|    Oct 19 Fri, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സ്‌കൂള്‍ കലോല്‍സവം സമൂല മാറ്റത്തിനൊരുങ്ങുന്നു ; ഗ്രേസ്മാര്‍ക്ക് ഒഴിവാക്കണമെന്ന് ശുപാര്‍ശ

Published : 7th September 2017 | Posted By: fsq

 

എന്‍ എ ശിഹാബ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമൂല മാറ്റത്തിന് കളമൊരുക്കി കലോല്‍സവ മാന്വല്‍ പരിഷ്‌കരണത്തിന്റെ കരട് റിപോര്‍ട്ട്. കലോല്‍സവത്തില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുന്നതാണ് പ്രധാന ശുപാര്‍ശ. ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്നതിന് പകരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിനുള്ള വെയിറ്റേജ് ആയാണ് ഗ്രേസ് മാര്‍ക്ക് പരിഗണിക്കുക. നൃത്തയിനങ്ങളില്‍ മല്‍സരാര്‍ഥികളുടെ അമിത ആഡംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്കിനും നിര്‍ദേശമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അധ്യക്ഷനായ 11 അംഗ സമിതിയാണ് സര്‍ക്കാരിന് കരട് റിപോര്‍ട്ട് സമര്‍പ്പിച്ചത്. കലോല്‍സവത്തിലെ അനാരോഗ്യപ്രവണതകള്‍ക്കു തടയിടുകയാണ് മാന്വല്‍ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി ലഭിക്കുന്നത്. എ ഗ്രേഡ് ലഭിക്കാനായി മല്‍സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കൂട്ടത്തോടെ അപ്പീല്‍ സമര്‍പ്പിക്കുന്നതും പതിവാണ്. എന്നാല്‍ മാന്വല്‍ പരിഷ്‌കരണം അപ്പീല്‍ പ്രളയത്തിന് അന്ത്യം കുറിക്കും. സംഗീത, നൃത്ത മല്‍സരങ്ങള്‍ക്കുശേഷം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കും മല്‍സരാര്‍ഥികള്‍ ഉത്തരം പറയേണ്ടിവരും. ഓരോ ഇനത്തിലും പങ്കെടുക്കുന്നവരുടെ അറിവ് കൂടി കണക്കിലെടുത്താവും ഗ്രേഡ് നിശ്ചയിക്കുക. കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഒഴിവാക്കിയശേഷം വിദ്യാര്‍ഥികളെ മേളയിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകമാണ് ഗ്രേസ് മാര്‍ക്ക്. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമ്പോള്‍ എസ്എസ്എല്‍സി വിജയശതമാനം മൊത്തത്തില്‍ കുറയാനും ഇടവരുത്തും. എല്ലാ ഇനങ്ങളുടെയും നിയമാവലി പരിഷ്‌കരിക്കാനും ശുപാര്‍ശയുണ്ട്. വിവിധ മല്‍സരയിനങ്ങളുടെ നിയമാവലി പരിഷ്‌കരിക്കണമെന്ന് അധ്യാപകരും മല്‍സരാര്‍ഥികളും കാലങ്ങളായി ആവശ്യപ്പെട്ടുവരുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടക്കുന്ന സ്റ്റേജിതര മല്‍സരങ്ങളില്‍ പലതും ഒറ്റ മല്‍സരമായി നടത്തണമെന്നും ശുപാര്‍ശയുണ്ട്. മല്‍സരങ്ങളുടെ എണ്ണക്കൂടുതല്‍ കലോല്‍സവ നടത്തിപ്പില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ഈ നിര്‍ദേശം. നിലവില്‍ 232 ഇനങ്ങളിലാണ് മല്‍സരം നടക്കുന്നത്. സംഗീത മല്‍സരങ്ങള്‍ പോലുള്ളവ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്തേണ്ടതില്ലെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രിസ്മസ്, വേനലവധി കാലങ്ങളില്‍ കലോല്‍സവം നടത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്. വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. വിധികര്‍ത്താക്കള്‍ക്കെതിരേ കലോല്‍സവ വേദികളില്‍ പ്രതിഷേധമുയരുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ-സാംസ്‌കാരിക മല്‍സര പരിപാടികളില്‍നിന്നും വിലക്കണമെന്ന നിര്‍ദേശവും റിപോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു. സമിതിയുടെ ശുപാര്‍ശയില്‍ എസ്‌സിഇആര്‍ടി, വിദ്യാഭ്യാസ വകുപ്പ് എന്നിവയാണ് അന്തിമ തീരുമാനമെടുക്കുക. മാന്വല്‍ പരിഷ്‌കരണം മുന്‍നിര്‍ത്തി അധ്യാപക സംഘടനകളുമായി 13ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ വര്‍ഷത്തെ കലോല്‍സവം പരിഷ്‌കരിച്ച മാന്വലിന്റെ അടിസ്ഥാനത്തിലാവും നടക്കുക. അവസാനമായി 2008ലാണ് മാന്വല്‍ പരിഷ്‌കരിച്ചത്. മല്‍സരാര്‍ഥികളുടെ എണ്ണം 14 ആയി നിജപ്പെടുത്തുക, എഴുത്ത് മല്‍സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക തുടങ്ങിയ കാര്യങ്ങളും സമിതി പരിഗണിച്ചിരുന്നു. എന്നാല്‍ നിലവിലെ കലോല്‍സവ നിയമങ്ങളിലും മറ്റും കാതലായ മാറ്റങ്ങളുണ്ടാവില്ല. കലോല്‍സവ സംഘാടനത്തിലെ സുഗമമായ നടത്തിപ്പും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് മാന്വല്‍ പരിഷ്‌കരണം നടപ്പാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss