|    May 30 Tue, 2017 1:13 pm
FLASH NEWS

സ്‌കോര്‍പീന്‍: രഹസ്യം ചോര്‍ന്നിട്ടില്ലെന്ന് നാവികസേന

Published : 26th August 2016 | Posted By: SMR

ന്യൂഡല്‍ഹി: നാവികസേനയുടെ അത്യാധുനിക അന്തര്‍വാഹിനിയായ സ്‌കോര്‍പീനെക്കുറിച്ചുള്ള നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് പ്രാഥമികാന്വേഷണ റിപോര്‍ട്ട്. 2011നു മുമ്പുള്ള വിവരങ്ങളാണ് പുറത്തായതെന്നും നാവികസേന പ്രതിരോധ മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ചിലി, മലേസ്യ എന്നീ രാജ്യങ്ങളിലെ സ്‌കോര്‍പീന്‍ ഗണത്തില്‍പ്പെട്ട അന്തര്‍വാഹിനികളുടെ വിവരങ്ങളാണ് ചോര്‍ന്നവയില്‍ ഏറെയും.
ഇവ അഞ്ചുവര്‍ഷം മുമ്പുള്ള കരടുവിവരങ്ങള്‍ മാത്രമാണെന്ന് സ്‌കോര്‍പീന്‍ നിര്‍മിക്കുന്ന പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള മുംബൈ മസഗാവ് കപ്പല്‍ശാലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ റിയര്‍ അഡ്മിറല്‍ ആര്‍ കെ ശ്രാവന്ത് വ്യക്തമാക്കി. വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നാണെന്ന അന്തര്‍വാഹിനിയുടെ സാങ്കേതികവിദ്യ രൂപകല്‍പന ചെയ്ത ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസിന്റെ വാദത്തെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.
ഫ്രാന്‍സുമായി ചേര്‍ന്ന് സംയുക്ത അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി രണ്ടംഗസമിതിയെ ഫ്രാന്‍സിലേക്ക് അയക്കും. ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിരോധ സുരക്ഷാവിഭാഗവും അന്വേഷണത്തില്‍ പങ്കാളിയാവും. അതേസമയം, വിവരങ്ങള്‍ ചോര്‍ന്നതല്ലെന്നും ഫ്രഞ്ച് കമ്പനിയില്‍ നിന്നു മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍. ഡിസിഎന്‍എസ് കമ്പനിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടില്ല. എന്നാല്‍, ഒരു വ്യക്തിയുടെ വിശ്വാസവഞ്ചന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിര്‍മാണത്തിലുള്ള ആറ് അന്തര്‍വാഹിനികളുടെ പ്രവര്‍ത്തനരീതികളും മറ്റും വിശദീകരിക്കുന്ന 22,400ല്‍പരം പേജുകള്‍ ചോര്‍ന്ന വിവരം കഴിഞ്ഞ ദിവസം ആസ്‌ത്രേലിയന്‍ പത്രമാണ് പുറത്തുവിട്ടത്. സുപ്രധാന വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി വെളിപ്പെടുത്തുമെന്നും പത്രം അറിയിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day