|    Jan 19 Thu, 2017 12:08 pm
FLASH NEWS

സ്‌കൂള്‍ സമയം പാലിച്ചില്ല; ടിപ്പറുകള്‍ പോലിസ് തടഞ്ഞു

Published : 24th September 2016 | Posted By: SMR

മുക്കം: ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ശന നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സ്‌കൂള്‍ സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന ടിപ്പര്‍ ലോറികള്‍ മുക്കം പോലിസ് തടഞ്ഞു. പോലിസ് സ്‌റ്റേഷന്‍ പരിസരത്താണ് വാഹനങ്ങള്‍ തടഞ്ഞത്. കൊടുവള്ളി സിഐ ബിശ്വാസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനും കാരണമായി.
സമയക്രമം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും ഉടമകളും പോലിസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. രാവിലെ 8.30 മുതല്‍ പത്ത് മണി വരെയും വൈകിട്ട് 3.30 മുതല്‍ 5 മണി വരെയും ടിപ്പറുകള്‍ സര്‍വീസ് നടത്തുന്നത് തടഞ്ഞ് ഹൈക്കോടതിയും 9 മുതല്‍ 10 മണി വരെയും 4 മുതല്‍ 5 മണി വരെയും സര്‍വീസ് നടത്തുന്നത് തടഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കേയാണ് മലയോര മേഖലയില്‍ ഇവയെല്ലാം കാറ്റില്‍ പറത്തി ടിപ്പര്‍ ലോറികള്‍ മരണപാച്ചില്‍ നടത്തുന്നത്. മേഖലയിലെ നൂറുകണക്കിന് ക്വാറി, ക്രഷര്‍, എം സാന്റ് യൂനിറ്റുകളില്‍ നിന്നായി 2500 ഓളം ടിപ്പറുകളാണ് ദിവസവും സംസ്ഥാന പാതയിലൂടെ ഓടുന്നത്. അനുവദിച്ചതിലധികം ലോഡുമായി പോവുന്ന ഇത്തരം വാഹനങ്ങള്‍ മനുഷ്യജീവന് ഭീഷണിയാവുന്നതിനൊപ്പം റോഡുകള്‍ തകരുന്നതിനും കാരണമാവുന്നുണ്ട്. അടുത്ത രണ്ടു മാസത്തിനിടയില്‍ മാത്രം നടന്ന പത്തോളം ടിപ്പര്‍അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ നിരവധിയാണ്. ഈ അവസ്ഥയില്‍ നാട്ടുകാരുടെ പരാതികള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മുക്കം എസ്‌ഐ ഇ കെ അബ്ദുറഹിമാന്‍, എഎസ്‌ഐ സി പി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടിപ്പറുകള്‍ തടഞ്ഞത്. ഒരു മണിക്കൂറിനിടെ തന്നെ 100 കണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ തടഞ്ഞത്. സ്‌കൂള്‍ സമയം പാലിക്കാന്‍ തയ്യാറായില്ലങ്കില്‍ നാളെ മുതല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുക്കം എസ്‌ഐ  പറഞ്ഞു.നേരത്തെ പരാതി നല്‍കിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ മലയോര മേഖലയില്‍ വിവിധയിടങ്ങളില്‍ നാട്ടുകാര്‍ ടിപ്പറുകള്‍ തടഞ്ഞിരുന്നു. ഇത് നാട്ടുകാരും ടിപ്പര്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനും കാരണമായിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസ് നടപടി ശക്തമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക