|    Feb 25 Sat, 2017 6:08 am
FLASH NEWS

സ്‌കൂള്‍ ഏറ്റെടുത്തത് ശുഭസൂചന

Published : 26th November 2016 | Posted By: SMR

മൂന്നു കൊല്ലക്കാലത്തെ പോരാട്ടങ്ങള്‍ക്കൊടുവില്‍ കോഴിക്കോട് നഗരത്തിലെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിയെ ആഹ്ലാദാതിരേകത്തോടെയാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രകടിപ്പിച്ച ഇച്ഛാശക്തി തീര്‍ച്ചയായും മാനിക്കപ്പെടണം. സ്‌കൂളിന്റെ നവീകരണത്തിന് ഒരു കോടി രൂപ നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ പൊതുവിദ്യാഭ്യാസത്തിന്റെ നിലനില്‍പിനു വേണ്ടിയുള്ള സംസ്ഥാനത്തിന്റെ പോരാട്ടവഴിയില്‍ സാര്‍ഥകമായ ഒരു കാല്‍വയ്പാണിത്.
എന്നാല്‍ ആവേശത്തിനിടയിലും ചില സത്യങ്ങള്‍ കാണാതിരുന്നുകൂടാ. എയുപി സ്‌കൂള്‍ ഒരു സുപ്രഭാതത്തില്‍ ജിയുപി സ്‌കൂളായി മാറി എന്നതിനപ്പുറത്തേക്ക് ഈ വിപ്ലവം മുന്നേറണമെങ്കില്‍, അതു ഭാവികാലങ്ങളിലും 60 പേര്‍ മാത്രം പഠിക്കുന്ന ഒരു സാദാ സ്‌കൂളായി നിലനിന്നാല്‍ മതിയാവില്ല. കുട്ടികള്‍ ഇല്ലാത്തതുകൊണ്ടാണ് സ്‌കൂള്‍ അനാദായകരമായത്. അനാദായകരമായതിനാലാണ് മാനേജര്‍ സ്ഥലവും കെട്ടിടവും വില്‍ക്കാന്‍ ഒരുമ്പെട്ടത്. മലാപ്പറമ്പിലും പരിസരങ്ങളിലുമുള്ള ആളുകള്‍ തങ്ങളുടെ കുട്ടികളെ അവിടെ പഠിക്കാന്‍ അയക്കാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പകിട്ടിലേക്കും പത്രാസിലേക്കും കൊണ്ടുപോയതിന്റെ ഫലമായാണ് പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനം ആസന്നമരണാവസ്ഥയില്‍ എത്തിയതെന്നതു നാം മറക്കരുത്.
സ്‌കൂള്‍ സംരക്ഷിക്കുന്നതില്‍ പ്രകടിപ്പിച്ച ഒരുമ അവിടെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഉണ്ടായാല്‍ മാത്രമേ ഇപ്പോഴത്തെ വിജയത്തിനു തുടര്‍ച്ചയുണ്ടാവുകയുള്ളൂ. സ്‌കൂള്‍ സംരക്ഷണസമിതിക്കും ജനപ്രതിനിധികള്‍ക്കും വിശ്രമിക്കാനായിട്ടില്ല. അഭിവാദ്യ പ്രകടനങ്ങളിലും മധുരപലഹാര വിതരണത്തിലും കാര്യങ്ങള്‍ അവസാനിപ്പിച്ചാല്‍ നടന്ന ദൂരം വീണ്ടും തിരിച്ചുനടക്കേണ്ടിവരുകയെന്ന ദുരനുഭവമാണ് ഉണ്ടാവുക.
32.5 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനും 5.87 കോടി രൂപ വില കൊടുത്തു വാങ്ങിയാണ് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തത്. അതായത്, സെന്റൊന്നിന് 18.5 ലക്ഷം രൂപ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നല്‍കിയതിനേക്കാള്‍ സെന്റിനു രണ്ടു ലക്ഷം രൂപ കൂടുതലാണിത്. സ്‌കൂള്‍ മാനേജര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഒട്ടും നഷ്ടം വന്നിട്ടില്ല. അതുകൊണ്ടാണ് അയാള്‍ നിയമയുദ്ധത്തില്‍ നിന്നു പിന്തിരിയുന്നത്.
സര്‍ക്കാരിന് ഇതൊരു കീഴ്‌വഴക്കമായി മാറ്റാന്‍ സാധിക്കുമോ? ഈ മാതൃക പിന്തുടര്‍ന്ന് നാട്ടിലുടനീളമുള്ള നിരവധി അനാദായകരമായ സ്‌കൂളുകള്‍ ഏറ്റെടുത്ത് പൊതു ഉടമസ്ഥതയിലേക്കു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണെങ്കില്‍ പൊതുഖജനാവിന് അതുമൂലം ഉണ്ടാവുന്ന ഭാരം കനത്തതായിരിക്കും. മലാപ്പറമ്പ് സ്‌കൂള്‍ വിഷയം അങ്ങനെ നോക്കുമ്പോള്‍ വിജയാഹ്ലാദത്തിന്റെ സൂചന മാത്രമല്ല. അതില്‍ ഒരു താക്കീതുകൂടി അടങ്ങിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല, ജനങ്ങളുടെ മൗലിക ധര്‍മം കൂടിയാണെന്ന തിരിച്ചറിവാണ് പ്രധാനം. അതുണ്ടായെങ്കില്‍ മാത്രമേ ഫലമുള്ളൂ. സര്‍ക്കാരിന്റെ കോടികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആവേശം പ്രകടിപ്പിച്ചുകൊണ്ടിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക