|    Nov 16 Fri, 2018 2:19 am
FLASH NEWS

സ്‌കൂള്‍ ബസ്സുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന; ഒമ്പത് വാഹനങ്ങള്‍ കസ്റ്റഡിയില്‍; സീറ്റുകള്‍ക്ക്പകരം പലക ബഞ്ച്

Published : 7th August 2016 | Posted By: SMR

കാക്കനാട്: സ്‌കൂള്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. ഒമ്പത് വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് എറണാകുളം ആര്‍ടിഓഫിസിലെത്തിച്ചു.
എറണാകുളം വില്ലിങ്ടണ്‍ ഐലന്റിലെ കേന്ദ്രീയ വിദ്യാലയ പരിസരം കേന്ദ്രീകരിച്ചു നടത്തിയ വാഹനപരിശോധനയില്‍ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നവിധം സ്‌കൂള്‍ ബസ്സുകളില്‍ സീറ്റുകള്‍ക്കുപകരം പലക കൊണ്ടുള്ള ബഞ്ചില്‍ കുട്ടികളെ ഇരുത്തിക്കൊണ്ടുപോവുന്നതായി കണ്ടെത്തി. കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികളെ കൊണ്ടുപോവുന്ന വാഹനങ്ങളിലാണ് പലക ബഞ്ച് കണ്ടെത്തിയത്.
ഒമ്പത് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തിലാണ് ബഞ്ചുകളില്‍ കുട്ടികളെ ഇരുത്തി കൊണ്ടുപോവുന്നതായി കാണപ്പെട്ടത്. കൂടാതെ ഇവയെല്ലാംതന്നെ ടാക്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സീറ്റുകള്‍ മാറ്റി ബഞ്ച് സ്ഥാപിച്ചത് കൂടുതല്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു ലക്ഷ്യം. കുട്ടികള്‍ യാത്രചെയ്യുന്നസമയം നട്ടെല്ലിന് ഗുരുതരമായ തകരാറും അപകടമുണ്ടായാല്‍ വിപ്‌ലാഷ് ഇന്‍ജുറിക്കും സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ കയറ്റിക്കൊണ്ടുപോവുന്ന വാഹനങ്ങളെ സംബന്ധിച്ച് പ്രത്യേക ശ്രദ്ധ സ്‌കൂള്‍ അധികൃതര്‍ക്കും ഉണ്ടാവണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ് ഗൗനിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നതെന്ന് ഇവര്‍ പറഞ്ഞു.
സ്വകാര്യ കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളാണ് പിടിക്കപ്പെട്ടവയെല്ലാം. തുടര്‍ന്നും സ്‌കൂള്‍ വാഹനങ്ങളിലെ പരിശോധന ശക്തമാക്കുമെന്നും ആര്‍ടിഒ സാദിഖ് അലി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം സുരേഷിന്റെ നിര്‍ദേശപ്രകാരം മട്ടാഞ്ചേരി ജോ. ആര്‍ടിഒ ജി അനന്തകൃഷ്ണന്‍, മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി മനോജ്കുമാര്‍, എഎംവി പി ഇ റെന്‍ഷീദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
പറവൂര്‍: സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോവുന്നു എന്ന പരാതിയെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. ഇരുപത്തഞ്ചോളം വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.
പെരുവാരത്തുനിന്ന് നഗരത്തിലെ സ്‌കൂളുകളിലേക്കു കുട്ടികളേയും കൊണ്ടുവരുന്ന ഓട്ടോറിക്ഷയില്‍ 11 പേരെയാണ് കുത്തിനിറച്ച് കണ്ടത്. ഡിക്കിയിലും കുട്ടികളെയിരുത്തി അവര്‍ക്കൊപ്പം മറ്റു കുട്ടികളുടെ ബാഗുകള്‍വച്ച് ശ്വാസം മുട്ടുന്ന രീതിയിലാണ് സര്‍വീസ് നടത്തുന്നത്. മൂന്നുപേരെ കയറ്റാന്‍ പെര്‍മിറ്റ് നല്‍കിയ വാഹനത്തില്‍ 12 വയസ്സിനുതാഴെയായാല്‍ രണ്ടുകുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ കണക്കാക്കിയാല്‍ പോലും ആറു കുട്ടികളെ മാത്രമേ ഓട്ടോറിക്ഷയില്‍ കയറ്റാവൂ.
നഗരത്തിലെ പ്രമുഖമായ ഒരു വിദ്യാലയത്തിലെ സ്‌കൂള്‍ ബസ്സില്‍ 13 പേരെ കയറ്റാവുന്ന വാഹനത്തില്‍ 45 കുട്ടികളെ കുത്തിക്കയറ്റിയാണ് സര്‍വീസ് നടത്തിയത്. കുട്ടികള്‍ നിന്നും എന്‍ജിനുമുകളില്‍ വരെ ഇരുന്നുമാണ് യാത്ര ചെയ്തിരുന്നത്. ഈ വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. പരിശോധനയില്‍ എംവിഐമാരായ എ ആര്‍ രാജേഷ്, പ്രമോദ് ശങ്കര്‍, എഎംവിഐമാരായ പി ആര്‍ രജീഷ്, ബെന്നി വര്‍ഗീസ്, മില്‍ജു തോമസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നും പരിശോധന ശക്തമാക്കുമെന്ന് പറവൂര്‍ ജോ. ആര്‍ടിഒ ബിജു ജെയിംസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss