|    Jun 25 Sun, 2017 5:42 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സ്‌കൂള്‍ ബസ്സുകള്‍ ഉപയോഗിക്കുന്നത് പകുതി കുട്ടികള്‍ മാത്രം

Published : 14th November 2016 | Posted By: SMR

ദോഹ: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പകുതി പേര്‍ മാത്രമാണ് സ്‌കൂള്‍ ബസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതെന്ന് നാഷനല്‍ ട്രാഫിക് സേഫ്റ്റി കമ്മിറ്റി(എന്‍ടിഎസ്ഇ). റോഡുകളിലെ കുരുക്ക് ഒഴിവാക്കുന്നതിന് പരമാവധി കുട്ടികളെ സ്‌കൂള്‍ ബസ്സുകളില്‍ അയക്കണമെന്ന് എന്‍ടിഎസ്ഇ ജനറല്‍ മാനേജര്‍ ജിം ജ്രൈവ് ഖത്തര്‍ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ ആയിരക്കണക്കിന് കുട്ടികള്‍ രാവിലെയും ഉച്ചയ്ക്കു ശേഷവും സ്വകാര്യ വാഹനങ്ങളിലാണ് സ്‌കുളിലേക്കു വരുന്നതും പോകുന്നതും. ഇത് റോഡുകളിലുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. 2012ല്‍ മൂന്നിലൊന്ന് കുട്ടികള്‍ മാത്രമാണ് സ്‌കൂള്‍ ബസ്സ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് പകുതിയിലേറെയായിട്ടുണ്ടെന്ന് ജ്രൈവ് പറഞ്ഞു. ഇത് 80 ശതമാനത്തിലെത്തിക്കുകയാണ് എന്‍ടിഎസ്ഇയുടെ ലക്ഷ്യം. മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ ഇത്രയും പേര്‍ ബസ്സുകള്‍ പ്രയോജനപ്പെടുത്തിയാല്‍ 50,000 സ്വകാര്യ വാഹനങ്ങള്‍ രാവിലെയും ഉച്ചയ്ക്കും റോഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്ന് ജ്രൈവ് ചൂണ്ടിക്കാട്ടി.
ഇതിനുള്ള പരീക്ഷണ പദ്ധതി എന്ന നിലയില്‍ 11 സര്‍ക്കാര്‍ സ്‌കൂളുകളെയാണ് എന്‍ടിഎസ്ഇ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെയുള്ള രക്ഷിതാക്കളില്‍ സ്‌കൂള്‍ ബസ്സ് പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധവല്‍ക്കരണം നടത്തും. സൗകര്യം, വിശ്വാസ്യത തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ ബസ്സുകള്‍ക്ക് പകരം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് റാന്‍ഡ്-ഖത്തര്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നു. സുരക്ഷാ ആശങ്കയും മറ്റൊരു കാരണമാണ്. ഈ വര്‍ഷം ആദ്യം സ്‌കൂള്‍ ബസ്സ് അപകടത്തില്‍പ്പെട്ട് അഞ്ച് വയസ്സുകാരി മരിക്കുകയും ഏതാനും കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സ്‌കൂള്‍ ബസ്സ് കാറുമായും പിക്കപ്പ് ട്രക്കുമായും കൂട്ടിയിടിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഇത് രക്ഷിതാക്കളില്‍ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍, റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറയുന്നത് സുരക്ഷയില്‍ വലിയ പുരോഗതിയുണ്ടാക്കുമെന്ന് ജ്രൈവ് ചൂണ്ടിക്കാട്ടി. അത്യാധുനിക സൗകര്യങ്ങളുള്ള ബസ്സ് മുവാസലാത്തിനുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഇത്തരം ബസ്സുകള്‍ ലഭ്യമാക്കും.
സ്‌കൂള്‍ ബസ്സുകളുടെ എണ്ണം 780 ആയി ഉയര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം മുവാസലാത്ത് പ്രഖ്യാപിച്ചിരുന്നു. 42 ശതമാനം വര്‍ധനയാണ് വരുത്തിയത്. ബസ്സുകള്‍ ജിപിഎസ് വഴി ട്രാക്ക് ചെയ്യാന്‍ പറ്റുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പുറത്തിറക്കുന്ന കാര്യവും മുവാസലാത്ത് പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക