|    Apr 23 Mon, 2018 3:27 am
FLASH NEWS

സ്‌കൂള്‍വിപണി സജീവം; വിലയില്‍ ഞെട്ടി രക്ഷിതാക്കള്‍

Published : 24th May 2016 | Posted By: SMR

കണ്ണൂര്‍: പണികഴിഞ്ഞ് വീട്ടിലെത്തിയാല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ മാത്രം കണ്ടും കേട്ടും നിന്ന കുടുംബനാഥന്‍ ഫലപ്രഖ്യാപനമൊക്കെ കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണം ഏതാണ്ട് തീരുമാനമായപ്പോ മക്കളുടെ സ്‌കൂള്‍ കാര്യത്തിലേക്ക് കടന്നതും ഞെട്ടിവിറച്ചു. പിള്ളേര്‍ക്ക് മൊഞ്ചും മെനയുമുള്ള കുടകളും ബാഗുകളും മഴക്കോട്ടുകളുമൊക്കെ വാങ്ങണമെങ്കില്‍ ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക മാറ്റിവെക്കേണ്ടി വരുമെന്നതാണ് ഞെട്ടലിന് കാരണം.
നഗരത്തില്‍ കുട്ടികളെയും കൂട്ടിയെത്തുന്നവരെ കാന്‍വാസ് ചെയ്യാന്‍ പലവര്‍ണത്തില്‍ കൗതുക്കാഴ്ചകളൊരുക്കി ഒരുങ്ങിയിരിക്കുകയാണ് സ്‌കൂള്‍വിപണി. ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് നല്ല തുക കൊടുക്കണം. ഇതേ ഗുണവും നിലവാരവുമുള്ള പ്രാദേശിക ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. വിലയും തുച്ഛം. എന്നാല്‍, കളര്‍ഫുള്ളാവില്ല. അതു തന്നെയാണ് രക്ഷിതാക്കളെ കുഴക്കുന്നതും. കുട്ടികള്‍ക്ക് ബഹുവര്‍ണ നിറത്തിലുള്ള കുടയും ബാഗും തന്നെ വേണം. അതിലാവട്ടെ അവരുടെ ഇഷ്ടപ്പെട്ട കുട്ടിക്കഥാപാത്രങ്ങള്‍ നിറഞ്ഞിരിക്കുന്നുമുണ്ട്.
വലിയ കുട്ടികളുടെ ബാഗുകള്‍ക്ക് രൂപ 500മുതല്‍ നല്‍കണം. കുട്ടികള്‍ ഇഷ്ടപ്പെടുന്ന വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളെല്ലാം പതിച്ചാണ് ചെറിയ കുട്ടികള്‍ക്കുള്ള ബാഗുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. വിവിധ ഫുട്‌ബോള്‍ ക്ലബുകളുടെ ലോഗോ ആലേഖനം ചെയ്ത ബാഗുകളുമുണ്ട്. ടിഫിന്‍ ബോക്‌സ് തുടങ്ങിയവയും പരമാവധി ആകര്‍ഷമാക്കിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.—സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍, ഡോറ, ബെന്‍ 10, ആംഗ്രി ബേര്‍ഡ്, ബാര്‍ബി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഇക്കുറിയും ബാഗിലും വാട്ടര്‍ബോട്ടിലിലുമൊക്കെ ഇടംപിടിച്ചിരിക്കുന്നത്. 200 പേജുള്ള വലിയ കോ—ളജ് നോട്ട് ബുക്കുകള്‍ക്ക് 30രൂപ മുതലാണ് വില.
ചെറിയ ബുക്കുകള്‍ക്കാവട്ടെ 25 രൂപ നല്‍കണം. ഇന്‍സ്ട്രുമെന്റ് ബോക്‌സിന് 75രൂപ നല്‍കണം. അതേ സമയം, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള ത്രിവേണി നോട്ട്ബുക്കിനും ശബരി നോട്ട്ബുക്കിനും വിലക്കുറവുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍ക്ക് മുന്നൂറിന് മുകളിലാണ് വില. വെള്ളം ചീറ്റുന്നതും വിസിലുള്ളതുമായ കുടകളും വില്‍പനയ്ക്കുണ്ട്.കുറഞ്ഞ വിലയുള്ള ബാഗും കുടകളുമായി ഇതര സംസ്ഥാന കച്ചവടക്കാരും വഴിയോര വിപണിയില്‍ സജീവമാണ്.—രണ്ടും മൂന്നും കുട്ടികളുള്ള ഒരു കുടുംബനാഥന്‍ സ്‌കൂള്‍വിപണിയിലിറങ്ങിയാല്‍ കീശകാലിയാകുന്നത് അറിയില്ല. ഇതു കഴിയുന്ന മുറയ്ക്ക് അടുത്ത മാസം റമദാനുമെത്തുന്നുണ്ട്. വരുന്നിടത്ത് വച്ചു കാണമെന്നതാണ് രക്ഷിതാക്കളുടെ നിലപാട്; അല്ലാതെന്ത് ചെയ്യാന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss