|    Nov 22 Wed, 2017 6:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനാവില്ല: സുപ്രിംകോടതി

Published : 9th August 2017 | Posted By: fsq

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യഹരജി സുപ്രിംകോടതി തള്ളി. കോടതിയല്ല സ്‌കൂളുകളിലെ പാഠ്യപദ്ധതി നിശ്ചയിക്കേണ്ടതെന്നും അത് സര്‍ക്കാരും വിദഗ്ധരും ചെയ്യേണ്ട കാര്യമാണെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാരിനെ സമീപിക്കാനും ഹരജിക്കാരനോട് കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസം തീര്‍ച്ചയായും മൗലികാവകാശമാണ്. എന്നാല്‍ യോഗ മൗലികാവകാശത്തില്‍പ്പെടുന്നില്ലെന്നും കോടതി പറഞ്ഞു. എന്താണു പഠിപ്പിക്കേണ്ടതെന്നു ഞങ്ങള്‍ക്കു തീരുമാനിക്കാന്‍ കഴിയില്ല. അതു സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. കോടതി വ്യക്തമാക്കി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം, ദേശീയ കരിക്കുലം ഫ്രെയിംവര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ യോഗയെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ നിലപാട് തേടി കോടതി കഴിഞ്ഞ നവംബറില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. യോഗയെ നിര്‍ബന്ധിത മൗലികാവകാശമാക്കി ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. യോഗയെക്കുറിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നില്ലെന്നും ആരോഗ്യം, കായികവിദ്യാഭ്യാസം എന്നിവ ഒന്നുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാണെങ്കിലും യോഗയെ നിര്‍ബന്ധ മൗലികാവകാശമാക്കാന്‍ കഴിയില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം കോടതിയെ അറിയിച്ചു. യോഗ പരിശീലനം രാജ്യത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നായിരുന്നു അഭിഭാഷകരായ ജെ സി സേത്ത്, അശ്വനി കുമാര്‍ ഉപാധ്യായ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലെ ആവശ്യം. നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്, നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ എന്നിവയുടെ ടെക്സ്റ്റ് ബുക്കുകളില്‍ യോഗയെ ഉള്‍പ്പെടുത്താന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക