|    Jan 16 Mon, 2017 6:42 pm

സ്‌കൂള്‍ അറ്റന്‍ഡറുടെ വധം: പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു

Published : 16th September 2016 | Posted By: SMR

തളിപ്പറമ്പ്: കാണാതായ സ്‌കൂള്‍ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ സ്വദേശി രജീഷിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. പറശ്ശിനിക്കടവ് എയുപി സ്‌കൂള്‍ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷി(34)ന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിലാണ് പ്രതി നെല്ലിയോട്ടെ കാശിനാഥന്‍ എന്ന രാകേഷിനെ തളിപ്പറമ്പ് പോലിസ് അമ്മാനപ്പാറയിലും പാണപ്പുഴയിലുമെത്തിച്ച് തെളിവെടുത്തത്.
ഇന്നലെ രാവിലെ 11ഓടെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ചോദ്യം ചെയ്യലില്‍ രജീഷിനെ കൊല്ലാനുപയോഗിച്ച ആയുധം പാണപ്പുഴ, അമ്മാനപ്പാറ ഭാഗങ്ങളിലാണ് ഉപേക്ഷിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ തിരിച്ചിലില്‍ പാണപ്പുഴ കരിങ്കച്ചാലിലെ റബര്‍തോട്ടത്തില്‍ നിന്ന് കത്തി കണ്ടെടുത്തു. കൈവിലങ്ങണിയിച്ച് മുഖംമൂടി ധരിച്ചാണ് രാകേഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതക ശേഷം മാതമംഗലത്തെ സഹോദരിയുടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ കത്തി വലിച്ചെറിഞ്ഞത്.
നിരവധി അഭ്യൂഹങ്ങള്‍ക്കിടയാക്കിയ കൊലപാതകത്തില്‍ ടാക്‌സി ഡ്രൈവറുടെയും വാട്ടര്‍ സര്‍വീസ് സ്‌റ്റേഷന്‍ ജോലിക്കാരന്റെയും മൊഴികളാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. ബക്കളത്തെ ടാക്‌സി ഡ്രൈവറുടെ കാര്‍ വാടകയ്‌ക്കെടുത്താണ് കൃത്യം നടത്തിയത്. കാറില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചോര പുരണ്ട കാര്‍ പാപ്പിനിശ്ശേരിയിലെ ഒരു വാട്ടര്‍ സര്‍വീസ് സെന്ററില്‍ വച്ച് കഴുകിയ ശേഷമാണ് തിരിച്ചേല്‍പ്പിച്ചത്.
കാറിന്റെ സീറ്റ്കവര്‍ മാറിയത് അന്വേഷിച്ച കാറുടമയോട് യാത്രക്കിടയില്‍ അപകടത്തില്‍പെട്ട് ഒരാളെ ആശുപത്രിയിലെത്തിച്ചതിനാലാണ് ചോരപുരണ്ട കവര്‍ മാറ്റിയതാണെന്നാണു പറഞ്ഞിരുന്നത്. ആദ്യം ഇതേക്കുറിച്ച് സംശയം തോന്നിയിരുന്നില്ലെങ്കിലും സ്‌കൂള്‍ അറ്റന്‍ഡറുടെ തിരോധാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിഞ്ഞതോടെയാണ് പോലിസിനെ അറിയിച്ചത്. അന്വേഷണത്തില്‍ തുടക്കത്തില്‍ കരിമ്പം ഫാമിന് പിന്നിലെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിയില്‍ രജീഷിന്റെ ഫോണ്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ സിഗ്‌നലുകള്‍ ലഭിക്കാത്തതു തിരിച്ചടിയായി.
അതേസമയം, രജീഷിന്റെ മൊബൈല്‍ പ്രതി പലയിടങ്ങളില്‍ നിന്നായി ഉപയോഗിച്ചത് രജീഷ് മരണപ്പെട്ടെന്നു സ്ഥിരീകരിക്കുന്നതിനു തടസ്സമായി. ഇതിനിടെ, വിദേശത്തേക്കു പോയ പ്രതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, കൊല നടത്താന്‍ ഉപയോഗിച്ച കാര്‍ മൂന്നു ദിവസം മുമ്പ് തന്നെ ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് പ്രതി നാട്ടിലെത്തിയത്. വിദേശത്തുള്ള സഹോദരനാണ് ഇയാളെ നാട്ടിലേക്കയച്ചതെന്നാണു സൂചന.
ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണു പോലിസ് നല്‍കുന്ന പ്രാഥമിക സൂചന. ഇതിനു പുറമെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. ബക്കളം നെല്ലിയോട്ടെ പ്ലൈവുഡ് ഫാക്ടറിക്കു സമീപത്തെ പൊട്ടക്കിണറ്റിലേക്ക് രാകേഷിന് തനിച്ച് മൃതദേഹം എത്തിക്കാനാവില്ലെന്നാണ് പോലിസ് നിഗമനം. ആളൊഴിഞ്ഞ സ്ഥലമാണെങ്കിലും കാര്‍ നിര്‍ത്തിയിട്ട സ്ഥലത്ത് നിന്നും 100 മീറ്ററോളം ദൂരെയാണ് കിണറുള്ളത്. ഇതാണ് കൂടുതല്‍ പേര്‍ക്കു പങ്കുള്ളതായി സംശയമുയരാന്‍ കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക