|    Aug 18 Sat, 2018 2:45 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രാവീണ്യമുള്ള അധ്യാപകരില്ല

Published : 23rd April 2018 | Posted By: kasim kzm

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുമ്പോഴും പല സ്‌കൂളുകളിലും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രാവീണ്യമുള്ള അധ്യാപകരില്ലെന്നു പരാതി.
വിവിധ ജില്ലകളിലായി 251 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രത്യേകം അധ്യാപകരില്ലെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഈ സ്‌കൂളുകളില്‍ കണക്കും സയന്‍സും സാമൂഹിക ശാസ്ത്രവുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെയാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത്. മലയാളം, ഹിന്ദി, അറബിക് ഭാഷകളൊക്കെ ഹൈസ്‌കൂള്‍ തലത്തില്‍ ഭാഷാ വിഷയങ്ങളാക്കി കണക്കാക്കുമെങ്കിലും ഇംഗ്ലീഷിനെ കോര്‍ സബ്ജക്റ്റായിട്ടാണ് കണക്കാക്കുന്നത്.
2002 വരെ ഇംഗ്ലീഷ് പഠിപ്പിക്കാനായി സംസ്ഥാനത്ത് ഒരിടത്തും പ്രത്യേക അധ്യാപകരെ നിയമിച്ചിരുന്നില്ല. മറ്റു വിഷയങ്ങളില്‍ ബിരുദവും ബിഎഡുമുള്ളവര്‍ കുട്ടികളെ ഇംഗ്ലീഷും പഠിപ്പിച്ചുപോരുകയായിരുന്നു. എന്നാല്‍ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് അധ്യാപന നിലവാരം വളരെ മോശമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് 2002ലാണു പ്രത്യേക അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷില്‍ ബിരുദവും ബിഎഡും ഉള്ളവരെ പ്രത്യേകം നിയമിക്കണമെന്ന് അന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അതു അഞ്ച് ഡിവിഷനുകളെങ്കിലും ഉള്ള സ്‌കൂളുകളില്‍ മാത്രമാക്കി പരിമിതപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് 251 സ്‌കൂളുകള്‍ പുറത്തായത്.
പൊതുവിദ്യാലയങ്ങള്‍ വിട്ടു സ്വകാര്യ മേഖലയിലേക്കു കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണു ഇംഗ്ലീഷ് ഭാഷാപഠനം. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് ഇപ്പോഴും പരക്കെ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് 251 സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരില്ലെന്ന കണക്കുകള്‍ കൂടി പുറത്തുവരുന്നത്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
പ്രത്യേകം അധ്യാപകര്‍ വേണമെന്നാവശ്യപ്പെട്ട് നിരവധി സ്‌കൂളുകളിലെ അധ്യാപക, രക്ഷകര്‍തൃ സമിതികളും പല കാലങ്ങളിലായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നിലവില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ ആഴ്ചയില്‍ മൂന്നു പിരിയഡുകളാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഈ സ്‌കൂളുകളിലെല്ലാം പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss