|    Aug 20 Sun, 2017 7:05 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളുകള്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; മാനേജ്‌മെന്റുകളുടെ ഹരജി തള്ളി

Published : 24th November 2016 | Posted By: SMR

കൊച്ചി: അടച്ചുപൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മലാപ്പറമ്പിനു പുറമെ കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എയുപി,  മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എംഎംഎല്‍പി, തൃശൂര്‍ കിലാരൂര്‍ പിഎംഎല്‍പി സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്ന സ്‌കൂളുകള്‍ നിയമപരമായ നടപടികളിലൂടെ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. ഈ സ്‌കൂളുകളുടെ നടത്തിപ്പ് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടാന്‍ മാനേജര്‍മാര്‍ അനുമതി തേടി നല്‍കിയ അപേക്ഷ പൊതുവിദ്യാഭ്യാസ വകുപ്പ് തള്ളിയതോടെ ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടാനും താക്കോല്‍ എഇഒയെ ഏല്‍പ്പിക്കാനും ഉത്തരവിട്ട ഹൈക്കോടതി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു ഈ വിധി.
എന്നാല്‍ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം അടച്ചുപൂട്ടലിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ഇതുസംബന്ധിച്ച് മാനേജ്‌മെന്റുകള്‍ കോടതിയലക്ഷ്യ ഹരജികളും നല്‍കി. എന്നാല്‍, അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭയിലടക്കം നടപടികള്‍ പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
സ്‌കൂള്‍ ഏറ്റെടുത്ത നടപടി ചട്ടലംഘനമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. നിയമപരമായി അടച്ചുപൂട്ടാന്‍ അനുമതി ലഭിച്ചശേഷം ഈ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു വാദം.
എന്നാല്‍, കേരള വിദ്യാഭ്യാസ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക