|    Nov 20 Mon, 2017 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള ദൗത്യത്തിന്റെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുന്ന ഹൈടെക് സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നേരത്തേ സ്‌കൂളുകളിലെ ശുചിത്വ പരിപാലനത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റെയും ഭാഗമായി നല്‍കിയ നിര്‍ദേശങ്ങള്‍ ചിലയിടങ്ങളില്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇനി മുതല്‍ സംസ്ഥാനത്തെ പ്രൈമറി-ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. സ്‌കൂളുകളിലെ ഇനിയുള്ള ആഘോഷങ്ങള്‍ക്ക് അതിഥികളെ സ്വീകരിക്കാന്‍ കുട്ടികളെ അണിനിരത്തരുത്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ബാനര്‍, കൊടിതോരണങ്ങള്‍ പാടില്ല. വെള്ളം നല്‍കുന്നതിന് പ്ലാസ്റ്റിക്-കടലാസ് ഗ്ലാസുകള്‍ ഉപയോഗിക്കരുത്. കടലാസ് ഗ്ലാസുകളില്‍ പ്ലാസ്റ്റിക് ആവരണമുള്ളതിനാലാണിത്. പകരം ചില്ലു ഗ്ലാസും സ്റ്റീല്‍ ഗ്ലാസും ഉപയോഗിക്കണം. പൊതുവേദിയില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ അതിഥികള്‍ക്ക് വിതരണം ചെയ്യരുത്. കുട്ടികളെ മുന്നിലിരുത്തി അതിഥികള്‍ക്ക് വേദിയില്‍ കരിക്ക് ഉള്‍പ്പെടെയുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും നല്‍കുന്നതിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, വെള്ളം മാത്രം കൊടുക്കുന്നതിനു വിലക്കില്ല. അതിഥികളെ സ്വീകരിക്കുമ്പോഴും സ്വാഗതം പറയുമ്പോഴും ബൊക്കെകള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞു നല്‍കരുത്. ഒരു പൂവോ പുസ്തകമോ നല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂളുകളില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. സ്‌കൂള്‍ കലാ-കായികമേളകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവയില്‍ ചില നിര്‍ദേശങ്ങള്‍ നേരത്തേ നല്‍കിയിരുന്നെങ്കിലും പൂര്‍ണമായി പാലിക്കപ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചാല്‍ സ്‌കൂളിലെ ബന്ധപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക