|    Mar 24 Sat, 2018 9:41 am
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ ബാഗുകളുടെ ഭാരം ഇക്കുറിയും കുറയില്ല

Published : 10th April 2016 | Posted By: SMR

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: വരുന്ന ജൂണ്‍ മാസത്തിലും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ കഴുതച്ചുമട്’സ്‌കൂ ള്‍ ബാഗ് തോളുകളില്‍ പേറേണ്ടതായിവരും. കുട്ടികളെ വികലാംഗരാക്കുന്ന സ്‌കൂള്‍ ബാഗിന്റെ തൂക്കം ഇക്കുറിയും കുറഞ്ഞുകിട്ടുന്ന ലക്ഷണമില്ല. കേരളത്തിലെ കുട്ടികള്‍ അവര്‍ക്ക് അനുവദനീയമായതിലും 30 ശതമാനത്തിലധികം ഭാരമാണ് സ്‌കൂള്‍ ബാഗിലൂടെ വഹിക്കുന്നത്.
കഴുതകള്‍ ചുമടുംതാങ്ങി നിരങ്ങി നീങ്ങുന്നതുപോലെയാണ് നമ്മുടെ കുട്ടികളും തിരക്കുപിടിച്ച റോഡിലൂടെ നടന്നുനീങ്ങുന്നത്. ഒരു കുട്ടിയുടെ ഭാരത്തിന്റെ 10 ശതമാനത്തിലധികം ഭാരം പുസ്തക സഞ്ചിക്കുണ്ടാവരുതെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു.
ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി തൂക്കാവുന്ന ഭാരം രണ്ടു കിലോഗ്രാം മാത്രമാണ്. മൂന്നു മുതല്‍ ആറാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പരമാവധി അഞ്ചു കിലോ ആവാം. ഏഴ് കിലോ ഭാരം മാത്രമേ പരമാവധി ഏഴുമുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവൂ. എന്നാല്‍, ഈ കണക്കനുസരിച്ചുള്ള ഭാരമല്ല ഇവിടെ കുട്ടികള്‍ വഹിക്കുന്നത്. കുട്ടികള്‍ ചുമക്കുന്ന അധികഭാരം അവരുടെ ശാരീരിക-മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടേണ്ട രക്ഷാ—കര്‍തൃ സംഘടനകളും തങ്ങളുടെ പൊന്നോമന മക്കള്‍ക്കായി ഏറെയൊന്നും രംഗത്ത് വന്നതുമില്ല. പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന് സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ടായിട്ടും പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഇടപെട്ടിട്ടില്ലായെന്നാണറിയുന്നത്. പതിനെട്ട് വയസ്സുവരെയാണ് മനുഷ്യശരീരവളര്‍ച്ചയുടെ മുഖ്യ ഘട്ടം. കുട്ടിയുടെ നട്ടെല്ലിനെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട് ഈ ഭാരംപേറല്‍.
കുട്ടികളില്‍ നട്ടെല്ലിന്റെ ഡിസ്‌കുകള്‍ക്ക് തകരാറ് സംഭവിക്കുന്നത് ഏറിവരുന്നതിന്റെ കാരണവും പുസ്തകസഞ്ചിയുടെ അധികഭാരം തന്നെയെന്ന് വിദഗ്ധരായ ഡോക്ടര്‍മാരും പറയുന്നു. ശരീരത്തിന്റെ 20 ശതമാനത്തിലധികം നട്ടെല്ലിന്റെ മീതെ നേരിട്ട് വഹിക്കുന്നതും ഹാനികരംതന്നെ.
വര്‍ഷത്തില്‍ കാല്‍കൊല്ലം, അരക്കൊല്ലം പരീക്ഷകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ അധ്യയന വര്‍ഷത്തെ ഭാഗിച്ച് ചെറിയ പുസ്തകങ്ങളുണ്ടാക്കണം. അല്ലെങ്കില്‍ പാശ്ചാത്യനാടുകളില്‍ നിലവിലുള്ള സ്‌കൂള്‍ ലോക്കര്‍ സമ്പ്രദായം ഏര്‍പ്പെടുത്താം. കുട്ടികളെ ഇക്കുറിയെങ്കിലും കഴുതച്ചുമട്’താങ്ങികളാക്കാതിരിക്കാന്‍ ശ്രമിക്കണം.
മഹാരാഷ്ട്രയിലെ കുട്ടികളുടെ മുതുകത്ത് നിന്നും ആ ഭാരം ഒഴിയുന്നുവെന്ന വാര്‍ത്ത ഏറെ ശുഭകരമാണ്. മഹാരാഷ്ട്രയിലെ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിനു വേണ്ടി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സ്റ്റേറ്റ് ബ്യൂറോ ഓഫ് ടെക്സ്റ്റ് ബുക്ക് പ്രൊഡക്ഷന്‍ ആന്റ് കരിക്കുലം റിസര്‍ച്ച് ആണ് കുട്ടികള്‍ക്ക് മുതുകത്തെ ഭാരം ഒഴിവാക്കാന്‍ അപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. ഇനി അവിടത്തെ കുട്ടികള്‍ക്ക് ഇ ബാലഭാരതി എന്ന ആപ്പിലൂടെ പാഠങ്ങള്‍ മൊബൈലിലൂടെ വായിച്ചുപഠിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss