|    Jun 22 Fri, 2018 11:23 am
FLASH NEWS

സ്‌കൂള്‍ ദിനങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രവേശനോല്‍സവ ചടങ്ങുകളുടെ സമയം കുറക്കുമെന്ന് അധികൃതര്‍

Published : 1st June 2016 | Posted By: SMR

കൊല്ലം: ജില്ലയിലെ 12 ഉപജില്ലകളുടെ കീഴിലായി നടക്കുന്ന പ്രവേശനോല്‍സവത്തോടെ ഈ വര്‍ഷത്തെ അധ്യയന കാലത്തിന് ഇന്ന് തുടക്കമാവും. എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ കടയ്ക്കല്‍ ഗവ. എച്ച്എസ്എസിലാണ് ഇത്തവണ ജില്ലാ പ്രവേശനോല്‍സവം. രാവിലെ 10ന് പ്രവേശനോല്‍സവം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയാവും.
കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ദീര്‍ഘദൂര ഘോഷയാത്രകള്‍ ഇല്ല. പ്രവേശനോല്‍സവ ചടങ്ങുകള്‍ ഏറിപ്പോയാല്‍ ഒരു മണിക്കൂര്‍ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അഞ്ചല്‍ ഉപജില്ലയുടെ പ്രവേശനോല്‍സവം അഞ്ചല്‍ ജിഎല്‍പിഎസിലും, ചടയമംഗലത്തെ കടയ്ക്കല്‍ ജിഎല്‍പിഎസിലും ചാത്തന്നീരിലെ കോട്ടപ്പുറം ജിഎല്‍പിഎസിലും നടക്കും. ചവറയിലേത് മുക്കുതോട് ജിയുപിഎസിലും കരുനാഗപ്പള്ളിയിലേത് ആദിനാട് ജിയുപിഎസിലും നടക്കും. കൊട്ടാരക്കര ഉപജില്ല കൊട്ടാരക്കര ടൗണ്‍ യുപിഎസ്, കുളക്കട ഉപജില്ല പട്ടാഴി ജിഎംഎല്‍പിഎസ, കുണ്ടറ ഉപജില്ല ഗവ എല്‍പിഎസ് മിയ്യണ്ണൂര്‍, പുനലൂര്‍ ഉപജില്ല എല്‍പിജിഎസ് പുനലൂര്‍, ശാസ്താംകോട്ട ഉപജില്ല എല്‍വിഎല്‍പിഎസ് ശാസ്താംകോട്ട, വെളിയം ഉപജില്ല ജിഎല്‍പിഎസ് ചെറിയ വെളിനല്ലൂര്‍ എന്നിങ്ങനെയാണ് മറ്റ് പ്രവേശനോല്‍സ വേദികല്‍. ഇന്ന് തന്നെ ക്ലാസ് തുടങ്ങും. വര്‍ണബലൂണുകളും മിഠായികളും പ്രവേശനകിറ്റും നല്‍കി വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ സ്‌കൂളുകള്‍ തയ്യാറെടുത്തു കഴിഞ്ഞു. പ്രവേശനോത്സവം നടക്കുന്ന സ്‌കൂളില്‍ പരമാവധി 200 മീറ്റര്‍ ദൂരം നീളുന്ന ഘോഷയാത്രയാണ് സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികളെ നിര്‍ത്തിബുദ്ധിമുട്ടിക്കുന്ന ചടങ്ങുകള്‍ ഇത്തവണയുണ്ടാകില്ല. പ്രസംഗങ്ങള്‍ ലഘുവാക്കി ഒരു മണിക്കൂറിനകം ചടങ്ങുകള്‍ അവസാനിപ്പിക്കും.
ആദ്യദിവസം തന്നെ വിദ്യാര്‍ഥികള്‍ക്ക് ടൈംടേബിള്‍ നല്‍കും. സാധാരണഗതിയില്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചവരെയാണ് കഌസ്സ്. എന്നാല്‍, ഇത്തവണ വൈകിട്ടുവരെ കഌസ്സുണ്ടാവും. ഇത്തവണ 1000 അധ്യയന മണിക്കൂര്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പാഠപുസ്തകങ്ങളും ജൂണ്‍ ആദ്യ ആഴ്ച്ച തന്നെ ലഭ്യമാക്കും. ആദ്യമായി സ്‌കൂളില്‍ എത്തുന്ന കുരുന്നുകളെ മിഠായിയും വര്‍ണബലൂണുകളുമായാണ് പതിവുപോലെ സ്വീകരിക്കുക.
പാഠപുസ്തകങ്ങള്‍, ചിത്രരചനാപുസ്തകങ്ങള്‍, കളര്‍ പെന്‍സിലുകള്‍ തുടങ്ങിയവ അടങ്ങുന്ന പ്രവേശനകിറ്റും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള കഌസുകളിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തിലെയും പട്ടിക വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ക്കും ജൂണ്‍ ഒന്നിനു യൂനിഫോം സൗജന്യമായി വിതരണം ചെയ്യും. ഓരോ കുട്ടികള്‍ക്കും രണ്ടു ജോഡി യൂനിഫോമാണ് നല്‍കുക. ഒന്നുമുതല്‍ എട്ടുവരെ കഌസ്തല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് അധ്യാപകര്‍ക്ക് ഗ്രാന്റും സ്‌കൂളുകളുടെ അറ്റകുറ്റപ്പണിക്കായി മെയിന്റനന്‍സ് ഗ്രാന്റും നല്‍കി. കഌസ്റ്റര്‍ റിസോഴ്‌സ് സെന്ററുകളുടെ സഹായത്തോടെ എല്ലാ ഉപജില്ലയിലും എല്‍പിയുപി അധ്യാപകരുടെ സംഗമവും സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss