|    Jan 23 Mon, 2017 4:10 pm

സ്‌കൂള്‍ പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാന്‍

Published : 26th June 2016 | Posted By: SMR

slug-enikku-thonnunnathuഎസ് കബീര്‍കുട്ടി, ചവറ

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തക വിതരണം കുത്തഴിഞ്ഞിട്ട് 10 വര്‍ഷത്തോളമായി. എം എ ബേബി വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ കയറ്റിറക്കു ചെലവുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരുടെ അഹങ്കാരത്തിന് ബലിയാടാക്കപ്പെട്ടത് കേരളത്തിലെ പൊതുവിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്. ജില്ലാ ബുക്ക് ഡിപ്പോകളില്‍നിന്നു സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് നേരിട്ട് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നപ്പോള്‍ പുസ്തകങ്ങള്‍ ലഭിക്കാത്ത പരാതി ഉയര്‍ന്നിരുന്നില്ല. അണ്‍ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളില്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ലഭ്യമാവും. എന്നാല്‍, മറ്റു സ്‌കൂളുകളില്‍ സപ്തംബര്‍ ആയാലും പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത അവസ്ഥ കേരളത്തില്‍ മാത്രമാണുള്ളത്. പണം കൊടുത്താലും പാഠപുസ്തകങ്ങള്‍ ലഭ്യമാവാത്ത ഏക സംസ്ഥാനവും കേരളമാണ്.
സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനേക്കാള്‍ കുറച്ചും ചിലപ്പോള്‍ അധികവും ഇരട്ടിയുമൊക്കെ പാഠപുസ്തകങ്ങളാണ് എത്തിക്കാറുള്ളത്. കിട്ടാനുള്ളതിന്റെയും അധികമായി ലഭിച്ചതിന്റെയും ലിസ്റ്റ് സമയാസമയങ്ങളില്‍ മേലധികാരികള്‍ (എഇഒ/ഡിഇഒ) ആവശ്യപ്പെടാറുണ്ടെങ്കിലും കുറവുള്ളത് എത്തിക്കാനോ അധികമുള്ളത് തിരിച്ചെടുക്കാനോ നടപടി ഉണ്ടാവാറില്ല. ഇതുകാരണം ആയിരക്കണക്കിന് പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ കെട്ടിക്കിടക്കുകയും ചല സൊസൈറ്റി സെക്രട്ടറിമാര്‍ ഇവയെല്ലാം ലേലം ചെയ്ത് ആക്രിക്കച്ചവടക്കാര്‍ക്ക് നല്‍കാറുമാണ് പതിവ്. പാഠപുസ്തകങ്ങള്‍ സംബന്ധിച്ച പരാതി ആരോടു പറയണമെന്നറിയാതെ സ്‌കൂള്‍ മേലധികാരികളും അധ്യാപകരും വിഷമിക്കുന്നു. പരാതി കേള്‍ക്കാനും പരിഹാരമുണ്ടാക്കുന്നതിനും സംസ്ഥാനത്ത് ആളില്ലാത്ത സ്ഥിതിയാണുള്ളത്.
ഈ അധ്യയനവര്‍ഷം ആറാം പ്രവൃത്തിദിവസത്തിനു മുമ്പ് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഏകദേശ എണ്ണം ഓണ്‍ലൈനായി അറിയിക്കാന്‍ കഴിഞ്ഞിരുന്നു. എങ്കിലും ആറാം പ്രവൃത്തിദിവസം വച്ചുള്ള ശരിയായ എണ്ണം അറിയിക്കാന്‍ ഗവണ്‍മെന്റ് നാളിതുവരെയും സംവിധാനം ഉണ്ടാക്കിയിട്ടില്ല. സൈറ്റ് തുറന്നിട്ടുപോലുമില്ല. എണ്ണം അപ്‌ഡേറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടില്ല. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ച് 20 ദിവസം പിന്നിടുമ്പോഴും പല സ്‌കൂളുകളിലും പല പാഠപുസ്തകങ്ങളും എത്തിച്ചിട്ടില്ല. കുട്ടികള്‍ക്ക് സമയത്ത് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ സ്‌കൂള്‍ മേലധികാരികള്‍ ഉത്തരം പറയണമെന്നും നടപടി ഉണ്ടാവുമെന്നും ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകള്‍ മുറയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. ആവശ്യമുള്ളത്ര പുസ്തകങ്ങള്‍ മാത്രം എത്തിക്കാനും അധികമായി എത്തുന്നത് തിരിച്ചെടുത്ത് ആവശ്യമുള്ള സ്‌കൂളുകള്‍ക്കു നല്‍കാനും സബ്ജില്ലാ തലങ്ങളില്‍ സംവിധാനമില്ലാത്തതാണ് പാഠപുസ്തക വിതരണം കുത്തഴിയാന്‍ കാരണം.
പാഠപുസ്തക വിതരണം കുറ്റമറ്റതാക്കാന്‍ ഒരു പരിഹാരനിര്‍ദേശം സൂചിപ്പിക്കുന്നു: ഓരോ വിദ്യാഭ്യാസ ഉപജില്ലകളിലെയും സ്‌കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളുടെ അവശ്യലിസ്റ്റ് (ഇന്‍ഡന്റ്) അതത് എഇഒ ഓഫിസില്‍ ശേഖരിക്കുകയും അതനുസരിച്ചുള്ള പാഠപുസ്തകങ്ങള്‍ എഇഒമാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക. എഇഒയുടെ അധീനതയില്‍ വരുന്ന സ്‌കൂളുകളിലെ ഏതെങ്കിലും ഒഴിഞ്ഞ കെട്ടിടത്തില്‍ മൂന്നു നാല് മുറികള്‍ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താം. ഇവിടെനിന്നു പുസ്തകങ്ങള്‍ ഓരോ സ്‌കൂളുകാരും ആവശ്യാനുസരണം ശേഖരിക്കാന്‍ തയ്യാറായാല്‍ സമയാസമയം പാഠപുസ്തകങ്ങള്‍ ലഭ്യമാവും. അധികമാരും കൊണ്ടുപോവുകയുമില്ല. ആവശ്യമുള്ളവര്‍ക്ക് എഇഒ ഓഫിസ് വഴി പണം നല്‍കി വാങ്ങുകയും ചെയ്യാം. പരാതി ഉണ്ടാവില്ല.
കയറ്റിറക്കലിലും വാഹനക്കൂലിയിലുമൊക്കെ കമ്മീഷന്‍ അടിച്ചെടുത്തിരുന്ന പഴയ രീതി വിട്ട് ഈ ഗവണ്‍മെന്റ് മാറിസഞ്ചരിച്ച് പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ചുരുക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക