|    Aug 21 Tue, 2018 11:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്‌കൂളുകളിലെ അമിത ഫീസ്; സര്‍ക്കാരിന് ഇടപെടാമെന്ന് ഹൈക്കോടതി

Published : 7th August 2018 | Posted By: kasim kzm

കൊച്ചി: സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നതു സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സ്‌കൂളുകള്‍ക്കെതിരേ എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാരിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം ചേപ്പനത്തെ ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറും അഞ്ച് രക്ഷിതാക്കളും നല്‍കിയ ഹരജികള്‍ പരിഗണിച്ച സിംഗിള്‍ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുന്ന സര്‍ക്കാരിന് ഫീസ് നിയന്ത്രിക്കാനുള്ള അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന സൗകര്യം, സേവനം എന്നിവയോട് യോജിക്കാത്ത തരത്തിലാണ് ഫീസ് ഈടാക്കുന്നതെങ്കില്‍ അത്തരം സ്‌കൂളുകള്‍ ലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്നും കോടതി പറഞ്ഞു. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ നിലവില്‍ സംവിധാനമില്ല.
വിദ്യാദാനത്തെ കാരുണ്യ പ്രവര്‍ത്തനമായി കാണണം. വിദ്യാലയത്തിന്റെ പുരോഗതി ഒഴികെയുള്ള ലാഭേച്ഛ പാടില്ല. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഹരജിയിലെ തര്‍ക്കം ഉണ്ടാവുമായിരുന്നില്ല. സര്‍ക്കാരിന്റെ നോട്ടപ്പിഴവു നിമിത്തം ഭാവിയിലും ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഫീസ് ഘടന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാരാണ് ഉണ്ടാക്കേണ്ടത്. വിദ്യാലയങ്ങള്‍ എത്ര തുക ഫീസ് ഈടാക്കണമെന്ന് പറയാന്‍ കോടതിക്ക് കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഓരോ സ്‌കൂളും ഈടാക്കുന്ന ഫീസ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിക്കാന്‍ ഹരജിയില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ത്ത് വിശദീകരണം തേടിയ സിംഗിള്‍ ബെഞ്ച് ഹരജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ശ്രീശ്രീ രവിശങ്കര്‍ വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവ് പൂച്ചാക്കല്‍ സ്വദേശി പി അനില്‍ കുമാര്‍ ഉള്‍പ്പെടെ അഞ്ചു രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും നല്‍കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റിനെയും രക്ഷിതാക്കളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ വീണ്ടും പ്രവേശനം നല്‍കാന്‍ ഇടക്കാല ഉത്തരവും നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss