|    Nov 17 Sat, 2018 2:16 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള പോരാട്ടത്തില്‍ അംഗപരിമിതി മറന്ന് ആസിം

Published : 11th March 2018 | Posted By: kasim kzm

കോഴിക്കോട്: ”കുറേ ദിവസമായി ഇതിനു പിന്നില്‍ നടക്കുന്നു. ദൂരെ പോയി പഠിക്കാന്‍ എനിക്കു പറ്റില്ല. ഈ സ്‌കൂളി ല്‍ തന്നെ പഠിക്കണം. ഞാന്‍ പഠിക്കുന്ന യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നടക്കില്ലെന്നാണു പറഞ്ഞത്. അപ്പോള്‍ എനിക്ക് വിഷമമായി”- ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വെളിമണ്ണ ഗവണ്‍മെന്റ് മാപ്പിള യുപി സ്‌കൂള്‍ വിദ്യാര്‍ഥിയും ജന്മനാ ഇരുകൈകളും ഇല്ലാത്ത, കാലുകള്‍ക്കു ശേഷിക്കുറവുള്ള മുഹമ്മദ് ആസിം സങ്കടത്തോടെ പറഞ്ഞുനിര്‍ത്തി. പക്ഷേ, ആ മുഖത്ത് പ്രതിഫലിച്ചത് ദുഃഖമായിരുന്നില്ല, തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ താനും നാട്ടുകാരും നടത്തുന്ന സമരത്തിന് പിന്തുണ തേടി മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു മുഹമ്മദ് ആസിം.
1924ല്‍ സ്ഥാപിതമായ സ്‌കൂളില്‍ 2014 വരെ എല്‍പി ക്ലാസുകള്‍ മാത്രമാണുണ്ടായിരുന്നത്. 2014ല്‍ ആസിമിന്റെ ബുദ്ധിമുട്ട് പരിഗണിച്ച് യുപി സ്‌കൂളാക്കി. അംഗപരിമിതിയുണ്ടെങ്കിലും പഠനത്തിലും മറ്റു കാര്യങ്ങളിലും ഈ കൊച്ചുമിടുക്കന്‍ വളരെ മുന്നിലാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാരം ആസിമിനെ തേടിയെത്തിയിരുന്നു. ആസിമിന്റെ വിഷമം കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അപ്ഗ്രഡേഷന്‍ ആക്്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുകയാണ്.
ഇക്കാര്യമുന്നയിച്ച് രണ്ടുതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 5ന് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ വിഷയം പഠിച്ചു വേണ്ടത് ചെയ്യാമെന്നായിരുന്നു മറുപടി നല്‍കിയത്. നടപടികള്‍ ത്വരിതപ്പെടുത്താന്‍ സ്ഥലം എംഎല്‍എ കാരാട്ട് റസാഖിനോടൊപ്പം ഇക്കഴിഞ്ഞ 5ാം തിയ്യതി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍, ഈ കൂടിക്കാഴ്ചയില്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കില്ലെന്നാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതോടെ ആസിം ആകെ വിഷമത്തിലായി. തുടര്‍ന്നാണ് ആസിം തന്റെ ആവശ്യവുമായി മാധ്യമങ്ങളുടെ മുന്നിലെത്തിയത്.
അതിനിടെ മുഖ്യമന്ത്രി ആസിമിനോട് കടക്ക് പുറത്ത് എന്നു പറഞ്ഞെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതു ശരിയല്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നല്ല സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. പിന്നീട് കുട്ടിയെ മുന്‍നിര്‍ത്തി സ്വകാര്യ മാനേജ്‌മെന്റിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും അതുകൊണ്ടാണ് കൈയൊഴിഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ്് അറിയിച്ചു എന്ന രീതിയിലും വാര്‍ത്ത വന്നു. അതും ശരിയല്ല. ഇത് ഗവണ്‍മെന്റ് സ്‌കൂളാണ്.
ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്ല. യുപിയായി ഉയര്‍ത്തിയതോടെ വന്ന അധ്യാപകരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും ആവശ്യമായ ചെലവ് പിടിഎ കമ്മിറ്റിയാണു വഹിക്കുന്നത്. ഹൈസ്‌കൂളായി ഉയര്‍ത്തിയാല്‍ ആവശ്യമായ സ്ഥലം വാങ്ങിനല്‍കാനും കെട്ടിടവും മറ്റും ഒരുക്കാനും നാട്ടുകാര്‍ തയ്യാറാണ്. 450 ഓളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം  ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് പഞ്ചായത്തും ജില്ലാ പഞ്ചായത്തും പ്രമേയം പാസാക്കിയിട്ടുണ്ട്.
പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത ആസിമിന് ദൂരെ മറ്റിടങ്ങളില്‍ സൗകര്യമൊരുക്കാമെന്ന വാഗ്ദാനം പ്രായോഗികമല്ല. മാതാപിതാക്കളുടെ സഹായത്താലാണ് സ്‌കൂളിലെത്തുന്നത്. ഈ സ്‌കൂളില്‍ തന്നെ പഠനം തുടരാനാണ് ആസിമിനും താല്‍പര്യം. തന്റെ തുടര്‍പഠനത്തിനും നാടിനും വേണ്ടി വൈകല്യങ്ങള്‍ മറന്ന് അഞ്ചുമാസമായി ആസിം രംഗത്തുണ്ട്. ഇതു പ്രത്യേക ആവശ്യമായി സര്‍ക്കാ ര്‍ പരിഗണിക്കണമെന്നും എല്ലാ സംഘടനകളും ഈ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss