|    Oct 20 Sat, 2018 6:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കൂള്‍ കായികമേള: 18 ഇനങ്ങളെ ഒഴിവാക്കി

Published : 19th September 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി അനുമതി നല്‍കിയ 18 ഇനങ്ങളെ പ്രളയ പ്രതിസന്ധി കാരണം കായികമേളയില്‍ നിന്ന് ഒഴിവാക്കി. ഈ നടപടിക്കെതിരേ കായിക സംഘടനകളും കായികതാരങ്ങളും പ്രതിഷേധം അറിയിച്ചു.
18 ഗെയിമുകളിലായി 700ഓളം കായികതാരങ്ങളുടെ ഭാവിക്കു വിലങ്ങുതടിയാവുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നു പിന്‍മാറണമെന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. പ്രളയ പ്രതിസന്ധി സമയത്ത് സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ സര്‍ക്കാരിന് എതിരല്ലെന്നും എന്നാല്‍ സര്‍ക്കാര്‍ എടുക്കുന്ന വികലമായ നയങ്ങള്‍ പരിശോധിക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ദേശീയ മല്‍സരങ്ങളില്‍ വര്‍ഷങ്ങളായി സംസ്ഥാനത്തിനു വേണ്ടി മെഡലുകള്‍ നേടി വരുന്ന കായിക ഇനങ്ങളായ ബോക്‌സിങ്, ആര്‍ച്ചറി, ഷൂട്ടിങ്, സൈക്ലിങ്, വുഷു, യോഗ, നെറ്റ്‌ബോള്‍, സോഫ്റ്റ് ബോള്‍, പവര്‍ലിഫിറ്റിങ്, ടെനിക്കോയിറ്റ്, റോളര്‍ സ്‌കേറ്റിങ്, ത്രോബോള്‍, ബേസ് ബോള്‍, ടഗ് ഓഫ് വാര്‍, ഫെന്‍സിങ്, കരാത്തെ, സെപക്താക്രോ എന്നീ മല്‍സരങ്ങളാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
മാനുവല്‍ പരിഷ്‌കരണ കമ്മിറ്റിയില്‍ കായിക ഇനങ്ങളില്‍ വിദഗ്ധരല്ലാത്തവര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിനെതിരേ കായിക അധ്യാപകരുടെ സംഘടനയും അസോസിയേഷനുകള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. സ്‌കൂള്‍ കലോല്‍സവം മാറ്റിവയ്ക്കണമെന്നു തീരുമാനിച്ചിരുന്നെങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് ചെലവു ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതു പോലെ ഇതും നടത്തുകയോ അല്ലെങ്കില്‍ ഇത്തവണ നടത്തിപ്പിന്റെ ചുമതല അസോസിയേഷനുകളെ ഏല്‍പ്പിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
മല്‍സരങ്ങള്‍ നടത്തുന്നതിനുള്ള ഒഫിഷ്യല്‍സുകളുടെ സേവനങ്ങള്‍ (യാത്രാക്കൂലി, ഭക്ഷണം, താമസം) സൗജന്യമായി നല്‍കാമെന്ന് കായിക അസോസിയേഷനുകള്‍ അറിയിച്ചിട്ടും അനുകൂലമായ നടപടി ഉണ്ടായില്ല. ദേശീയതലത്തില്‍ 85 ഗെയിംസ് ഇനങ്ങളിലാണു മല്‍സരങ്ങള്‍ നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ നിന്ന് നിലവില്‍ 21 ഗെയിംസ് ഇനങ്ങളാണ് പങ്കെടുക്കുന്നത്. അതിന്റെ കൂടെ ഉള്‍പ്പെടുത്തിയ പുതിയ 18 ഇനങ്ങളെ ഒഴിവാക്കുന്നതു കാരണം മല്‍സരത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കായിക സംഘടനകള്‍ വ്യക്തമാക്കുന്നു.
അതേസമയം, സംസ്ഥാന കലോല്‍സവത്തില്‍ സ്‌റ്റേജിനങ്ങള്‍ മാത്രമായിരിക്കും നടത്തുക. സ്‌റ്റേജ് ഇതര മല്‍സരങ്ങള്‍ ജില്ലാതലത്തില്‍ ഒറ്റദിവസം നടത്തി സംസ്ഥാന തലത്തില്‍ വിധി നിര്‍ണയിച്ച് ഗ്രേഡ് നല്‍കും. സ്‌കൂള്‍ തല മല്‍സരങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 13 വരെയും സബ് ജില്ലാതല മല്‍സരങ്ങള്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്നു വരെയും ജില്ലാതല മല്‍സരങ്ങള്‍ നവംബര്‍ 12 മുതല്‍ 24 വരെയും നടത്തും. സബ് ജില്ലാമേളകള്‍ ഒറ്റദിവസം കൊണ്ടും ജില്ലാമേളകള്‍ പരമാവധി രണ്ടു ദിവസം കൊണ്ടും സംസ്ഥാനമേള മൂന്നുദിവസം കൊണ്ടും തീര്‍ക്കും.
കാഷ് അവാര്‍ഡും ട്രോഫിയും ഈ വര്‍ഷം നല്‍കുന്നതല്ല. ഗ്രേഡോട് കൂടിയ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമായിരിക്കും നല്‍കുക. കായികമേളയില്‍ ഗെയിംസ് മല്‍സരങ്ങള്‍ക്കു സോണല്‍ മല്‍സരത്തില്‍ നിന്നു വിജയിക്കുന്ന മൂന്നുവീതം വിദ്യാര്‍ഥികള്‍ക്കു ഗ്രേഡ് മാര്‍ക്ക് നല്‍കുന്നതിനുള്ള മെറിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പാദവാര്‍ഷിക പരീക്ഷകള്‍ ഈ വര്‍ഷം നടത്തേണ്ടതില്ലെന്നും എല്ലാ സ്‌കൂളുകളിലും ഒക്ടോബര്‍ 15ന് മുമ്പ് ക്ലാസ് ടെസ്റ്റുകള്‍ നടത്തേണ്ടതാണെന്നും തീരുമാനിച്ചു. അര്‍ധ വാര്‍ഷിക പരീക്ഷ മുന്‍ നിശ്ചയ പ്രകാരം ഡിസംബറിലും നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss