|    Jan 20 Fri, 2017 5:42 pm
FLASH NEWS

വിദ്യാര്‍ഥിനികളെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു; ഒമ്പതു പേര്‍ കസ്റ്റഡിയില്‍

Published : 12th December 2015 | Posted By: TK

pta-rape

പത്തനംതിട്ട: രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒന്‍പതുപേരെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കരുനാഗപ്പള്ളി, ചെറിയഴീക്കല്‍, ക്ലാപ്പന സ്വദേശികളാണ് പ്രതികള്‍. പിടിയിലായവര്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്നാണ് സൂചന.

ഒന്‍പത്, പത്ത് ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഡിസംബര്‍ നാല്, അഞ്ച് തിയ്യതികളില്‍ കരുനാഗപ്പള്ളി വള്ളിക്കാവ് ചെറിയഴീക്കലിനു സമീപം വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാലിന് രാവിലെ ഒരു പെണ്‍കുട്ടിയുടെ വീടുമായി മുന്‍പരിചയമുള്ള പ്രതികളിലൊരാള്‍ പെണ്‍കുട്ടികളെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് കടമ്പനാട്ട് നിന്ന് ഇവരെ ഓട്ടോറിക്ഷയില്‍ കയറ്റി വള്ളിക്കാവ് ചെറിയഴീക്കല്‍ ബീച്ചില്‍ കൊണ്ടുപോയി. അവിടെനിന്ന് സുഹൃത്തിന്റെ വീട്ടില്‍ പോകാമെന്നു പറഞ്ഞ് ഒരു വീട്ടിലെത്തിക്കുകയും പെണ്‍കുട്ടികളിലൊരാളെ കൈകാലുകള്‍ ഷാള്‍ കൊണ്ട് കെട്ടി നാലുപേര്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ഈ സമയം ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാഞ്ഞതിനാല്‍ ഒരു മുറിയില്‍ പൂട്ടിയിട്ടു.
സംഭവം പുറത്തുപറയരുതെന്നും കൂട്ടുകാരികളെ കൊണ്ടുവരണമെന്നും പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ തിരികെ കടമ്പനാട്ട് കൊണ്ടുവിട്ടു. പിറ്റേദിവസം പ്രതികളിലൊരാള്‍ തലേന്ന് ലോഡ്ജിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ അമ്മയെ പരിചയമുള്ള ഇയാള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുപോകാനെന്നു പറഞ്ഞ് ചെറിയഴീക്കലിലെ വീട്ടിലെത്തിച്ചശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

pta-rape.jpg2

സ്‌കൂളില്‍ പെണ്‍കുട്ടികളുടെ സംഭാഷണത്തില്‍നിന്ന് വിവരം അറിഞ്ഞ കൂട്ടുകാരി അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പത്തനംതിട്ട ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. കമ്മിറ്റി ഏനാത്ത് പോലീസില്‍ പരാതി നല്‍കി. അടൂര്‍ സി.ഐ. എം.ജി.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി പ്രതികളെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പും നടത്തി. പെണ്‍കുട്ടികളെ വൈദ്യപരിശോധന നടത്തിയശേഷം തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടികളെ സ്ത്രീകള്‍ക്കായുള്ള മന്ദിരത്തില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. പ്രതികളില്‍ ചിലരെ രക്ഷിക്കാന്‍ പോലീസിന്റെയും ഭരണനേതൃത്വത്തിന്റെയും ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 96 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക