|    Sep 23 Sun, 2018 6:11 pm
FLASH NEWS

സ്‌കൂള്‍ തുറക്കും മുമ്പേ പുസ്തകങ്ങളെത്തി

Published : 27th May 2018 | Posted By: kasim kzm

മലപ്പുറം: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്‌കങ്ങള്‍ വിതരണം ചെയ്തു. ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 50,60,000 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. മാര്‍ച്ച് 25നകം തന്നെ ജില്ലയിലെ 327 സ്‌കൂള്‍ സൊസൈറ്റികള്‍ മുഖേന 45,00,000 പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികളിലെത്തിച്ചു. ഇതിനുപുറമെ 17 എഇഒമാര്‍ ആവശ്യപ്പെട്ടതു പ്രകാരം 60,000 പുസ്തകങ്ങള്‍ അധികമായും നല്‍കി. കലക്ടറേറ്റിലെ പാഠപുസ്തക ഡിപ്പോയില്‍നിന്ന് ഇതിനകം 170 അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്.
ഈ ഇനത്തില്‍ അഞ്ച് ലക്ഷം പാഠപുസ്തകങ്ങളും അനുവദിച്ചു. ഇതിന് പുറമെ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള  ‘ആരോഗ്യ കായിക വിദ്യാഭ്യാസം’ ആക്ടിവിറ്റി ബുക്കും ഇത്തവണ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് കലക്ടറേറ്റിലെ പാഠപുസ്തക ഡിപ്പോയില്‍നിന്ന് നേരത്തെ തന്നെ നേരിട്ട് എത്തിച്ചുകൊടുക്കാനുമായി. രണ്ടാംഘട്ടത്തില്‍ ആറ് ലക്ഷം പുസ്തകങ്ങളെത്തിയിട്ടുണ്ട്. കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ കാക്കനാട്ടെ പ്രസ്സില്‍ നിന്നാണ് പാഠപുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തിയിയത്. വിതരണം ജൂണ്‍ പകുതിയോടെ പൂര്‍ത്തിയാവുമെന്ന് കെബിപിഎസ് സെയില്‍സ് ഓഫിസര്‍ ജോജി ഐസക്ക് പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം ഒന്നാംഘട്ടത്തില്‍ വളരെ നേരത്തെ തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനായി എന്നതാണ് ഇത്തവണത്തെ നേട്ടം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് ഒന്നാംഘട്ട വിതരണം പൂര്‍ത്തീകരിച്ചിരുന്നത്. ഇത്തവണ ഒരു മാസം മുമ്പ് തന്നെ ഒന്നാംഘട്ട വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കാനായതായി അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളുകളില്‍ അധ്യയനം തുടങ്ങിയിട്ടും പാഠപുസ്തകങ്ങള്‍ ലഭ്യമാവാതിരുന്നത് പഠനത്തെ സാരമായി ബാധിച്ചിരുന്നു.
ഈയൊരു അനുഭവം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൃത്യമായ ആസൂത്രണത്തിലൂടെ പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂര്‍ത്തിയാക്കി സ്‌കൂള്‍ തുറക്കും മുമ്പ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss