|    Oct 24 Wed, 2018 11:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്‌കൂളുകള്‍ ഇന്ന് തുറക്കും; ഓണപ്പരീക്ഷ ഉടനില്ല

Published : 29th August 2018 | Posted By: kasim kzm

തൃശൂര്‍: ഓണാവധിക്കുശേഷം കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും ഇന്നു തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കുട്ടികളുടെ മനസ്സില്‍ പഠനാന്തരീക്ഷം കൊണ്ടുവരുക എന്നത് പുനരധിവാസത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ചകള്‍ പ്രവൃത്തിദിവസങ്ങളാക്കി മുടങ്ങിയ അധ്യയനം തിരിച്ചുപിടിക്കും.
സ്‌കൂള്‍ തുറക്കുന്നതിനാല്‍ ഇന്നു മുഴുവന്‍ ജനപ്രതിനിധികളും സ്‌കൂളുകളില്‍ എത്തണം. മക്കളുടെ മികച്ച വിദ്യാഭ്യാസമാണ് മുഴുവന്‍ രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. അവര്‍ക്ക് ആ ഉറപ്പു നല്‍കാന്‍ കഴിയണം. പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങളും യൂനിഫോമും നഷ്ടമായവര്‍ക്ക് അവ സൗജന്യമായി തിരിച്ചുനല്‍കും.
ക്യാംപുകളായി ഉപയോഗിച്ചതും വെള്ളം കയറി നശിച്ചതുമായ നിരവധി സ്‌കൂളുകളുണ്ട്. ഇവയ്ക്കു പകരം സംവിധാനമൊരുക്കും. സ്‌കൂളുകളിലെ കംപ്യൂട്ടറുകള്‍, പ്രൊജക്റ്ററുകള്‍ തുടങ്ങിയവ പ്രളയത്തില്‍ നശിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റിനല്‍കാന്‍ കഴിയുമോ എന്ന കാര്യം ആലോചിക്കും.
അതേസമയം, മാറ്റിവച്ച ഓണപ്പരീക്ഷ എന്നു നടത്തുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഓണപ്പരീക്ഷ ഒഴിവാക്കി ഒരു മാസത്തിനുള്ളില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടത്താനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ചില സ്‌കൂളുകള്‍ 31ന് മാത്രമേ തുറക്കൂ.
പ്രളയം കടുത്ത ദുരിതം വിതച്ച പല മേഖലകളിലും പതിനായിരക്കണക്കിന് കുട്ടികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ചുപോയിട്ടുണ്ട്. ചെങ്ങന്നൂരില്‍ മാത്രം ഇരുപത്തയ്യായിരത്തിലേറെ കുട്ടികളുടെ പുസ്തകം നശിച്ചെന്നാണ് പ്രാഥമിക കണക്ക്. പല സ്‌കൂളുകളിലെയും രേഖകള്‍ മുഴുവന്‍ നഷ്ടപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളും വെല്ലുവിളി നേരിടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss