ച് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. അടുത്ത 26ന് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, മലപ്പുറത്തെ അപേക്ഷകള്‍ പരിശോധനയ്ക്ക് എടുക്കാന്‍പോലും ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിനു കിഴിലെ മറ്റുജില്ലകളില്‍ നിന്നുള്ള അപേക്ഷകളിലെ പരിശോധന ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത്  തെക്കന്‍ ജില്ലകളില്‍ നിന്നുള്ള അപേക്ഷകള്‍ പരിശോധന പൂര്‍ത്തിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അപേക്ഷകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. അതേസമയം, കഴിഞ്ഞ നാലുമാസത്തോളമായി കേന്ദ്രത്തിന് നാഥനില്ലാത്ത അവസ്ഥയായിരുന്നു. മേഖലാ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാനായ കോ-ഓഡിനേറ്റര്‍ കസേരയില്‍ ആളില്ലാത്തതു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഓപണ്‍ സ്‌കൂള്‍ പ്രവേശന നടക്കുന്ന സമയത്തുപോലും കോ-ഓഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞു കിടന്നതാണ് അപേക്ഷകളില്‍ പരിശോധന നടത്താന്‍പോലും കഴിയാതെ പ്രതിസന്ധിയിലാക്കിയത്. പുതിയ കോ-ഓഡിനേറ്ററെ നിയമിക്കാന്‍പോലും സര്‍ക്കാറിനായില്ല. ഓപണ്‍ സ്‌കൂളിന്റെ പേര് സ്‌കോള്‍ കേരള എന്നാക്കിയെങ്കിലും പേരു മാറ്റി പുതിയ ബോര്‍ഡ് സ്ഥാപിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി ഇത്തവണ 58,705 പേരാണ് മേഖലാകേന്ദ്രം വഴി ഓപണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിനായി അപേക്ഷിച്ചത്. 25,813 അപേക്ഷകരുള്ള മലപ്പുറമാണ് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള ജില്ല. എന്നാല്‍, മലപ്പുറത്തെ മേഖലാകേന്ദ്രം അടച്ചുപൂട്ടുന്നതിന്റെ തുടക്കമെന്ന നിലയിലാണ് അപേക്ഷകള്‍ മാറ്റുന്നതെന്നാണ് ആരോപണം.ക്രമേണ മറ്റുജില്ലകളുടെയും അപേക്ഷകളും തിരുവനന്തപുരം ഓപണ്‍ സ്‌കൂള്‍ ആസ്ഥാന കേന്ദ്രത്തിലേക്കു മാറ്റിയേക്കും. അങ്ങനെ മലബാറിലെ ഹയര്‍സെക്കന്‍ഡറി ഓപണ്‍ വിദ്യാര്‍ഥികളുടെ ചിരകാലഭിലാഷമായിരുന്ന മേഖലാകേന്ദ്രത്തിന് എന്നന്നേക്കുമായി പൂട്ടുവിഴും. കേന്ദ്രത്തിന് പൂട്ടുവിഴുന്നതോടെ ആയിരക്കണക്കായ കുട്ടികള്‍ രേഖകളും മറ്റും ശരിയാക്കുന്നതിനായി തിരുവനന്തപുരത്തേക്ക് വണ്ടികയറേണ്ടി വരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക