|    May 25 Thu, 2017 10:36 am
FLASH NEWS

സ്‌കൂളുകള്‍ക്കിടയില്‍ മാലിന്യക്കൂമ്പാരം; മാലിന്യ നിക്ഷേപ കേന്ദ്രം മാറ്റണമെന്ന ആവശ്യം ശക്തം

Published : 3rd September 2016 | Posted By: SMR

ആലത്തൂര്‍: ടൗണിലെ രണ്ട് സ്‌കൂളുകള്‍ക്ക് ഇടയിലുള്ള മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രം മാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും ഇടയിലെ പഞ്ചായത്ത് റോഡിലാണ് മാലിന്യ നിക്ഷേപ കേന്ദ്രം. നേരത്തേ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ വലിയ വേസ്റ്റ് ബിന്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ ദിവസേന ആലത്തൂര്‍ ടൗണിലെ മാലിന്യങ്ങള്‍ ട്രാക്ടറില്‍ കാട്ടുശ്ശേരി വീഴുമലയുടെ താഴ്‌വാരത്തുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടു പോകുന്ന സൗകര്യത്തിനായി എടുത്തു മാറ്റി. ഇതോടെ ഇവിടെ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നായകള്‍ കടിച്ചുകീറി റോഡില്‍ കിടക്കുന്ന സ്ഥിതിയാണ്. മാലിന്യം പഞ്ചായത്ത് വാഹനത്തില്‍ കൊണ്ടു പോയാലും ഈ പരിസരത്തെ ദുര്‍ഗന്ധം പോകാറില്ല. ഇത് കാരണം സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ വരെ ദുര്‍ഗന്ധം വരാന്‍ തുടങ്ങി. നേരത്തേ ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവിടെത്തന്നെ കത്തിക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ നിര്‍ത്തിയിരുന്നു.
സമീപത്തെ വ്യാപാരികളും വീട്ടുകാരും മാത്രമാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ മറ്റുള്ള സ്ഥലത്തെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി രാത്രി കാലങ്ങളില്‍ കാറിലും ബൈക്കിലുമെത്തി ഇവിടെ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.
മാലിന്യ നിക്ഷേപ കേന്ദ്രം ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് രണ്ട് സ്‌കൂളുകളിലേയും പിടിഎ കമ്മിറ്റികള്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്‌കൂളുകള്‍ക്ക് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സന്നദ്ധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day