|    Feb 25 Sat, 2017 3:48 am
FLASH NEWS

സ്‌കൂളുകള്‍ അടുത്ത വര്‍ഷത്തോടെ ഹൈടെക് ആവും: അന്‍വര്‍ സാദത്ത്

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്്: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറികളും ഐടി ലാബുകളും ഹൈടെക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് പറഞ്ഞു. ഹൈടെക്കാക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ഐടി അറ്റ് സ്‌കൂള്‍ കാസര്‍കോട് ജില്ലാ റിസോഴ്‌സ് കേന്ദ്രത്തില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഐടി കോ-ഓഡിനേറ്റര്‍മാരുടെ ശില്‍പശാലയില്‍ വീഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈടെക് വിദ്യാലയങ്ങളാക്കുന്നതിന്റെ മുന്നോടിയായി ഐടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ കംപ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പ്-പ്രൊജക്ടര്‍-ശബ്ദസംവിധാനം, നെറ്റ് വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും. എന്നാല്‍ ഇതിന് സജ്ജമാക്കുന്നവിധം ക്ലാസ് മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്റിങ്, പൊടിശല്യമില്ലാത്ത ക്ലാസ്മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേല്‍ക്കൂരകള്‍ എന്നിവ അതത് സ്‌കൂളുകള്‍ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പിടിഎ, പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹായത്തോടെ ഇത് ചെയ്യാം. മുഴുവന്‍ അധ്യാപകര്‍ക്കും കംപ്യൂട്ടറിലുള്ള അടിസ്ഥാന പരിശീലനം, എല്ലാ വിഷയങ്ങള്‍ക്കും ഐസിടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വിന്യാസം, വിഭവ പോര്‍ട്ടലുകള്‍, ഇ-ഗവേര്‍ണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം-ലേണിങ് തുടങ്ങിയ അക്കാദമിക് പ്രവര്‍ത്തനങ്ങളും ഹൈടെക് സ്‌കൂള്‍ പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കും. ആര്‍എംഎസ്എ അസി. പ്രൊജക്ട് ഓഫിസര്‍ സുബ്രഹ്മണ്യന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കുന്നതിനായുള്ള പരിശീലനം നടന്നു. ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ കോ-ഓഡിനേറ്റര്‍ കെ ശങ്കരന്‍, മാസ്റ്റര്‍ ട്രയ്‌നര്‍ എന്‍ ഇ അബ്ദുല്‍ ജമാല്‍ ക്ലാസ്സെടുത്തു.  ഡിസംബര്‍ അഞ്ചിന് മുമ്പാണ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. അതിനു മുന്നോടിയായി  സ്‌കൂള്‍തലത്തില്‍ വിശദമായ ആലോചനായോഗങ്ങള്‍ നടത്തും. ആദ്യം സജ്ജമാകുന്ന സ്‌കൂളുകളും ക്ലാസ്മുറികളാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാതല ശില്‍പശാല ഇന്ന് രാവിലെ 10ന് ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തില്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക