|    Nov 19 Sun, 2017 7:57 pm
FLASH NEWS

സ്‌കൂളില്‍ നിന്നുള്ള എസ്എംഎസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു; വിദ്യാര്‍ഥിക്ക് പ്രാകൃത ശിക്ഷ

Published : 26th November 2016 | Posted By: SMR

കൊല്ലം: സ്‌കൂളില്‍ നിന്നും രക്ഷകര്‍ത്താവിന് അയച്ച എസ്എംഎസ് വിദ്യാര്‍ഥി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പതിനേഴുകാരന്  സ്‌കൂള്‍ മാനേജറുടെ പ്രതികാര നടപടി. വിദ്യാര്‍ഥിയെ പ്രാകൃത ശിക്ഷയ്ക്കു വിധേയമാക്കി. സ്‌കൂളില്‍ നിന്ന് അമ്മയ്ക്ക് അയച്ച എസ്എംഎസ് സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് പ്രതികാര നടപടി. മുട്ടുവളയാതെ വിദ്യാര്‍ഥിയെ കുനിച്ചു നിര്‍ത്തിയതായാണ് പരാതി. വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ചെന്നും പരാതിയില്‍ പറയുന്നു.കൊല്ലം പാരിപ്പള്ളി ഏഴിപ്പുറം എച്ച്എസ്എസിലാണ് സംഭവം. പാരിപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥി രണ്ടു ദിവസം സ്‌കൂളില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷകര്‍ത്താവിന് കുട്ടി സ്‌കൂളില്‍ ഹാജരായില്ലെന്ന് കാണിച്ച് എസ്എംഎസ് അയച്ചിരുന്നു. ഈ മെസേജ് വിദ്യാര്‍ഥി  സ്‌ക്രീന്‍ ഷോട്ടെടുത്ത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രാകൃതശിക്ഷ നടപ്പാക്കിയെന്നാണ് പരാതി.ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മാനേജര്‍ വിദ്യാര്‍ഥിയെ സ്റ്റാഫ് റൂമില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. നീ തീവ്രവാദിയാണോ എന്നായിരുന്നു ചോദ്യം. നീ ചെയ്തത് സൈബര്‍ കുറ്റകൃത്യമാണെന്നും ആരോപിച്ചു. തുടര്‍ന്ന് മുട്ടുവളയാതെ കുനിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അരമണിക്കൂറോളം ഇത്തരത്തില്‍ നിര്‍ത്തിയെന്നും മാതാവ് പാരിപ്പള്ളി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ടിസി വാങ്ങി പോകാന്‍ മാനേജര്‍ ആവശ്യപ്പെട്ടു. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചത് കുട്ടിക്ക് മാനസിക വിഷമത്തിന് ഇടയാക്കിയെന്നും പോലിസിനും ചൈല്‍ഡ് ലൈനിനും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും റിപോര്‍ട്ട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പാരിപ്പള്ളി പോലിസിന് കൈമാറിയിട്ടുണ്ട്. കൂടാതെ കുട്ടിക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം, സംഭവം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടി സ്‌കൂളില്‍ വരാതിരുന്നപ്പോള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക