|    Oct 19 Thu, 2017 5:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സ്‌കൂളുകളില്‍ അധിക ക്ലാസ്: വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കണം: ഹൈക്കോടതി

Published : 28th October 2016 | Posted By: SMR

കൊച്ചി: വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കാതെ നിലവിലുള്ള സ്‌കൂളുകളില്‍ അധിക ക്ലാസുകള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്നതിനും ലോവര്‍, അപ്പര്‍, ഹൈസ്‌കൂള്‍ ഗ്രേഡുകള്‍ അനുവദിക്കുന്നതിനും ആവശ്യമായ നിബന്ധനകള്‍ ഒന്നോ രണ്ടോ ക്ലാസുകള്‍ അനുവദിക്കുന്ന കാര്യത്തിലും ബാധകമാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കൊല്ലം എടവട്ടത്തെ കോട്ടാത്തല സുരേന്ദ്രന്‍ മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയിന്‍മേല്‍ ആറ്, ഏഴ് ക്ലാസുകള്‍ അനുവദിക്കാനുള്ള സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും പൊതുവിദ്യാഭ്യാസ ഡയറക്ടറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും നല്‍കിയ അപ്പീല്‍ ഹരജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്.
1982 മുതല്‍ പ്രവര്‍ത്തിക്കുന്ന കോട്ടാത്തല സ്‌കൂളില്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളാണ് നിലവിലുള്ളത്. തൊട്ടടുത്തുതന്നെ അഞ്ച് വരെ ക്ലാസുകള്‍ ഉള്ള സ്‌കൂളുമുണ്ട്. ഈ സാഹചര്യത്തില്‍ ആറ്, ഏഴ് ക്ലാസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും തള്ളി. ഇതിനെതിരേ സ്‌കൂള്‍ അധികൃതര്‍ കോടതിയെ സമീപിച്ചു. അപ്ഗ്രഡേഷനു വേണ്ടിയല്ല, നിലവിലെ സ്‌കൂളില്‍ രണ്ടു ക്ലാസുകള്‍ കൂടി അനുവദിക്കണമെന്ന അപേക്ഷയാണ് ഇതെന്നും അപേക്ഷ പരിഗണിച്ച് അനുമതി നല്‍കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു.
എന്നാല്‍, ഈ ഉത്തരവ് നിയമവിരുദ്ധവും തെറ്റുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ ഹരജി നല്‍കിയത്. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യകതയെന്ന പ്രധാന ഘടകം വിസ്മരിച്ചാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായതതെന്ന സര്‍ക്കാര്‍വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. എന്നാല്‍, ഗ്രേഡ് വര്‍ധനയ്‌ക്കോ അധിക ക്ലാസുകള്‍ അനുവദിക്കാനോ പുതിയ അപേക്ഷകള്‍ നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഈ വിധി തടസ്സമാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക