|    Jul 17 Tue, 2018 11:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ : കര്‍ശന നിര്‍ദേശങ്ങളുമായി സിബിഎസ്ഇ സര്‍ക്കുലര്‍

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ സിബിഎസ്ഇ പുറത്തിറക്കി. സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരെ മാനസിക പരിശോധനയ്ക്കു വിധേയമാക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെടുകയും സമീപത്തെ മറ്റൊരു സ്‌കൂളിലെ നഴ്‌സറി വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിനിരയാവുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സിബിഎസ്ഇ ഡെപ്യൂട്ടി സെക്രട്ടറി ജയപ്രകാശ് ചതുര്‍വേദിയുടെ ഒപ്പോടെ ഇന്നലെയാണ് സര്‍ക്കുലര്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.സ്‌കൂളിലേക്കും വീട്ടിലേക്കുമുള്ള യാത്രകളിലും കാംപസിനുള്ളിലും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയവും സിബിഎസ്ഇയും നേരത്തേ നല്‍കിയ മാര്‍ഗരേഖകള്‍ കര്‍ശനമായി നടപ്പാക്കണമെന്നു സര്‍ക്കുലറില്‍ പറയുന്നു. സുരക്ഷാ പരിശോധന നടത്തുകയും അതിന്റെ വിവരങ്ങള്‍ രണ്ടുമാസത്തിനകം എല്ലാ സ്‌കൂളുകളും സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യണം. അതതു പ്രദേശത്തെ പോലിസ് സ്‌റ്റേഷനാണ് സുരക്ഷാ പരിശോധനയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ കര്‍ശനമായി നടപ്പാക്കണം. മുഴുവന്‍ ജീവനക്കാരുടെയും പോലിസ് വെരിഫിക്കേഷനും മാനസികാരോഗ്യ പരിശോധനയും നടത്തിയിരിക്കണം. സ്‌കൂള്‍ കോംപൗണ്ടിനുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറകള്‍ സ്ഥാപിക്കണം. 24 മണിക്കൂറും കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ പറയുന്നു.സ്‌കൂളിലെ മുഴുവന്‍ അനധ്യാപക ജീവനക്കാരുടെയും കുടുംബപശ്ചാത്തലം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധ്യാപക-രക്ഷാകര്‍തൃ-വിദ്യാര്‍ഥി കൂട്ടായ്മ രൂപീകരിക്കണം. ഇവര്‍ നിശ്ചിത ഇടവേളകളില്‍ യോഗം ചേരുകയും നിരീക്ഷണം നടത്തുകയും വേണം. മാതാപിതാക്കളുമായി സ്‌കൂള്‍ അധികൃതര്‍ ആശയവിനിമയം നടത്തണം. പൊതുസമൂഹത്തിന്റെയും ജീവനക്കാരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരാതികള്‍ അറിയിക്കാനും അവ പരിഹരിക്കാനും ലൈംഗികാതിക്രമങ്ങ ള്‍ പരിശോധിക്കാനും സമിതികള്‍ രൂപീകരിക്കണം. ഈ സമിതിയുടെ അംഗങ്ങളുടെ വിവരങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss