|    Nov 17 Sat, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്‌കൂളുകളിലെ അനധികൃത വ്യാപാരം ഉത്തരവ് അംഗീകരിക്കാതെ സിബിഎസ്ഇ മാനേജ്‌മെന്റുകള്‍

Published : 17th May 2018 | Posted By: kasim kzm

സി എ  സജീവന്‍

തൊടുപുഴ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനധികൃത വ്യാപാരം നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാതെ സിബിഎസ്ഇ മാനേജ്‌മെന്റുകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കാണ്. എന്നാ ല്‍, ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടായില്ല. അതിനാല്‍, സിബിഎസ്ഇ സ്‌കൂളുകളില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന വിലയ്ക്കു പാഠപുസ്തകങ്ങളും യൂനിഫോം അടക്കമുള്ള സാമഗ്രികളും വന്‍തോതില്‍ വിറ്റഴിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍.
കഴിഞ്ഞ മാസം അവസാനവും ഈ മാസം ആദ്യവുമായാണ് സിബിഎസ്ഇ സ്‌കൂളുകളില്‍ കച്ചവടം ആരംഭിച്ചത്. ഇപ്പോഴും അത് നിര്‍ബാധം തുടരുന്നു. കെജി ക്ലാസുകള്‍ മുതല്‍ പാഠപുസ്തകങ്ങളും യൂനിഫോമുകളും ഉള്‍പ്പെടെയുള്ള വയുടെ കച്ചവടമാണ് നടക്കുന്നത്. മാത്രമല്ല, യൂനിഫോമിന്റെ തയ്യല്‍ജോലികള്‍ പോലും ‘ക്വട്ടേഷന്‍’ കൊടുത്തിരിക്കുകയാണ്. പഠനസാമഗ്രികളുടെയെല്ലാം വിതരണത്തിന്റെ അടിസ്ഥാനം മാനേജ്‌മെന്റിനു ലഭിക്കുന്ന കമ്മീഷന്‍ മാത്രമാണെന്നാണ് ആക്ഷേപം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് യൂനിഫോമിനും പാഠപുസ്തകങ്ങള്‍ക്കുമായി 5,000 രൂപ വരെ വാങ്ങുന്ന സ്‌കൂളുകള്‍ ഏറെയാണ്.
നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിലൊന്നും യാതൊരു നിയന്ത്രണവുമില്ലെന്നതാണ് സ്ഥിതി. സ്‌കൂള്‍ അധികൃതരുടെ അപ്രീതിക്കു പാത്രമാവുമോയെന്ന പേടി മൂലം മാതാപിതാക്കളും ഈ കൊള്ളയെ അംഗീകരിക്കുന്ന നിലയാണ്. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കു പുറമേ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നിലപാട് എടുത്തത്. ഇതു സംബന്ധിച്ച ഡിപിഐയുടെ ഉത്തരവ് മാസങ്ങള്‍ക്കു മുമ്പുതന്നെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും സ്‌കൂളുകളിലും എത്തിയിരുന്നു.
ഭൂരിപക്ഷം എയ്ഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളിലും പിടിഎയുടെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പഠനസാമഗ്രികളും മറ്റും വിതരണം ചെയ്യുന്നത്. ഈ ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇത്തരം സ്‌കൂളുകള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകളോ നിയമങ്ങളോ ഒന്നും ബാധകമല്ലെന്ന ധാര്‍ഷ്ട്യത്തിലാണ് സിബിഎസ്ഇ മാനേജ്‌മെ ന്റുകള്‍.
സര്‍ക്കാര്‍ എയ്ഡഡ്-അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളില്‍ യാതൊരുവിധ നിയമവിരുദ്ധ കച്ചവടവും നടത്താ ന്‍ പാടില്ലെന്നു ഡിപിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ സ്റ്റോറുകളില്‍ നിന്നു കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിച്ച് സാധനസാമഗ്രികള്‍ വാങ്ങിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവ് നിഷ്‌കര്‍ഷിച്ചിരുന്നു.
അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളില്‍ നടക്കുന്ന നിയമവിരുദ്ധ വ്യാപാരത്തെക്കുറിച്ച് വ്യാപക പരാതികള്‍ നേരത്തെത്തന്നെ ഉയര്‍ന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടക്കുമ്പോഴും യാതൊരുവിധ നികുതിയും സര്‍ക്കാരിനു ലഭിക്കുന്നില്ല. കൃത്യമായ ബില്ലുകളോ രശീതികളോ പോലും നല്‍കാതെയാണ് ഭൂരിപക്ഷം സ്‌കൂളുകളിലും കച്ചവടം നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss